Latest News

കുമ്പള റഹ്മാനിയ്യ ബുക്ക് സ്റ്റാള്‍ ഉടമ അബ്ദുല്‍ റഹ്മാന്‍ ഹാജി നിര്യാതനായി

കുമ്പള:[www.malabarflash.com] കുമ്പള റഹ്മാനിയ്യ ബുക്ക് സ്റ്റാള്‍ ഉടമയും സുന്നി സംഘടനകളുടെയും സ്ഥാപനങ്ങളുടെയും പ്രധാന സാരഥിയുമായ റഹാമാനിയ്യ അബ്ദുല്‍ റഹ്മാന്‍ ഹാജി (68)നിര്യാതനായി.

ഉപ്പള എം.ടി.സി ഹജ്ജ് ഗ്രൂപ്പ് ചീഫ് അമീറും മുഹിമ്മാത്ത് ഉപാധ്യക്ഷനുമായ സി.അബ്ദുല്ല മുസ്ലിയാരുടെ സഹോദരനാണ്.
സുന്നി മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ ഉപാധ്യക്ഷന്‍, കേരള മുസ്‌ലിം ജമാഅത്ത് കുമ്പള സര്‍ക്കിള്‍ പ്രസിഡന്റ്, മൈമൂന്‍ നഗര്‍ മഹല്ല് ട്രഷറര്‍ തുടങ്ങി നിരവധി സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു. മര്‍കസ്, സഅദിയ്യ മുഹിമ്മാത്ത്, മള്ഹര്‍ തുടങ്ങിയ സ്ഥാപനങ്ങളുടെ അടുത്ത സഹകാരിയാണ്.
1970 ല്‍ റഹമാനിയ്യ ഹാജി തുടങ്ങിയ റഹ്മാനിയ്യ ബുക്ക് സ്റ്റാള്‍ കുമ്പളയിലെ ആദ്യകാല വ്യാപാര സ്ഥാപനങ്ങളിലൊന്നാണ്. നിരവധി ആനുകാലികങ്ങളുടെ ഏജന്‍സിക്കു പുറമെ ധാരാളം വിജ്ഞാന ഗ്രന്ഥങ്ങളുടെ പ്രസിദ്ദീകരണവും റഹ്മാനിയ്യ ഏറ്റെടുത്തിരുന്നു. മുഅല്ലിം ഖത്തീബ് ബ്യൂറോ കൂടിയായിരുന്നു ഒരു കാലത്ത് ഈ ബുക്ക് സ്റ്റാള്‍.
പ്രിംന്റിംഗ് ആന്റ് പബ്ലിഷിംഗ് അസോസിയേഷന്റെ ജില്ലാ സാരഥ്യം വഹിച്ചിട്ടുണ്ട്. എസ്.വൈ.എസിന്റെ വിവിധ ഘടകങ്ങളില്‍ നേതൃത്വം നല്‍കിയ ഹാജി, മൊഗ്രാല്‍ മഹല്ല് ട്രഷററായും പ്രവര്‍ത്തിച്ചു. വ്യാപാരി സംഘടനയിലും സജീവമായിരുന്നു.
പരേതനായ അബ്ദുല്‍ ഖാദിറിന്റെ മകനാണ്. ഭാര്യമാര്‍: സക്കീന പൊവ്വല്‍, പരേതയായ ആസ്യമ്മ കൊടിയമ്മ.
മക്കള്‍: മുഹമ്മദ് ഇഖ്ബാല്‍, അബ്ദുല്‍ ഖാദര്‍ (റഹ്മാനിയ്യ ബുക്ക് സ്റ്റാള്‍ പാര്‍ട്ണര്‍മാര്‍) ശരീഫ് (ദുബൈ), ഹാഫിസ് രിഫാഇ, ഗസ്സാലി, യാഫിഅ്, സിദ്ദീഖ്, (വിദ്യാര്‍ത്ഥികള്‍) സുഹ്‌റ, മിസ്രിയ്യ, ഹഫ്‌സ, കുബ്‌റ.
സി അബ്ദുല്ല മുസ്ലിയാര്‍ക്കു പുറമെ പരേതരായ മമ്മു ഹാജി, നഫീസ, ഖജീജ എന്നിവരും സഹോദരങ്ങളാണ്.

മയ്യിത്ത് ചൊവ്വ രാവിലെ 9ന് മൊഗ്രാല്‍ മൈമൂന്‍ നഗര്‍ മസ്ജിദ് പരിസരത്ത് ഖബറടക്കും.

റഹ്മാനിയ്യ ഹാജിയുടെ നിര്യാണത്തില്‍ സമസ്ത ഉപാധ്യക്ഷന്‍ എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ, കേരള മുസ്ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് മുഹിമ്മദ് ഇബ്രാഹീം പൂക്കുഞ്ഞി തങ്ങള്‍, സഅദിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജില്ലാ പ്രസിഡന്റ സയ്യിദ് പി,എസ് ആറ്റക്കോയ തങ്ങള്‍, മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, എസ്.എം എ ജില്ലാ പ്രസിഡന്റ് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എസ്.ജെ.എം ജില്ലാ പ്രസിഡന്റ് അശ്രഫ് സഅദി ആരിക്കാടി തുടങ്ങിയവര്‍ അനുശോചിച്ചു. 



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.