Latest News

കായികമേളയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ മറന്നു

മഞ്ചേശ്വരം:[www.malabarflash.com] കായിക മേളയ്‌ക്കെത്തിയ ഒന്നാം ക്ലാസ്‌ വിദ്യാര്‍ത്ഥിയെ കൂട്ടാതെ ബസ്‌ പോയി. നേരം ഇരുട്ടിയിട്ടും തന്നെ കൂട്ടാന്‍ ആരും വരാത്തതിനെ തുടര്‍ന്ന്‌ കിലോമീറ്ററുകളോളം ഒറ്റയ്‌ക്കു നടന്നു ക്ഷീണിതനായ വിദ്യാര്‍ത്ഥിയെ നാട്ടുകാരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന്‌ രക്ഷിതാക്കളെ ഏല്‍പ്പിച്ചു. 

ബുധനാഴ്ച വൈകുന്നേരമാണ്‌ സംഭവം. മഞ്ചേശ്വരം, ചൗക്കിയില്‍ നടന്ന കായികമേളയില്‍ പങ്കെടുക്കാനെത്തിയ കയ്യാറിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ പെര്‍മുദെ, പുട്ടമനയിലെ നവീന്‍ ആണ്‌ കായിക മേള നടന്ന സ്‌കൂളില്‍ ഒറ്റപ്പെട്ടുപോയത്‌. 

രാവിലെ സ്‌കൂള്‍ ബസിലാണ്‌ കുട്ടി കായികമേളയില്‍ പങ്കെടുക്കാന്‍ എത്തിയത്‌. വൈകുന്നേരം ബസ്‌ തിരികെ പോകുമ്പോള്‍ കുട്ടിയെ മറന്നു പോയതായിരുന്നു.നേരം ഇരുട്ടിയിട്ടും ആരും തന്നെ കൂട്ടിക്കൊണ്ടുപോകാന്‍ എത്താത്തതിനെ തുടര്‍ന്ന്‌ നവീന്‍ ബാഗും തൂക്കി ദേശീയ പാതയിലൂടെ ഒറ്റയ്‌ക്കു നടന്നു ഉപ്പള ടൗണില്‍ എത്തുകയായിരുന്നു.
ക്ഷീണം കൊണ്ട്‌ പിന്നീട്‌ ഒരടി പോലും നടക്കാന്‍ കഴിയാതെ ക്ഷീണിതനായ നവീന്‍ റോഡരുകില്‍ അവശനായി നില്‍ക്കുകയായിരുന്നു. കൂടെ മുതിര്‍ന്നവര്‍ ആരുമില്ലാതെ, ഒറ്റയ്‌ക്കു നില്‍ക്കുകയായിരുന്ന കുട്ടിയോട്‌ നാട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ്‌ സംഭവം പുറത്തായത്‌. വീട്ടിലെ ഫോണ്‍ നമ്പറും മറ്റും ചോദിച്ചപ്പോള്‍ മറുപടി പറയാന്‍ കുട്ടിക്കു കഴിഞ്ഞില്ല. 

ഒടുവില്‍ കുട്ടിയുടെ ബാഗില്‍ നിന്നു ഡയറിയെടുത്ത്‌ പരിശോധിച്ചപ്പോഴാണ്‌ വീട്ടിലെ ഫോണ്‍ നമ്പര്‍ ലഭിച്ചത്‌. ഉടന്‍ തന്നെ ഫോണ്‍ ചെയ്‌ത്‌ അറിയിച്ചു. ആ സമയത്ത്‌ കുട്ടി തിരിച്ചെത്താത്തതിന്റെ പരിഭ്രാന്തിയിലായിരുന്നു വീട്ടുകാര്‍. വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ വീട്ടുകാര്‍ വാഹനവുമായെത്തി. തൊട്ടുപിന്നാലെ തന്നെ സ്‌കൂള്‍ അധികൃതരും സ്ഥലത്തെത്തി. അശ്രദ്ധകൊണ്ട്‌ സംഭവിച്ച തെറ്റാണെന്നും മാപ്പാക്കണമെന്നും സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതോടെ സംഭവം ഒത്തു തീര്‍പ്പാക്കുകയായിരുന്നു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.