Latest News

അവര്‍ വീണ്ടുമെത്തി; ഒരു ക്ലാസ് മുറി നിറയെ കംപ്യൂട്ടറുകളുമായി

ഉദുമ: ആറു പതിറ്റാണ്ട് മുമ്പ് പടിയിറങ്ങിയവര്‍ ബേക്കല്‍ ഫിഷറീസ് സ്‌കൂള്‍ മുറ്റത്തേക്ക് വീണ്ടുമെത്തിയത് ഒരു ക്ലാസ് മുറി നിറയെ കംപ്യൂട്ടറുകളുമായി. 

1950-70 കാലഘട്ടത്തില്‍ ബേക്കല്‍ സ്‌കൂളില്‍ നിന്ന് പത്താംക്ലാസ് പൂര്‍ത്തിയാക്കിയവരുടെ കൂട്ടായ്മയാണ് 32 കംപ്യൂട്ടറുകളും ഒരു എല്‍.സി.ഡി. പ്രൊജക്ടറും സമ്മാനിച്ചത്. രണ്ട് കമ്പ്യൂട്ടര്‍ കോഴ്‌സുകളുള്ള സ്‌കൂളിലെ ലാബിന്റെ ശോചനീയാവസ്ഥ അറിഞ്ഞ പൂര്‍വ വിദ്യാര്‍ഥികളില്‍ ചിലര്‍ ചേര്‍ന്ന് ഒരാഴ്ച കൊണ്ടാണ് ലക്ഷങ്ങള്‍ മുടക്കി തങ്ങളുടെ പിന്മുറക്കാര്‍ക്ക് പഠിക്കാന്‍ ഭൗതിക സൗകര്യം ഒരുക്കിയത് .

നാട്ടിലും മറുനാട്ടിലും ഉള്ളവര്‍ ഈ സംരംഭത്തില്‍ കൈകോര്‍ത്തു. ഇവിടെ നിന്ന് എസ്.എസ്.എല്‍.സി. പാസ്സായവരില്‍ ഐ.എ.എസ്സുകാരും ഐ.പി.എസ്സുകാരും ശാസ്ത്രജ്ഞന്മാരും ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും അഭിഭാഷകരും എഴുത്തുകാരുമുണ്ട്. നേവല്‍ എന്‍.സി.സിയുടെ സംസ്ഥാന പരിശീലന ക്യാമ്പില്‍ നിരവധിതവണ ഒന്നാം സ്ഥാനത്ത് എത്താന്‍ ബേക്കല്‍ ഹൈസ്‌കൂളിന് സാധിച്ചു. മര്‍ച്ചന്റ് നേവിയില്‍ ജോലിചെയ്യുന്നവരുടെ കണക്കെടുത്താല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേരെ ആ രംഗത്ത് എത്തിച്ചുവെന്ന ബഹുമതിയും സ്‌കൂളിന് സ്വന്തമാണ്.

സ്‌കൂളിലെ ആദ്യകാല വിദ്യാര്‍ഥികളായ ഖത്തറിലെ വ്യവസായിയും പാലക്കുന്ന് ഗ്രീന്‍വുഡ്‌സ് സ്‌കൂള്‍ മാനേജിങ് ഡയറക്ടര്‍റുമായ അസ്സിസ് ഹാജി അക്കരയും മംഗളൂരിലെ വ്യവസായിയും കരുണ ഇന്‍ഫ്രാ പ്രോപ്പര്‍ട്ടീസ് മാനേജിങ് ഡയറക്ടര്‍റുമായ വി. കരുണാകരനും സ്‌കൂളിലേക്കു ആറു വീതം കംപ്യൂട്ടറുകള്‍ നല്‍കി.

മംഗളുരു പി.എ. കോളേജ് ചെയര്‍മാന്‍ ഡോ. പി.എ. ഇബ്രാഹിം ഹാജി അഞ്ചെണ്ണം നല്‍കി. സ്മാര്‍ട്ട് ക്ലാസ്‌റൂം ഒരുക്കാനുള്ള ഉപകരണങ്ങളും എത്തിച്ചു കൊടുക്കാമെന്ന് ഇദ്ദേഹം ഉറപ്പും നല്കി.

പൂര്‍വ വിദ്യാര്‍ഥിയും പി.ടി.എ. പ്രസിഡന്റുമായ എ. കുഞ്ഞിരാമന്‍ അധ്യക്ഷനായി. ഡോ.പി.എ. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു. പൂര്‍വ്വവിദ്യാര്‍ഥികളായ. റിട്ട. എസ്.പി. എ. ബാലകൃഷ്ണന്‍ നായര്‍, അസ്സിസ് ഹാജി അക്കര, ഭാഭാ അറ്റോമിക് ഗവേഷണ കേന്ദ്രം റിട്ട. ശാസ്ത്രജ്ഞന്‍ കെ.കെ. നാരായണന്‍ പാലക്കുന്ന്, ജിയോളോജിക്കാല്‍ സര്‍വ്വേ ഓഫ് ഇന്ത്യ റിട്ട. ഡയറ്ക്ടര്‍ പി. ബാലകൃഷ്ണന്‍, വി. കരുണാകരന്‍, കെ. ജയപ്രകാശ്, എ. സുഗതന്‍, ടി. രോഹിണി, അബ്ദുള്‍റഹിമാന്‍, സി.കെ. വേണു, പാലക്കുന്നില്‍ കുട്ടി എന്നിവര്‍ പ്രസംഗിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.