Latest News

കാസര്‍കോട് പോലീസ് സ്‌റ്റേഷനില്‍ മൂന്നാം മുറ; ക്രൂരമായ മര്‍ദ്ദനമേററ മൂന്ന് യുവാക്കള്‍ ആശുപത്രിയില്‍

കാസര്‍കോട്: [www.malabarflash.com]കാസര്‍കോട് പോലീസ് സ്‌റ്റേഷനില്‍ ഒമ്പതു പേരടങ്ങുന്ന പോലീസ് സംഘം മൂന്ന് യുവാക്കളെ ക്രൂരമായ മര്‍ദനത്തിനിരയാക്കി.

 പോലീസ് മര്‍ദനത്തില്‍ ഒരാളുടെ കയ്യെല്ല് പൊട്ടി. സാരമായി പരിക്കേറ്റ ഇവരെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെണ്ടിച്ചാലിലെ അബൂബക്കറിന്റെ മകന്‍ മുഹമ്മദ് ഷബീര്‍(26), ഷബീറിന്റെ സുഹൃത്തും ബെണ്ടിച്ചാലിലെ മുഹമ്മദ് കുഞ്ഞിയുടെ മകനുമായ ഹംസ മുഹമ്മദ്(28), ഷബീറിന്റെ സഹോദരന്‍ ഷക്കീര്‍(24) എന്നിവര്‍ക്കാണ് ലോക്കപ്പില്‍ മൂന്നാം മുറയ്ക്ക് വിധേയരാകേണ്ടി വന്നത്.

മൂന്ന് പേര്‍ക്കും ദേഹമാസകലം പരിക്കേറ്റു. ഇതില്‍ ഹംസ മുഹമ്മദിനാണ് ഭീകരമായി മര്‍ദനമേറ്റത്. ഷബീറിന്റെ കയ്യൊടിയുകയും ചെയ്തു.

ബുധനാഴ്ച ഉച്ചയക്ക് 12 മണിയോടെ കോളിയടുക്കത്ത് വെച്ച് ഷബീര്‍ ഓടിച്ച കെഎല്‍ 14 ടി 452 നമ്പര്‍ ബൈക്ക് ഹെല്‍മെറ്റില്ലാത്തതിന്റെ പേരില്‍ ബൈക്കില്‍ പട്രോളിംഗ് നടത്തുകയായിരുന്ന രണ്ട് പോലീസുകാര്‍ പിടികൂടിയിരുന്നു. ഇവരുടെ ബൈക്കില്‍ നമ്പറിന്റെ സ്ഥാനത്ത് സ്റ്റിക്കറൊട്ടിച്ചതിനാല്‍ ബൈക്ക് സ്‌റ്റേഷനിലേക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു. സംഭവം കണ്ട് ആളുകള്‍ കൂടുകയും ചെയ്തു. പിഴ ഈടാക്കി വിട്ടയക്കണമെന്ന് സ്ഥലത്തുണ്ടായിരുന്നവര്‍ പോലീസിനോട് പറഞ്ഞിരുന്നു. 

ഇതിനിടയില്‍ പോലീസുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂമില്‍ നിന്നും കൂടുതല്‍ പോലീസുകാരെത്തി ബൈക്ക് കസ്റ്റഡിയിലെടുത്ത് രേഖകളുമായി സ്‌റ്റേഷനിലെത്താന്‍ ആവശ്യപ്പെട്ടു.
ബൈക്കിന്റെ രേഖകളുമായി മൂന്ന് പേരും കാസര്‍കോട് സ്‌റ്റേഷനിലെത്തി സിഐയെ ആദ്യം കണ്ടു. സിഐ കണ്‍ട്രോള്‍ റൂമിലെ പോലീസുകാരെ വിളിച്ചുവരുത്തി സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി പിഴയീടാക്കി വിട്ടയക്കാന്‍ നിര്‍ദേശിച്ചു. 

എന്നാല്‍ ഇവരെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോകാതെ പോലീസുകാര്‍ നേരെ തൊട്ടടുത്തുള്ള കണ്‍ട്രോള്‍ റൂമിലേക്കാണ് കൊണ്ടുപോയത്. ഇവിടെ എത്തിച്ച ശേഷമാണ് ഇവര്‍ക്കുനേരെ ക്രൂരമായ മര്‍ദനം അഴിച്ചുവിട്ടത്. ബൈക്ക് പിടികൂടിയ സമയത്ത് ആളുകള്‍ക്ക് മുന്നില്‍ വെച്ച് പോലീസിനെ അപമാനിച്ചുവെന്ന് പറഞ്ഞാണ് മര്‍ദിച്ചത്. ഇവരെ അടിച്ചുനിലത്തിട്ട ശേഷം ഷൂസിട്ട കാല് കൊണ്ട് ചവിട്ടുകയും ലാത്തി കൊണ്ട് അടിക്കുകയും ചെയ്തു. കസേര കൊണ്ട് ദേഹത്ത് വെച്ച് തങ്ങളെ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നുവെന്ന് ആശുപത്രിയില്‍ കഴിയുന്നവര്‍ പറഞ്ഞു.

ഇവരുടെ നിലവിളി കേട്ട് സ്‌റ്റേഷനില്‍ നിന്നും മറ്റു പോലീസുകാര്‍ ഓടിയെത്തിയതോടെയാണ് മര്‍ദനം അവസാനിപ്പിച്ചത്. അവശനിലയില്‍ യുവാക്കളുടെ അവസ്ഥ കണ്ട് ഓടിയെത്തിയ പോലീസുകാര്‍ പോലും ഞെട്ടിത്തരിച്ചു. പിന്നീട് സംഭവം വിവാദമാകുമെന്ന് ബോധ്യമായതോടെ ഇവര്‍ക്കെതിരെ പോലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തു. പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരെ ബൈക്കിലും കാറിലും എത്തിയവര്‍ ബൈക്കില്‍ നിന്നും വലിച്ച് താഴെയിടുകയും ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തുകയും ചെയ്തുവെന്നാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.

എഴുന്നേററ് നില്‍ക്കാന്‍ പോലും പററാത്ത അവസ്ഥയിലായ യുവാക്കളെ വൈകുന്നേരത്തോടെ വിട്ടയക്കുകയായിരുന്നു. ബന്ധുക്കളെത്തിയാണ് യുവാക്കളെ ആശുപത്രിയില്‍ എത്തിച്ചത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.