Latest News

ജയ ഇനി ജനമനസുകളിൽ

ചെന്നൈ:[www.malabarflash.com] പുരട്ചി തലൈവി കുമാരി ജെ. ജയലളിത (68) ഇനി ദീപ്തമായ ഓർമ. നാലു ദശാബ്ദക്കാലത്തോളം തമിഴ്നാട് രാഷ്ട്രീയത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന മുഖ്യമന്ത്രി ജയലളിതയ്ക്ക് തമിഴ് ജനത കണ്ണീരിൽ കുതിർന്ന യാത്രയയപ്പ് നൽകി. 

തമിഴ് രാഷ്ട്രീയത്തിലെ മുടിചൂടാമന്നനും രാഷ്ട്രീയ ഗുരുവുമായ എം.ജി. രാമചന്ദ്രന്റെ ഭൗതീക ശരീരത്തിനു സമീപം ജയലളിതയെ സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. സംസ്കാര ചടങ്ങുകൾക്ക് തോഴി ശശികലയാണ് നേതൃത്വം നൽകിയത്. പരമ്പരാഗത മതാചാര പ്രകാരമായിരുന്നില്ല സംസ്കാര ചടങ്ങുകൾ. അന്ത്യകർമമായി ശശികല മൃതദേഹത്തിൽ പുഷ്പവൃഷ്ടി നടത്തുക മാത്രമാണ് ചെയ്തത്. പിന്നീട് മൃതദേഹം ചന്ദനപ്പേടകത്തിൽ അടക്കം ചെയ്ത് മെറീന ബീച്ചിലെ എംജിആർ സ്മാരകത്തിനു സമീപം മറവുചെയ്തു. എംജിആറിനൊപ്പം ഇനി ജയലളിതയും അന്ത്യവിശ്രമം കൊള്ളും.

ചൊവ്വാഴ്ച രാവിലെ മുതൽ പൊതുദർശനത്തിനുവച്ചിരുന്ന രാജാജി ഹാളിൽനിന്ന് വൈകുന്നേരം നാലരയോടെ മൃതദേഹം മെറീന ബീച്ചിലെ അണ്ണാ സ്ക്വയറിലേക്ക് വിലാപയാത്രയായി എത്തിച്ചു. തമിഴ് ജനത നെഞ്ചോടു ചേർത്ത ‘അമ്മ’യുടെ വിലാപയാത്ര അതിവൈകാരികമായിരുന്നു. 

തമിഴ് സിനിമയിലേയും രാഷ്ട്രീയത്തിലേയും എക്കാലത്തേയും വലിയ വിഗ്രഹമായിരുന്ന എംജിആറിന്റെ വിലാപയാത്രയെ അനുസ്മരിപ്പിക്കുന്നതായിരുന്നു ജയയുടെ വിലാപയാത്രയും. വിലാപയാത്ര കടന്നുപോയ വഴിയുടെ ഇരുവശവും ആയിരക്കണക്കിന് ആളുകൾ മൃതദേഹം ഒരുനോക്ക് കാണാൻ തിക്കിത്തിരക്കി. പലരും സങ്കടം സഹിക്കാനാകാതെ വിതുമ്പി. ചിലർ വാവിട്ട് നിലവിളിച്ചു. ആളുകൾ മൊബൈൽ ഫോണുകളിൽ വെളിച്ചം തെളിച്ച് ആദരവ് പ്രകടിപ്പിച്ചു.

വിലാപയാത്രയുടെ മുൻനിരയിൽ എഡിഎംകെ നേതാക്കൾ അണിനിരന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവുൾപ്പെടെ പ്രമുഖർ വിലാപയാത്രയെ അനുഗമിച്ചു. ഒരു കിലോമീറ്റർ ദൂരം ഒരു മണിക്കൂറോളമെടുത്താണ് അണ്ണാ സ്ക്വയറിൽ എത്തിയത്.

ചൊവ്വാഴ്ച്ച പുലർച്ചെ പോയിസ് ഗാർഡനിൽ നിന്ന് രാജാജി ഹാളിലെത്തിച്ച ജയലളിതയുടെ മൃതദേഹത്തിൽ രാഷ്ട്രപതി പ്രണാബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമടക്കം രാഷ്ട്രീയ–സാമൂഹിക–സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ആയിരക്കണക്കിനു ജനങ്ങളും അന്ത്യാജ്‌ഞലി അർപ്പിച്ചു. കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക്, കേരളത്തെ പ്രതിനിധീകരിച്ച് ഗവർണർ പി.സദാശിവം, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവരും സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു.

തിങ്കളാഴ്ച രാത്രിയായിരുന്നു ജയലളിതയുടെ അന്ത്യം. രക്‌തത്തിൽ അണുബാധയെ തുടർന്ന് സെപ്റ്റംബർ 22ന് അപ്പോളോ ആശുപത്രിയിൽ പ്രവേശിച്ച ജയ ഹൃദയാഘാതം മൂലമാണ് മരണത്തിനു കീഴടങ്ങിയത്.


Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.