Latest News

തളിപ്പറമ്പുകാർക്ക് മറക്കാനാവാത്ത ഒരു ദിവസം ബാക്കിയാക്കി തമിഴകത്തിന്റെ അമ്മ

കണ്ണൂർ:[www.malabarflash.com] പതിനഞ്ച് വര്‍ഷം മുമ്പത്തെ ഒരു ദിവസം, കൃത്യമായി പറഞ്ഞാല്‍ 2001 ജൂലായ് ഏഴ് തളിപ്പറമ്പുകാര്‍ക്ക് മറക്കാനാവാത്ത ഒരു ദിവസമാണ്. അന്നാണ് തലൈവി ജയലളിത തോഴി ശശികലയോടൊപ്പം തളിപ്പറമ്പിലെത്തിയത്. 

മണിക്കൂറുകളുടെ കാത്തിരിപ്പിന് ശേഷം രാത്രി 8.50നാണ് ജയലളിത ക്ഷേത്രത്തിലെത്തിയത്. പൊന്നിന്‍കുടം, പൊന്‍താലി എന്നിവ ക്ഷേത്രത്തില്‍ സമര്‍പ്പിച്ച ജയലളിത വെള്ളിക്കൂടവും പ്രത്യേകമായി നല്‍കിയിരുന്നു.

ജ്യോതിഷ പണ്ഡിതന്‍ പരപ്പനങ്ങാടി ഉണ്ണികൃഷ്ണപണിക്കരും കൂടെയുണ്ടായിരുന്നു. പണിക്കരുടെ നിര്‍ദ്ദേശപ്രകാരമാണ് ജയലളിത ക്ഷേത്രത്തില്‍ വന്നത്. 

ഇതോടൊപ്പം നിരവധി വിവാദങ്ങളും ഉണ്ടായിരുന്നു. രാത്രി എട്ടരക്ക് അടക്കേണ്ട ക്ഷേത്രനട ജയലളിതക്ക് വേണ്ടി ഒരു മണിക്കൂറോളം നേരം തുറന്നുവെച്ചുവെന്നും ജയലളിതക്ക് കയറാനായി പടിക്കെട്ടുകള്‍ എടുത്തുമാറ്റിയെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ജയലളിതയുടെ സന്ദര്‍ശനത്തിന് ശേഷമാണ് രാജരാജേശ്വര ക്ഷേത്രത്തിലേക്ക് ഇന്ത്യയില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ഭക്തര്‍ എത്തിത്തുടങ്ങിയത്.

നിത്യേന തമിഴ്‌നാട്ടില്‍ നിന്നും നൂറുകണക്കിന് ഭക്തരാണ് ഇപ്പോള്‍ ക്ഷേത്രത്തിലെത്തുന്നത്. ജയലളിതയുടെ വാഹനവ്യൂഹം ദേശീയപാതയില്‍ നിര്‍ത്തി വാഹനതടസം ഉണ്ടാക്കിയതിനെതിരെ കര്‍ശനമായി ഇടപെട്ട അന്നത്തെ കണ്ണൂര്‍ ഡിഐജി വില്‍സണ്‍ എം.പോളും അന്ന് വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ക്ഷേത്ര പൂജാരികള്‍ക്കും പരികര്‍മ്മികള്‍ക്കും എല്ലാം പ്രത്യേകം ദക്ഷിണ നല്‍കിയശേഷമാണ് ജയലളിത മടങ്ങിയത്. നാല്‍പ്പത്തിയഞ്ച് മിനുട്ടോളം ഇവര്‍ ക്ഷേത്രത്തില്‍ ചെലവഴിച്ചിരുന്നു.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.