Latest News

മുക്കുപണ്ടം: അപ്രൈസറെ കുടുക്കിയത് സ്വകാര്യ സ്ഥാപനത്തിലെ യുവതി

കാഞ്ഞങ്ങാട്: ജോലി ചെയ്യുന്ന ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയ അപ്രൈസറെ കുടുക്കിയത് ബാങ്കിന് തൊട്ടടുത്തുള്ള സ്വകാര്യ സ്ഥാപനത്തിലെ യുവതി. [www.malabarflash.com]

കാഞ്ഞങ്ങാട് യുണിയന്‍ ബാങ്ക് അപ്രൈസര്‍ അലാമിപ്പള്ളി സ്വദേശി ഷാബു സ്വന്തം ബാങ്കില്‍ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയത് കഴിഞ്ഞയാഴ്ചയാണ്.
ബാങ്കിലെത്തുന്ന ഇടപാടുകാരുമായി ചങ്ങാത്തം കൂടിയാണ് ഷാബു തട്ടിപ്പിന് കളമൊരുക്കിയത്.

ജോലി ചെയ്യുന്ന ബാങ്കായതിനാല്‍ തനിക്ക് സ്വര്‍ണം പണയം വെക്കാന്‍ നിയമപരമായി തടസ്സമുണ്ടെന്നും സഹായിക്കണമെന്നും വിശ്വസിപ്പിച്ച് ഏതാണ്ട് പതിനഞ്ചോളം പേരെയാണ് ഷാബു കുടുക്കിയത്. ഇയാള്‍ നല്‍കിയ മുക്കുപണ്ടം യഥാര്‍ത്ഥ സ്വര്‍ണമാണെന്ന് കരുതി ബാങ്കില്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ വാങ്ങി ഇടപാടുകാര്‍ ഇയാളെ തന്നെ ഏല്‍പ്പിക്കുകയായിരുന്നു.
പണയപ്പെടുത്തുന്ന സ്വര്‍ണാഭരണങ്ങള്‍ പരിശോധിക്കാനുള്ള ചുമതലയുള്ള ഷാബു മുക്കുപണ്ടങ്ങള്‍ യഥാര്‍ത്ഥ സ്വര്‍ണാഭരണമാണെന്ന് ബാങ്ക് ജീവനക്കാരെ ബോധ്യപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്.
പതിനൊന്നോളം പേര്‍ ഇയാളുടെ തട്ടിപ്പില്‍ കുടുങ്ങി വ്യാജ സ്വര്‍ണ പണയമിടപാടില്‍ പങ്കാളികളായപ്പോള്‍ കാഞ്ഞങ്ങാട്ടെ അഞ്ച് യുവാക്കള്‍ മുക്കുപണ്ടമാണെന്ന് അറിഞ്ഞ് കൊണ്ട് തന്നെ തട്ടിപ്പിന് കൂട്ടുനിന്നൂവെന്നാണ് വിവരം. 

ഇതിനിടെ ബാങ്കിന് സമീപത്തുള്ള ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവതിയെ കൊണ്ട് മുക്കുപണ്ടം പണയപ്പെടുത്താനുള്ള ശ്രമം നടത്തിയതാണ് ഏറെ നാളായി ഷാബു നടത്തി വന്ന തട്ടിപ്പ് പിടിക്കപ്പെടാനുള്ള കാരണം. സ്വര്‍ണം ബാങ്കില്‍ പണയപ്പെടുത്താന്‍ ഷാബു ഏര്‍പ്പാടാക്കിയ വിവരം സംശയം തോന്നിയ യുവതി ബാങ്ക് അധികൃതരെ അറിയിക്കുകയായിരുന്നു.
തത്സമയം ബാങ്കിലുണ്ടായിരുന്ന ഷാബുവിനോട് ബാങ്ക് മാനേജര്‍ ഇതേ കുറിച്ച് അന്വേഷിക്കുകയും ബാങ്കിന്റെ മറ്റൊരു ശാഖയില്‍ നിന്ന് അപ്രൈസറെ വിളിച്ച് വരുത്തി ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ പരിശോധിക്കാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതിനിടെ ഉച്ചഭക്ഷണത്തിനെന്ന പേരില്‍ ബാങ്കില്‍ നിന്ന് പുറത്തിറങ്ങിയ ഷാബു മുങ്ങി.
പിന്നീട് ബാങ്ക് അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്ത് വന്നത്. ഷാബുവിന്റെ കെണിയില്‍ കുടുങ്ങിയ പതിനന്നോളം ഇടപാടുകാര്‍ സ്വന്തമായി പണം കണ്ടെത്തി ബാങ്കിലടച്ച് നിയമനടപടിയില്‍ നിന്ന് തലയൂരിയിട്ടുണ്ട്.
മുക്കുപണ്ടം പണയം വെച്ച് ബാങ്കിനെ കബളിപ്പിച്ച ഷാബു ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ ബാങ്ക് മാനേജര്‍ ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടുണ്ട്.
ഷാബുവിനെ കൂടാതെ കൂളിയങ്കാല്‍ സ്വദേശി അശോകന്‍, ഭാസ്‌കരന്‍, പ്രകാശന്‍, സുകുമാരന്‍, ഭീമനടിയിലെ അഭിലാഷ് എന്നിവര്‍ക്കെതിരെയാണ് പരാതി.
തട്ടിപ്പ് പുറത്തായതോടെ ഭാര്യയെയും കുട്ടികളെയും ഭാര്യാവീട്ടിലാക്കി സ്ഥലം വിട്ട ഷാബു ഇപ്പോള്‍ കൊച്ചിയിലെ രഹസ്യ കേന്ദ്രത്തില്‍ കഴിയുന്നുണ്ടെന്നാണ് വിവരം.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.