Latest News

മുച്ചിലോട്ടു ഭഗവതീ ക്ഷേത്രത്തിലെ പെരുങ്കളിയാട്ടമഹോത്സവം; 10ലക്ഷത്തോളം ആളുകള്‍ക്ക് അന്നദാനം

കരിവെളളൂര്‍: മുച്ചിലോട്ടു ഭഗവതീ ക്ഷേത്രത്തിലെ പെരുങ്കളിയാട്ടമഹോത്സവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഒരുക്കമാണ് ഭക്ഷണശാലകളുടെ നിര്‍മ്മാണം. [www.malabarflash.com]

6 ദിവസം നീണ്ടുനില്ക്കുന്ന കളിയാട്ടമഹോത്സവ ദിനങ്ങളില്‍ രണ്ട് നേരങ്ങളില്‍ മൊത്തം 10 ഭക്ഷണം ഒരുക്കികൊടുക്കണം. ഏറെ ശ്രമകരമായ പ്രവൃത്തിയില്‍ സൂക്ഷ്മതയും വൃത്തിയും വെടിപ്പും കണിശമായ ഒരുക്കങ്ങളും ആവശ്യമാണ്. ഭക്ഷണശാലയില്‍ 26 കുഴികള്‍ ഉണ്ടാക്കണം. പണ്ടുകാലങ്ങളില്‍ ഉണ്ടാക്കിവെച്ച അടിപ്പുകളെ സൂക്ഷ്മമായി പരിശോധിച്ച് കണ്ടെത്തി പുതുമവരുത്തി ഒരുക്കുകയാണ് ആദ്യം ചെയ്യുന്നത്. ഒരേ സമയത്ത് 26 അടുപ്പുകളും ഉപയോഗിക്കും.

17കുഴിയടുപ്പുകളില്‍ ഒരു ക്വിന്റല്‍ അരി വെയ്ക്കുന്ന പാത്രങ്ങളില്‍ ഒരുമിച്ച് അരിയിട്ട് വേവിക്കും. അരിവെന്തുകഴിഞ്ഞാല്‍ കെട്ടിവാര്‍ക്കുകയാണ് ചെയ്യുന്നത്. പച്ചയോല ചീകി പാത്രത്തിലിട്ട് തണ്ട് ഉപയോഗിച്ച് കെട്ടിവാര്‍ക്കുന്നു. ഭക്ഷ്ണത്തിന് വെള്ളരിക്കപെരക്കി, പുളിശ്ശേരി, അച്ചാര്‍, കൂട്ടുകറി എന്നീ വിഭവങ്ങള്‍ ഉണ്ടാകും. 

രാവിലെ 10 മണി മുതല്‍ 2 മണിവരെയും വൈകുന്നേരം 6 മണി മുതല്‍ 10 മണിവരെയും ഭക്ഷണം കൊടുക്കും. ഇതിനായി 500ല്‍ പരം ആളുകള്‍ കലശം കുളിച്ച് വ്രതശുദ്ധിയോടെ അടുക്കളയില്‍ പ്രവേശിക്കും, ഇവര്‍ കളിയാട്ടം കഴിഞ്ഞാല്‍ മാത്രമേ പുറത്തിറങ്ങാറുള്ളു. 

കളിയാട്ട ദിവസങ്ങളില്‍ ദിവസേന ഭക്ഷണശാലയില്‍ 25000 നു മേലെ ആളുകള്‍ ഭക്ഷണം കഴിക്കാന്‍ എത്തിപ്പെടും. മൊത്തം 10ലക്ഷത്തോളം ആളുകള്‍ 6 ദിവസങ്ങളിലായി ഭക്ഷണം കഴിക്കാന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 

കെട്ടിവാര്‍ത്തചോറ് പ്രത്യേകം സജ്ജമാക്കിവെച്ച വല്ലത്തില്‍ ദീപം തെളിച്ച് പായവിരിച്ച് അതില്‍ നിക്ഷേപിക്കുന്നു. വിളമ്പുന്ന സമയത്ത് ആവശ്യത്തിന് കോരിയെടുത്ത് വിളമ്പുന്നു. ഏതെങ്കിലും കാരണവശാല്‍ അല്പം ബാക്കിവന്നുവെങ്കില്‍ ക്ഷേത്രാംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് വീതിച്ചു കൊടുക്കുന്ന പതിവും ഉണ്ട്. പിന്നീട് വൃത്തിയാക്കി അടുത്തനേരത്തെ ഭക്ഷണം ഒരുക്കുന്നു. 

ഓരോ ദിവസവും ചോറിനുള്ള വിഭവങ്ങള്‍ മാറ്റിക്കൊണ്ടിരിക്കും. ഇത്രയും ആളുകള്‍ക്ക് വിളമ്പുന്നതിന് സജ്ജരായി ക്ഷേത്രാംഗങ്ങള്‍ ഉണ്ടായിരിക്കും. ഭക്ഷണം ഒരുക്കുന്നതിന് കന്നിമൂലയിലെ, ദേവിയെ ആദ്യം ദര്‍ശിച്ച മണിക്കിണറിലെ വെള്ളം കോരിയെടുക്കണം. ആധുനികകാലഘട്ടത്തില്‍ പോലും പാലം വെച്ച് കോരിയെടുക്കുകയാണ് ചെയ്യുന്നത്. ഒരു കാരണവശാലും മറ്റുകിണറുകളില്‍ നിന്നും ഭക്ഷണം ഒരുക്കുന്നതിന് വെള്ളം എടുക്കാറില്ല.

ഓരേ സമയത്ത് 1800 സ്ത്രീകള്‍ക്കും 2800 പുരുഷന്‍മാര്‍ക്കും ഭക്ഷണം കഴിക്കാനാവശ്യമായ ഇരിപ്പിടങ്ങള്‍ മേല്‍പന്തലോടുകൂടി ഒരുക്കുന്നുണ്ട്. ഇതിനാവശ്യമായ കവുങ്ങ്, തെങ്ങ്, മരം, ഓല എന്നിവ ശേഖരിച്ച് ഒരുക്കുന്നത് നാട്ടില്‍ നിന്നുതന്നെയാണ്. 

ക്ഷേത്രത്തിലെ 700ഓളം വല്യക്കാരുടെയും 800ഓളം സ്ത്രീകളുടെയും കൂട്ടായ്മയോടെയാണ് ഓലമടയുകയും പന്തല്‍ ഒരുക്കുകയും ചെയ്യുന്നത്. വിശാലമായ അടുക്കളപ്പന്തല്‍ കൊത്തോല (മടയാത്ത ഓല കൊണ്ട്) പന്തല്‍ കെട്ടിസുരക്ഷിതമാക്കുന്നു.

കളിയാട്ട ദിനങ്ങളുടെ അഞ്ചാം ദിവസം വൈകുന്നേരത്തെ ഭക്ഷണത്തിന് തോരപ്പുഴുക്ക് നിര്‍ബന്ധമായും ഉണ്ടായിരിക്കും.

ആറാം ദിവസം മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരുന്ന ദിവസം വിഭവസമൃദ്ധമായ സദ്യയാണ് ഒരുക്കുന്നത്. ഉപ്പേരി (ശര്‍ക്കര, ചെറിയഉപ്പേരി) പഴം, വിശേഷിച്ച് കായക്കഞ്ഞി പായാസം, കൂട്ടുകറി, അവിയല്‍, പുളിങ്കറി, ഓലന്‍, പച്ചടി, പെരക്ക്, പുളിയിഞ്ചി എന്നിങ്ങനെ വിവിധങ്ങളായ വിഭവങ്ങളോടെ സദ്യ വിളമ്പണം.

കളിയാട്ടാരംഭദിവസം ദീപവും തിരിയും വാങ്ങിക്കാന്‍ മുച്ചിലോട്ട് ഭഗവതിയുമായി ഏറെ ബന്ധമുള്ള രയരമംഗലം ദേവിക്ഷേത്രത്തിലും, കരിവെള്ളൂര്‍ ശിവക്ഷേത്രത്തിലും എഴുന്നള്ളത്ത് പോകണം. എഴുന്നള്ളത്ത് തിരിച്ച് വരുമ്പോള്‍ ഇവിടെ അന്നദാനം ഒരുക്കേണ്ടുന്ന വിഭവങ്ങള്‍ക്കാവിശ്യമായ എണ്ണത്തില്‍ എല്ലാസാധനങ്ങളും രയരമംഗലത്തുനിന്നും ശിവക്ഷേത്രത്തില്‍ നിന്നും കൊണ്ടുവരണം. 

അടുപ്പുകൂട്ടാനുള്ള കല്ലും (3 എണ്ണം) പാകം ചെയ്യുന്നതിന് ഒരുകുടം വെള്ളം അടക്കം കൊണ്ടുവരും. കൊണ്ടുവന്ന വെള്ളം അടുപ്പത്തുവെച്ച ചെമ്പില്‍ പകര്‍ന്ന് കൊണ്ടുവന്ന ദീപം അടുക്കളയിലും പകര്‍ന്നാണ് പാചകത്തിന് തുടക്കം കുറിക്കുന്നത്.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.