Latest News

അഖിലേന്ത്യാനേതാക്കളെത്തി; മഹിളാ സമ്മേളനത്തിന് പതാക ഉയര്‍ന്നു

കാഞ്ഞങ്ങാട്:[www.malabarflash.com]  അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ പതിനൊന്നാം സംസ്ഥാന സമ്മേളന നഗരിയില്‍ ശുഭ്ര പതാക ഉയര്‍ന്നു. ബുധനാഴ്ച ആരംഭിക്കുന്ന സമ്മേളനത്തിന് മുന്നോടിയായി പൊതുസമ്മേളനം ചേരുന്ന ശ്യാമിലി ഗുപ്ത നഗറില്‍ (കാഞ്ഞങ്ങാട് ടൌണ്‍ഹാള്‍ പരിസരം) സംഘാടക സമിതി ചെയര്‍മാന്‍ പി കരുണാകരന്‍ എംപി പതാക ഉയര്‍ത്തി. 

സംഘടനയുടെ ആദ്യ അഖിലേന്ത്യാ പ്രസിഡന്റ് സുശീലാ ഗോപാലന്റെയും പൈവളിഗെ രക്തസാക്ഷികളുടെയും സ്മൃതി മണ്ഡപങ്ങളില്‍നിന്നുമാണ് പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാകയും കൊടിമരവും എത്തിച്ചത്.

കൊടി–കൊടിമര– ദീപശിഖാ ജാഥകള്‍ ചൊവ്വാഴ്ച വൈകിട്ട് കാഞ്ഞങ്ങാട്ട്് സംഗമിച്ചപ്പോള്‍ ആവേശം അണപൊട്ടി. സ്ത്രീ ശക്തി ഇരമ്പിയാര്‍ത്ത് നഗരവീഥിയിലൂടെ ഒഴുകിയപ്പോള്‍ കാഞ്ഞങ്ങാട് അക്ഷരാര്‍ഥത്തില്‍ പ്രകമ്പനംകൊണ്ടു. വാദ്യമേളങ്ങളുടെയും മുദ്രാവാക്യം വിളികളുടെയും ആരവങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ മഹിളാ അസോസിയേഷന്‍ തൂവെള്ളക്കൊടി വാനിലുയര്‍ന്നു.

പ്രതിനിധി സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തില്‍നിന്നും കൊടിമരം മഹിളാപ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിലൊരാളായ കരിവെള്ളൂരിലെ ദേവയാനിയുടെ സ്മൃതി മണ്ഡപത്തില്‍നിന്നുമാണ് കൊണ്ടുവന്നത്. സമ്മേളന നഗരിയില്‍ തെളിക്കാനുള്ള ദീപശിഖ മടിക്കൈയിലെ കര്‍ഷക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രവര്‍ത്തക കാരിച്ചിയമ്മയുടെ സ്മൃതിമണ്ഡപത്തില്‍നിന്നും എത്തിച്ചു.ചടങ്ങില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ കേന്ദ്രനേതാക്കളായ പികെ ശ്രീമതി എംപി, സുധാ സുന്ദര്‍രാമന്‍ എന്നിവര്‍ പങ്കെടുത്തു.

പ്രതിനിധി സമ്മേളനം ബുധനാഴ്ച രാവിലെ പത്തിന് എം ജയലക്ഷ്മി നഗറില്‍ (കാഞ്ഞങ്ങാട് ആകാശ് ഓഡിറ്റോറിയം) സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ സുഭാഷിണി അലി ഉദ്ഘാടനംചെയ്യും. സംസ്ഥാനത്തെ 48,71,120 അംഗങ്ങളെ പ്രതിനിധീകരിച്ച് 600 പ്രതിനിധികള്‍ പങ്കെടുക്കും. 

വൈകിട്ട് അഞ്ചിന് സാംസ്കാരിക സായാഹ്നം എം മുകുന്ദന്‍ ഉദ്ഘാടനംചെയ്യും. ദേവയാനിയുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരം വിപ്ളവഗായിക പി കെ മേദിനിക്ക് മുകുന്ദന്‍ സമ്മാനിക്കും. മൂന്നിന് വൈകിട്ട് അഞ്ചിന് കലാസന്ധ്യ മന്ത്രി കെ കെ ശൈലജ ഉദ്ഘാടനംചെയ്യും. നാലിന് പകല്‍ നാലിന് രണ്ടായിരത്തോളം വൈറ്റ് വളണ്ടിയര്‍മാരുടെ അകമ്പടിയോടെ കാല്‍ലക്ഷം സ്ത്രീകള്‍ അണിനിരക്കുന്ന പ്രകടനം. പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.