Latest News

സഹകരണ പ്രസ്ഥാനങ്ങളെ കീഴ്‌പ്പെടുത്താനുളള ശ്രമം തടയും -മന്ത്രി കടകംപളളി സുരേന്ദ്രന്‍

നീലേശ്വരം:  സഹകരണ പ്രസ്ഥാനങ്ങളെ ആക്രമിച്ച് കീഴ്‌പ്പെടുത്താനുളള ശ്രമം തടയുമെന്നും സഹകരണ സ്ഥാപനങ്ങള്‍ക്കെതിരെയുളള പ്രവര്‍ത്തനത്തിനെതിരെ സഹകാരികളും പൊതുജനങ്ങളും നിലകൊളളണമെന്നും സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു. 

സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമേഖലാ സംരംക്ഷണ ക്യാമ്പയിന്റെ ഭാഗമായി നീലേശ്വരം ശ്രീവത്സം ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാതല കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

60 വര്‍ഷത്തെ പ്രവൃത്തിപാരമ്പര്യമുളള കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളോട് കേന്ദ്ര സര്‍ക്കാര്‍ വലിയ നെറികേടാണ് സ്വീകരിച്ചത്. കളളപ്പണം തടയാനുളള നീക്കത്തിനായി ജനങ്ങള്‍ ഒരുമിക്കും . കേന്ദ്രസര്‍ക്കാര്‍ 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം പിടികൂടിയിട്ടുളള കളളപ്പണം സഹകരണ ബാങ്കുകളില്‍ നിന്നല്ല മറിച്ച് ന്യൂജനറേഷന്‍, ദേശസാല്‍കൃത ബാങ്കുകളില്‍ നിന്നാണ്. വ്യക്തിഹത്യയും ആക്ഷേപങ്ങളും നടത്തി കേന്ദ്രസര്‍ക്കാര്‍ സഹകരണ മേഖലയെ ഒറ്റപ്പെടുത്താന്‍ ശ്രമിക്കുകയാണ്. 

1,27,000 കോടി ആസ്ഥിയുളള സഹകരണ സ്ഥാപനങ്ങളുടെ ആസ്തി 1,50,000 കോടിയായി ഉയര്‍ത്താനുളള ശ്രമത്തിലാണ് സഹകരണ മേഖല. ഇതിനായി സംസ്ഥാനത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സഹകരണ മേഖലയില്‍ അക്കൗണ്ട് തുടങ്ങാന്‍ നടപടിയെടുക്കും. സഹകരണമേഖലയെ സംരക്ഷിക്കുന്ന നിലപാടാണ് ജനാധിപത്യസമൂഹത്തില്‍ നിന്നും ഉണ്ടാകേണ്ടതെന്നും മന്ത്രി കടകംപളളി സുരേന്ദ്രന്‍ പറഞ്ഞു.
ചടങ്ങില്‍ എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു. ജില്ലാസഹകരണ ബാങ്ക് പ്രസിഡണ്ട് പി സി രാമന്‍, നീലേശ്വരം നഗരസഭ ചെയര്‍മാന്‍ പ്രൊഫ. കെ പി ജയരാജന്‍, മുന്‍ എം എല്‍ എ മാരായ കെ പി സതീഷ്ചന്ദ്രന്‍, കെ പി കുഞ്ഞിക്കണ്ണന്‍, കെ വി കുഞ്ഞിരാമന്‍, എം നാരായണന്‍, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടര്‍ ബാലകൃഷ്ണ വൊര്‍ക്കുഡ്‌ലു, ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി ഇസ്മയില്‍, പി എ സി എസ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എം വി കോമന്‍ നമ്പ്യാര്‍, ജില്ലാസഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ എ അനില്‍ കുമാര്‍, കെ സി ഇ യു ജില്ലാ സെക്രട്ടറി കെ വി ഭാസ്‌കരന്‍, കെ സി ഇ എഫ് സംസ്ഥാന കമ്മിറ്റി അംഗം പി കെ വിനയകുമാര്‍, കെ സി ഇ യു കൗണ്‍സില്‍ ജില്ലാ സെക്രട്ടറി വി സുകുമാരന്‍, എം ജയകുമാര്‍, എ പ്രകാശ് റാവു എന്നിവര്‍ സംസാരിച്ചു. ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) എ വി അനില്‍ കുമാര്‍ സ്വാഗതവും അസി. രജിസ്ട്രാര്‍ ജനറല്‍ കെ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.