Latest News

ഗാലറിയെ മഞ്ഞക്കടലാക്കിയ ആരാധകരെ നിരാശരാക്കി കൊല്‍ക്കത്തയ്ക്ക് കിരീടം

കൊച്ചി: തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും ആരാധകരുടെ ആവേശത്തെ ഷൂട്ടൗട്ടോളമെത്തിച്ച കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഇത്തവണ പിഴച്ചു. സെമിഫൈനലില്‍ ഡല്‍ഹിയുടെ പോരാട്ടവീര്യത്തെ ഷൂട്ടൗട്ടില്‍ മറികടന്ന കേരളാ ബ്ലാസ്‌റ്റേഴ്‌സിന് ഫൈനല്‍ പോരാട്ടത്തില്‍ കൊല്‍ക്കത്തയ്ക്കുമുന്നില്‍ കാലിടറി. 

ഗാലറിയെ മഞ്ഞക്കടലാക്കിയ ആരാധകരെ നിരാശരാക്കി ഐഎസ്എല്‍ മൂന്നാം സീസണിലെ കിരീടം അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക്. ഷൂട്ടൗട്ടില്‍ 43നായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന്റെ തോല്‍വി. ഇതോടെ, ആദ്യസീസണില്‍ കൊല്‍ക്കത്തയ്ക്ക് മുന്നില്‍ കൈവിട്ട കിരീടം സ്വന്തം കളിമുറ്റത്ത് തിരിച്ചുപിടിക്കാമെന്ന ബ്ലാസ്‌റ്റേഴ്‌സിന്റെ മോഹം പൊലിഞ്ഞു. രണ്ടാം സീസണില്‍ കൈവിട്ടുപോയ കിരീടം കൊല്‍ക്കത്ത വീണ്ടെടുക്കുകയും ചെയ്തു.
ബ്ലാസ്‌റ്റേഴ്‌സിനായി കിക്കെടുത്ത അന്റോണിയോ ജര്‍മന്‍, ബെല്‍ഫോര്‍ട്ട്, മുഹമ്മദ് റഫീഖ് എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ എന്‍ഹാജി എന്‍ഡോയെ എടുത്ത മൂന്നാം കിക്ക് പുറത്തുപോയി. അഞ്ചാം കിക്കെടുത്ത സെഡ്രിക് ഹെങ്ബാര്‍ത്തിന്റെ ഷോട്ട് കൊല്‍ക്കത്ത ഗോള്‍കീപ്പര്‍ മജുംദാറിന്റെ കാലില്‍ത്തട്ടി തെറിച്ചു. കൊല്‍ക്കത്തയ്ക്കായി ആദ്യ കിക്കെടുത്ത ഇയാന്‍ ഹ്യൂമിന് പിഴച്ചെങ്കിലും തുടര്‍ന്ന് കിക്കെടുത്ത സമീഗ് ദൗത്തി, ബോര്‍യ ഫെര്‍ണാണ്ടസ്, ഹവിയര്‍ ലാറ, ജുവല്‍ രാജ എന്നിവര്‍ ലക്ഷ്യം കണ്ടതോടെ ഒരിക്കല്‍ക്കൂടി കൊല്‍ക്കത്തയ്ക്കു മുന്നില്‍ ബ്ലാസ്‌റ്റേഴ്‌സ് കിരീടം കൈവിട്ടു.
നേരത്തെ മല്‍സരം നിശ്ചിത സമയത്തും അധികസമയത്തും 11ന് സമനില പാലിച്ചതോടെയാണ് ജേതാക്കളെ നിശ്ചയിക്കാന്‍ ഷൂട്ടൗട്ട് വേണ്ടിവന്നത്. ആദ്യ പകുതിയിലായിരുന്നു മല്‍സരത്തില്‍ പിറന്ന ഇരുഗോളുകളുമെത്തിയത്. 37ാം മിനിറ്റില്‍ മലയാളി താരം മുഹമ്മദ് റാഫിയിലൂടെ ബ്ലാസ്‌റ്റേഴ്‌സാണ് ലീഡ് നേടിയത്. എന്നാല്‍, 44ാം മിനിറ്റില്‍ പോര്‍ച്ചുഗല്‍ താരം സെറീനോയിലൂടെ കൊല്‍ക്കത്ത സമനില പിടിച്ചു. മല്‍സരം താരതമ്യേന വിരസമായിരുന്ന രണ്ടാം പകുതിയിലും 

മല്‍സരത്തിന്റെ അധികസമയത്തും സമനിലക്കെട്ട് പൊട്ടിക്കാനാകാതെ പോയതോടെ ബ്ലാസ്‌റ്റേഴ്‌സിന് തുടര്‍ച്ചയായ രണ്ടാം ഷൂട്ടൗട്ട് പരീക്ഷണം. പിന്നാലെ തോല്‍വിയും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.