Latest News

കാസര്‍കോട് മജിസ്‌ട്രേട്ടിനു സസ്‌പെന്‍ഷന്‍

കാസര്‍കോട്:[www.malabarflash.com] കാസര്‍കോട് ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് വി.കെ.ഉണ്ണിക്കൃഷ്ണനെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. കര്‍ണാടകയിലെ സുള്ള്യയില്‍ പോലീസുകാരനെയും ഓട്ടോറിക്ഷാ ഡ്രൈവറെയും മര്‍ദിച്ച സംഭവത്തില്‍ വി.കെ.ഉണ്ണിക്കൃഷ്ണന് എതിരെ കര്‍ണാടക പോലീസ് കഴിഞ്ഞദിവസം കേസെടുത്തിരുന്നു. 

ഇതിനെത്തുടര്‍ന്നാണ് ഹൈക്കോടതി ഭരണവിഭാഗം മജിസ്‌ട്രേട്ടിനെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ നടപടികള്‍ക്കായി സുള്ള്യ പോലീസ് കേരള ഹൈക്കോടതിയുടെ അനുമതി തേടിയിട്ടുണ്ട്. ഇതിനായി കേരള ഹൈക്കോടതിക്കും കാസര്‍കോട് ജില്ലാ കോടതിക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ആവശ്യമെങ്കില്‍ സംഭവങ്ങളുടെ വിഡിയോ ദൃശ്യങ്ങളും കോടതികള്‍ക്ക് കൈമാറുമെന്ന് സുള്ള്യ പോലീസ് അറിയിച്ചു.
ഇതിനിടെ, മജിസ്‌ട്രേട്ട് മുന്‍കൂര്‍ അനുമതി തേടാതെയാണു സംസ്ഥാനം വിട്ടതെന്ന് അറിയിച്ച് ജില്ലാ ജഡ്ജി കെ.മനോഹര്‍ കിണി ഹൈക്കോടതി റജിസ്ട്രാര്‍ക്കു റിപ്പോര്‍ട്ട് നല്‍കി. ഇദ്ദേഹം അമിതമായി മദ്യപിച്ചിരുന്നതായി സുള്ള്യ പോലീസ് റജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. സംഭവത്തില്‍ രണ്ടു കേസുകളാണ് സുള്ള്യ പോലീസ് ഉണ്ണിക്കൃഷ്ണനെതിരെ റജിസ്റ്റര്‍ ചെയ്തത്. 

ഓട്ടോ ഡ്രൈവര്‍ അബൂബക്കറിനെ തടഞ്ഞുവച്ച് അസഭ്യം പറഞ്ഞ ശേഷം മര്‍ദിച്ചതായാണ് ഒന്നാമത്തെ കേസ്. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ സുള്ള്യ സ്‌റ്റേഷനിലെ പോലീസ് കോണ്‍സ്റ്റബിള്‍ സുചിനെ ഭീഷണിപ്പെടുത്തിയ ശേഷം മര്‍ദിച്ചെന്നും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നും രണ്ടാമത്തെ കേസില്‍ പറയുന്നു.
മദ്യലഹരിയില്‍ ഓട്ടോറിക്ഷയില്‍ കയറിയ മജിസ്‌ട്രേട്ട്, ഡ്രൈവറുടെ നേരെ തട്ടിക്കയറുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സുള്ള്യ പോലീസ് സംഘത്തിനു നേരെ ഇദ്ദേഹം തിരിയുകയായിരുന്നു. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഇദ്ദേഹം സഹകരിച്ചില്ലെന്നും തുടര്‍ന്നു ബലം പ്രയോഗിച്ചു നിയമനടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. 

കഴിഞ്ഞ ആറിന് ഉച്ചയ്ക്കു 12.30ന് സുള്ള്യ ടൗണിലാണു സംഭവം നടന്നത്.
കാസര്‍കോട്ടുനിന്നു സുഹൃത്തുക്കളായ മൂന്ന് അഭിഭാഷകര്‍ക്കൊപ്പം സുള്ള്യയില്‍ എത്തിയതായിരുന്നു മജിസ്‌ട്രേട്ട്. ഡ്യൂട്ടിയിലുള്ള മജിസ്‌ട്രേട്ട് ഉദ്യോഗപരിധിയിലുള്ള പ്രദേശത്തുനിന്നു പുറത്തുപോകുന്നതിനു മുന്‍പ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിന്റെ അനുമതി വാങ്ങണമെന്നാണു ചട്ടം. സംസ്ഥാനത്തിന്റെ അതിര്‍ത്തി കടന്നു പോകണമെങ്കില്‍ ഹൈക്കോടതിയുടെ അനുമതിയും തേടേണ്ടതുണ്ട്. 

എന്നാല്‍ ഇതിനുള്ള അപേക്ഷകളൊന്നും വി.കെ.ഉണ്ണിക്കൃഷ്ണന്‍ സമര്‍പ്പിച്ചിട്ടില്ലെന്നാണ് ജില്ലാ ജഡ്ജി നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്. എന്നാല്‍ സുള്ള്യയില്‍ വച്ചു പോലീസുകാര്‍ തന്നെ മര്‍ദിക്കുകയായിരുന്നുവെന്നും ശീതളപാനീയത്തില്‍ മദ്യം ഒഴിച്ചു ബലമായി കുടിപ്പിച്ചെന്നും ഉണ്ണിക്കൃഷ്ണന്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.



Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.