Latest News

ബി ജെ പി സര്‍ക്കാര്‍ ഇന്ത്യയെ അന്ധകാര യുഗത്തിലേക്ക് നയിക്കുന്നു: സുഭാഷിണി അലി

കാഞ്ഞങ്ങാട്:[www.malabarflash.com] നരേന്ദ്ര മോഡിനേതൃത്വം നൽകുന്ന ബി ജെ പി സർക്കാർ ഇന്ത്യയെ അന്ധകാര യുഗത്തിലേക്ക് നയിക്കുകയാണ്. മധ്യ കാലഘട്ടത്തിൽ യൂറോപ്പിലുണ്ടായ ഇരുണ്ട കാലത്തെ അനുവർത്തിക്കുന്ന നയങ്ങളാണ് രാജ്യത്ത് ബി ജെ പി സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് അഖിലേന്ത്യാ ജനാധിപത്യ അസോസിയേഷൻ ദേശീയ വൈസ് പ്രസിഡന്റ് സുഭാഷിണി അലി പറഞ്ഞു.

സ്വാതന്ത്ര്യത്തിന് മുമ്പ് തന്നെ മനുസ്മൃതിക്കെതിരെ പോരാട്ടം നടത്തിയ പാരമ്പര്യമാണ് കേരളത്തിനുള്ളത്. ഭൂപ്രഭുക്കൻമാരുടെ നയങ്ങളോടുള്ള പ്രതിഷേധമായി മാറിടം ഛേദിച്ച നങ്ങേലി കേരളത്തിലാണ് ജീവിച്ചത് എന്നത് കേരളത്തിലെ സ്ത്രീ സമൂഹത്തിന് അഭിമാനമാണ്. മനുസ്മൃതിയിലെ നയങ്ങൾ വീണ്ടും രാജ്യത്ത് നടപ്പാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
കേരളമൊന്നാകെ ആഘോഷിക്കുന്ന ഓണത്തിന് ഇത്തവണ ബി.ജെ.പി അധ്യക്ഷൻ അമിത്ഷാ പുതിയ നിർവചനമാണ് നൽകിയത്. ഓണം വാമന ജയന്തിയാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ.
വ്യത്യസ്ഥ ജനവിഭാഗങ്ങൾ അധിവസിക്കുന്ന ഇന്ത്യയിൽ ഏകീകൃതമായ ഒരു നയമില്ല. ഗോത്രവർഗക്കാർക്ക് പ്രത്യേക നിയമമാണിവിടെ. മരുമക്കത്തായം വച്ചു പുലർത്തുന്ന പ്രദേശങ്ങളുമുണ്ട്. ഈ സാഹചര്യത്തിലാണ് ഏകീകൃത സിവിൽ കോഡിനെ അംഗീകരിക്കാത്തവർക്ക് ഇന്ത്യയിൽ ജീവിക്കാൻ അവകാശമില്ലെന്നും വോട്ടവകാശം ഇല്ലെന്നും ആർ.എസ്.എസ് ജനറൽ സെക്രട്ടറി വൈദ്യ പറയുന്നത്. 

എല്ലാ സേവനങ്ങൾക്കും ആധാർ കാർഡ് നിർബന്ധമാക്കി ജനങ്ങൾക്ക് ലഭിക്കാനുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കുകയാണ്. തൊഴിലുറപ്പ് പദ്ധതിക്കുള്ള തുക അവസാനിച്ചു എന്ന് ഒരു പത്ര റിപ്പോർട്ട് കണ്ടിരുന്നു. ഇത് സാധാരണ ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
നരേന്ദ്ര മോഡി എല്ലാവർക്കും ശൗചാലം എന്ന് പറഞ്ഞു നടക്കുന്നു. എന്നാൽ കേരള സർക്കാർ എല്ലാവർക്കും ശൗചാലം പണിത് മാതൃക കാട്ടി. രാജ്യത്തെ പൊതുവിദ്യാഭ്യാസം തകർക്കുന്ന സമീപനമാണ് ബി.ജെ.പിസർക്കാർ സ്വീകരിച്ചിരിക്കുന്നത്. ബി.ജെ.പി ഭരിക്കുന്ന രാജസ്ഥാനിലും ഹരിയാനയിലും ദളിതരും പിന്നോക്കക്കാരും പഠിക്കുന്ന പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടുകയാണ്. 

രാജസ്ഥാനിൽ 14000 സർക്കാർ വിദ്യാലയങ്ങൾ അടച്ചു പൂട്ടി. ഒരുലക്ഷത്തോളം സർക്കാർ വിദ്യാലയങ്ങൾ അടച്ചുപൂട്ടൽ ഭീഷണി നേരിടുന്നു. മധ്യപ്രദേശിൽ 13000 വിദ്യാലയങ്ങളുമാണ് അടച്ചുപൂട്ടിയത്.
ഈ സംസ്ഥാനങ്ങളിൽ നിശ്ചിത വിദ്യാഭ്യാസ യോഗ്യതയില്ലാത്തവർക്കും വീട്ടിൽ സ്വന്തമായി ശൗചാലയം ഇല്ലാത്തവർക്കും സഹകരണ ബാങ്കുകളിൽ വായ്പ കുടിശ്ശികയുള്ളവർക്കും മത്സരിക്കാൻ സാധിക്കില്ല എന്നാണ് പുതിയ വ്യവസ്ഥ. അഞ്ചാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസമുള്ള ബി.ജെ.പി നേതാവ് ഉമാ ഭാരതി നേതൃത്വം നൽകുന്ന സ്ഥലത്താണ് പാവപ്പെട്ടവരെ മാറ്റി നിർത്താൻ ഇത്തരം നിയമങ്ങൾ കൊണ്ടുവരുന്നത്.
രാജ്യത്ത് വളർന്നു വരുന്ന വർഗീയ ഉദാരീകരണ സാഹചര്യത്തിൽ സ്ത്രീ സമൂഹത്തിന് നേരെ അക്രമങ്ങൾ വർദ്ധിച്ചു വരികയാണെന്നും അതിനെതിരെ ശക്തമായ പോരാട്ടങ്ങൾക്ക് തയ്യാറെടുക്കണമെന്നും അവർ പറഞ്ഞു. 

ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് ടി.എൻ സീമ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ. പി സതീദേവി പ്രവർത്തന റിപ്പോർട്ടും കെ പി സുമതി രക്ത സാക്ഷി പ്രമേയവും എം.സി ജോസഫൈൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. നേതാക്കളായ മാലിനി ഭട്ടാചാര്യ, സുധാ സുന്ദരരാമൻ, പി കെ ശ്രീമതി എം.പി, യു. വാസുകി, മന്ത്രി കെ.കെ ശൈലജ തുടങ്ങിയവർ സംബന്ധിച്ചു. സംഘാടക സമിതി ചെയർമാൻ പി. കരുണാകരൻ എം. പി. സ്വാഗതം പറഞ്ഞു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.