Latest News

അലപ്പോയിലെ കണ്ണീരൊപ്പുന്നതിന് ഖത്തര്‍ ജനത ശേഖരിച്ചത് 245 മില്യന്‍ റിയാല്‍

ദോഹ: സിറിയയിലെ അലപ്പോ ജനത അനുഭവിക്കുന്ന നരക യാതനകക്ക് ആശ്വാസമേകാന്‍, ദേശീയ ദിനം പോലും മാറ്റി വെച്ച് ഖത്തര്‍ ജനത 'ദര്‍ബ് സ്സാഇ'യില്‍ ഒരുമിച്ച് കൂടിയപ്പോള്‍ ഒഴുകിയത്തെിയത് റിയാലുകളുടെ പേമാരി. [www.malabarflash.com]

ഞായറാഴ്ച വൈകുന്നേരം ഏഴ് മണിക്ക് ആരംഭിച്ച് പത്ത് മണിക്ക് അവസാനിപ്പിക്കാന്‍ തീരുമാനിച്ച ഫണ്ട് ശേഖരണം രാത്രി ഏറെ വൈകിയും തുടര്‍ന്നു. സ്വദേശികളും വിദേശികളും ഒരു പോലെ ദര്‍ബ്സ്സാഇയില്‍ ഒരുക്കിയ കനിവ് പെട്ടികളിലേക്ക് റിയാലുകള്‍ കൊണ്ട് നിറക്കുകയായിരുന്നു. മുലപ്പാലിന്റെ നനവ് വറ്റാത്ത പിഞ്ചുകുഞ്ഞുങ്ങളെ പോലും കൊലചെയ്യുന്ന സിറിയയിലെ അതിഭീകരാവസ്ഥ കേട്ടറിഞ്ഞവരും വായിച്ചറിഞ്ഞവരും, ഖത്തര്‍ ഭരണകൂടം പ്രഖ്യാപിച്ച സഹായ ശേഖരണത്തില്‍ പങ്ക് കൊള്ളാന്‍ വെമ്പുന്ന കാഴ്ചയാണ് കണ്ടത്.

ഖത്തര്‍ ടെലിവിഷന്‍, റയ്യാന്‍ ടിവി. കാസ് ടിവി, ഖത്തര്‍ റേഡിയോ, ഖത്തര്‍ ഖുര്‍ആന്‍ റേഡിയോ തുടങ്ങി എല്ലാ മാധ്യമങ്ങളും ഒരുമിച്ച് ഈ സന്നദ്ധ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയപ്പോള്‍ കുമിഞ്ഞ് കൂടിയത് 245 മില്യന്‍ റിയാല്‍. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഇത്രയും വലിയ സംഖ്യ പിരിഞ്ഞത് ചരിത്ര സംഭവമായി മാറി.

ഖത്തറിലെ പൗരാണിക പ്രദര്‍ശന മേളയായ ദര്‍ബ്സ്സാഇയിലെ അഞ്ച് പ്രധാന കവാടങ്ങളിലും സഹായം സ്വീകരിക്കുന്നതിനുള്ള പ്രത്യേക കൗണ്ടറുകള്‍ പ്രവര്‍ത്തിച്ചിരുന്നു. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ സന്നദ്ധ സംഘടനകളായ ഖത്തര്‍ ചാരിറ്റി, ഈദ് ചാരിറ്റി, റാഫ് ചാരിറ്റി, അഫീഫ് ചാരിറ്റി, റെഡ് ക്രസന്റ് എന്നിവര്‍ക്കാണ് സഹായം സ്വീകരിക്കാനുള്ള അനുമതി നല്‍കിയിരുന്നത്. ഓരോ സംഘടനകള്‍ക്ക് ഇരുപത് വീതം കളക്ഷന്‍ പെട്ടികള്‍ വെക്കാന്‍ അനുമതി നല്‍കിയിരുന്നു. സ്ത്രീകളുടെ പങ്കാളിത്തം വലിയ തോതില്‍ തന്നെ രേഖപ്പെടുത്തപ്പെട്ടു. സ്വര്‍ണ്ണം, വജ്രം തുടങ്ങിയ കൊണ്ടുള്ള ആഭരണങ്ങളുടെ ശേഖരം തന്നെ സംഭാവനയായി ലഭിച്ചതായി വിവിധ ചാരിറ്റി സംഘങ്ങള്‍ വ്യക്തമാക്കി. സ്വദേശികളായ കവികളും എഴുത്തുകാരും പാട്ട് പാടിയും കഥപറഞ്ഞും പൊതു ജനങ്ങളെ സംഭാവന നല്‍കാന്‍ പ്രേരിപ്പിച്ച് കൊണ്ടിരുന്നു.

ഖത്തറിന്റെ ഏറ്റവും സുപ്രധാനമായ ദിനം അശരണര്‍ക്ക് വേണ്ടി നീക്കി വെക്കുക വഴി വലിയ സന്തോഷമാണ് തങ്ങള്‍ അനുഭവിക്കുന്നതെന്ന് പ്രമുഖ ഖത്തരി പണ്ഡിതനായ ഡോ.അഹ്മദ് ബിന്‍ മുഹമ്മദ് അല്‍ബൂ ഐനൈന്‍ അഭിപ്രായപ്പെട്ടു. സ്വദേശികളും വിദേശികളും ഒരു പോലെ ദേശീയ ദിനത്തില്‍ സന്തോഷം പങ്കിടുകയാണ് പതിവ്. ഇത്തവണ സിറിയയില്‍ കുട്ടികളും സ്ത്രീകളും വൃദ്ധന്‍മാരുമെല്ലാം മൃഗീയമായി കൊല ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി ദേശീയ ദിനാഘോഷം നിര്‍ത്തി വെക്കാന്‍ എടുത്ത തീരുമാനം ഇസ്ലാമിക മൂല്യം ഉയര്‍ത്തി പിടിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.