Latest News

ചോദ്യങ്ങളെ അഭിമുഖീകരിക്കാന്‍ കൂട്ടാക്കാത്ത ഭരണാധികാരികള്‍ ജനങ്ങളില്‍ നിന്ന് ഒളിച്ചോടുന്നു : പി.സി.വിഷ്ണുനാഥ്

കാസര്‍കോട്:[www.malabarflash.com] പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റിനെ അഭിമുഖീകരിക്കാന്‍ തയ്യാറാകാത്തതും മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ അകറ്റി നിര്‍ത്തുന്നതും തങ്ങളുടെ പരാജയം മൂടി വെക്കുന്നതിന് വേണ്ടിയാണെന്ന് കെ.പി.സി.സി. ജനറല്‍ സെക്രട്ടറി പി.സി. വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു.

കേരള ഗസറ്റഡ് ഓഫീസേര്‍സ് യൂനിയന്‍ കാസറഗോഡ് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് വര്‍ഷങ്ങളോളം നീളുന്ന കനത്ത സാമ്പത്തികാഘാതം അടിച്ചേല്‍പിച്ച് രാത്രി തന്നെ ജപ്പാനിലേക്ക് വിമാനം കയറിയ പ്രധാനമന്ത്രി സാധാരണക്കാരെകുറിച്ച് മുതലക്കണ്ണീരൊഴുക്കുകയാണ്. കറന്‍സി പിന്‍വലിക്കല്‍ തീരുമാനത്തിന് പുറകിലെ ഗൂഢോദ്യേശങ്ങളും വന്‍ അഴിമതിയും നാള്‍ക്കുനാള്‍ വെളിപ്പെട്ടുകൊണ്ടിരിക്കുന്നു.
ഗവണ്‍മെന്റ് സംവിധാനങ്ങള്‍ പ്രതീക്ഷിക്കുന്ന കള്ളപ്പണത്തിന്റെ വ്യാപ്തി നാല് ലക്ഷം കോടി രൂപയുടേതാണെങ്കില്‍ രാജ്യത്തെ 1219 കോര്‍പറേറ്റുകള്‍ വരുത്തി വച്ചിട്ടുള്ള കുടിശ്ശികയും അത്രത്തോളമാണ്. സുപ്രീം കോടതി ആവശ്യപ്പെട്ടിട്ടുപോലും കോര്‍പറേറ്റുകള്‍ വരുത്തിയിട്ടുള്ള നികുതി കുടിശ്ശികയുടെ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഗവണ്‍മെന്റ് തയ്യാറായിട്ടില്ല. 

അവര്‍ക്ക് വന്‍ ഒഴിവുകളും കിഴിവുകളും അനുവദിച്ച ശേഷം നല്ല നാളെയ്ക്ക് വേണ്ടി സാധാരണക്കാരെ തങ്ങള്‍ അരിച്ചുപെറുക്കിയുണ്ടാക്കിയ സമ്പാദ്യം വിനിമയം ചെയ്യാനാകാതെ ദിവസങ്ങളോളം ക്യൂവില്‍ നിര്‍ത്തുകയാണ്.
വിദൂര കാലത്തെ നല്ല നാളെയെക്കുറിച്ച് പറയുന്ന മോദി ഭക്തര്‍ വിദൂര കാലമെന്നതിന് ഇന്നത്തെ യുവക്കളെ സംബന്ധിച്ചിടത്തോളം മരണാനന്തരമെന്നാണ് അര്‍ത്ഥമെന്ന് വിസ്മരിക്കരുത്. 

അമേരിക്കന്‍ പ്രസിഡന്റിനുള്ളതിനേക്കാള്‍ സൗകര്യങ്ങളുള്ള സ്വകാര്യ വിമാനവും ദശലക്ഷങ്ങളുടെ വസ്ത്ര വിധാനങ്ങളും ചെലവേറിയ വിദേശയാത്രകളുമാണ് മോദി വികാരം കൊള്ളുന്ന രാജ്യത്തിന് വേണ്ടി സഹിച്ച ത്യാഗമെന്ന് അദ്ദേഹം പരിഹസിച്ചു. 

കഴിവും ആത്മാര്‍ത്ഥതയും തെളിയിച്ച ഉദ്യോഗസ്ഥരെ അധികാരമേറ്റനാള്‍ മുതല്‍ വൈരനിര്യാതനബുദ്ധിയോടെ രാഷ്ട്രീയ പ്രേരിതമായി തലങ്ങും വിലങ്ങും സ്ഥലം മാറ്റുക വഴി അരാജകത്വം സൃഷ്ടിച്ച പിണറായി സര്‍ക്കാര്‍ സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടാക്കിയതായും അദ്ദേഹം ആരോപിച്ചു.
കെ.ജി.ഒ.യു. ജില്ലാ പ്രസിഡന്റ് ഡോ. ടിറ്റോ ജോസഫ് അധ്യക്ഷത വഹിച്ചു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധരന്‍, കെ.പി.സി.സി. സെക്രട്ടറി കെ. നീലകണ്ഠന്‍, ഡി.സി.സി. ഭാരവാഹികളായ ഹക്കീം കുന്നില്‍, കേശവ പ്രസാദ നാണിത്തിലു, സുഹൃദ് സംഘടനാ ഭാരവാഹികളായ പി.വി. രമേശന്‍, എം.പി. കുഞ്ഞിമൊയ്തീന്‍, കുഞ്ഞിക്കണ്ണന്‍ കരിച്ചേരി, കെ.ജി.ഒ.യു. നേതാക്കളായ രാജന്‍ബാബു, വി.എം.ശ്രീകാന്ത്, പി.കെ.രഘുനാഥ്, വിശ്വദാസ്, ഗീവര്‍ സി.സി., എ.വി.അനില്‍ കുമാര്‍, എം.പി.രാധാകൃഷ്ണന്‍, ഡോ.പി.എം. ജോസഫ്, ഡോ.കെ.വി.പ്രമോദ്, എ.കൃഷണന്‍ നായര്‍, കെ.ശൈലജകുമാരി, എം.എസ്.രാകേഷ്, നാരായണന്‍ കൊളത്തൂര്‍, കെ.വി.ഭക്തവത്സലന്‍, എം.രവീന്ദ്ര എന്നിവര്‍ പ്രസംഗിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് സി. രാജന്‍ പിള്ള ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.അജയന്‍ സംഘടനാ രേഖ അവതരിപ്പിച്ചു. സി. പി. ഉണ്ണികൃഷ്ണന്‍ സ്വാഗതവും പി. വേണുഗോപാലന്‍ നായര്‍ നന്ദിയും പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.