Latest News

ഗൾഫിൽനിന്നു മടങ്ങിയെത്തുന്നവർക്കു തൊഴിൽ കണ്ടെത്താൻ 20 ലക്ഷം രൂപയുടെ വായ്പാ പദ്ധതി

തിരുവനന്തപുരം:[www.malabarflash.com] ഗൾഫ് രാജ്യങ്ങളിൽനിന്നു തൊഴിൽ നഷ്‌ടപ്പെട്ടു മടങ്ങിയെത്തുന്ന മലയാളികൾക്കു കാർഷിക, ഉത്പാദന, വാണിജ്യ മേഖലകളിൽ സ്വയംതൊഴിൽ കണ്ടെത്തുന്നതിനും വ്യവസായ സ്‌ഥാപനങ്ങൾ തുടങ്ങുന്നതിനുമായി 20 ലക്ഷം രൂപ വരെ വായ്പ നൽകുന്ന പദ്ധതി നോർക്ക വകുപ്പിന്റെ സഹായത്തോടെ സർക്കാർ നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. 

ഗൾഫിൽനിന്നു തൊഴിൽ നഷ്‌ടമായി മടങ്ങിയെത്തുന്നവരുടെ പ്രശ്നങ്ങൾ വ്യക്‌തമാക്കി പി.കെ. കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

സാന്ത്വനം പദ്ധതിപ്രകാരം പ്രവാസികളുടെ സഹകരണ സംഘങ്ങളെ പ്രോത്സാഹിപ്പിക്കും. പ്രവാസി മലയാളികളുടെ പുനരധിവാസ പദ്ധതി നടപ്പാക്കാൻ കേന്ദ്രസർക്കാരിനോടു വീണ്ടും സഹായം തേടും. മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസവുമായി ബന്ധപ്പെട്ടു യുഎൻഡിപിയുടെ സെന്റർ ഫോർ ഡവലപ്മെന്റ് സ്റ്റഡീസ് നടത്തിയ പഠനത്തിൽ വിദേശ മലയാളികളിൽ വലിയ പങ്കു മടങ്ങിയെത്തുന്നതായും ഇവർക്കായി പുനരധിവാസ പദ്ധതികൾ നടപ്പാക്കണമെന്നും നിർദേശിച്ചിരുന്നു. 

നടപ്പുവർഷം പ്രവാസി ക്ഷേമത്തിനായി 28 കോടി രൂപയാണു നീക്കിവച്ചത്. പുനരധിവാസ പദ്ധതികൾ നടപ്പാക്കാൻ 12 കോടി രൂപയും നീക്കിവച്ചിരുന്നു.ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തിക മാന്ദ്യവും സൗദിയിൽ നടപ്പാക്കുന്ന നിതാഖത് നിയമവും മൂലം ആയിരക്കണക്കിനു മലയാളികൾക്കു തൊഴിൽ നഷ്‌ടമായി തിരിച്ചുവരാൻ ഇടയാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു.

അന്യസംസ്‌ഥാന തൊഴിലാളികൾ കേരളത്തിൽ വന്നു ജോലി ചെയ്തു വാങ്ങുന്നതിന്റെ പകുതി ശമ്പളമാണു ഗൾഫിലെ പല സ്‌ഥലങ്ങളിലും ജോലി നോക്കുന്ന മലയാളികൾക്കു ലഭിക്കുന്നതെന്നു ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിച്ച പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഏതാനും വർഷങ്ങൾക്കുള്ളിൽ ഗൾഫ് ബൂം അവസാനിക്കും. ഏതു തൊഴിൽ ചെയ്യുന്നതിനും ആവശ്യമായ ഒരു വൈറ്റ് കോളർ സംസ്കാരം കേരളത്തിൽ ഉയർന്നു വരേണ്ടതുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.