Latest News

റാഗിങ്ങിനിരയായ വിദ്യാര്‍ഥിയുടെ വൃക്ക തകര്‍ന്നു; നഗ്‌നനാക്കി വ്യായാമം, വിഷം കലര്‍ന്ന മദ്യം നല്‍കി

തൃശൂര്‍: കോട്ടയം നാട്ടകം പോളിടെക്‌നിക് കോളജില്‍ ക്രൂരമായി റാഗിങ്ങിനിരയായ ഒന്നാംവര്‍ഷം വിദ്യാര്‍ഥിയുടെ വൃക്ക തകര്‍ന്നു. ഇരിങ്ങാലക്കുട സ്വദേശി അവിനാഷാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിനെത്തുടര്‍ന്ന് ആശുപത്രിയിലായത്. 

ഹോസ്റ്റലില്‍ വച്ച് നഗ്‌നനാക്കി ആറുമണിക്കൂറോളം വ്യായാമമുറകള്‍ ചെയ്യിച്ചശേഷം വിഷം കലര്‍ന്ന മദ്യം കുടിപ്പിക്കുകയായിരുന്നു. മദ്യത്തിലെ വിഷാംശമാണ് വൃക്ക തകരാറിലാക്കിയതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തടഞ്ഞുവച്ചാണ് മദ്യംകുടിപ്പിച്ചതെന്ന് അവിനാഷിന്റെ അമ്മ രാധ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെ എറണാകുളം സ്വദേശിയായ ഒന്നാം വര്‍ഷവിദ്യാര്‍ഥിയും ക്രൂരമായ റാഗിങ്ങിന് ഇരയായിരുന്നു. പോളിടെക്‌നിക് കോളജിന്റെ ഹോസ്റ്റലില്‍ രണ്ടിനായിരുന്നു സംഭവം. ഒന്നാം വര്‍ഷ മെക്കാനിക്കല്‍ ഡിപ്ലോമാ കോഴ്‌സിനായി ഓഗസ്റ്റിലാണ് എറണാകുളം സ്വദേശിയായ പതിനേഴുകാരന്‍ പോളിടെക്‌നിക് കോളജില്‍ എത്തിയത്. രണ്ടിന് അര്‍ധരാത്രിയോടെ ഹോസ്റ്റല്‍ മുറിയില്‍ എത്തിയ സീനിയര്‍ വിദ്യാര്‍ഥികള്‍ തന്നെ മറ്റൊരു മുറിയിലേക്കു കൂട്ടിക്കൊണ്ടു പോകുകയായിരുന്നെന്നു വിദ്യാര്‍ഥി പോലീസിനു മൊഴി നല്‍കി.

ഈ മുറിയില്‍ ഒന്നിലധികം ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ പൂര്‍ണ നഗ്‌നരാക്കി നിര്‍ത്തിയിരുന്നു. സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് വസ്ത്രം അഴിപ്പിച്ചശേഷം അന്‍പത് പുഷ്അപ് എടുക്കാന്‍ നിര്‍ബന്ധിച്ചു. പുഷ്അപ് എടുക്കുന്നതിനിടെ പല തവണ കുഴഞ്ഞു വീണെങ്കിലും റാഗിങ് തുടര്‍ന്നു. പുഷ്അപ് പൂര്‍ത്തിയാക്കിയ ശേഷം നൂറു തവണ സിറ്റ്അപ് എടുപ്പിച്ചു. പിന്നീട് ശുചിമുറിയില്‍ എത്തിച്ചശേഷം തലയിലൂടെ അരമണിക്കൂറിലേറെ തണുത്ത വെള്ളം ഒഴിച്ചതായും വിദ്യാര്‍ഥി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍, രണ്ടു വിദ്യാര്‍ഥികളെയും റാഗിങ്ങിനിരയാക്കിയത് ഒരേ വിദ്യാര്‍ഥികള്‍ തന്നെയാണോയെന്ന് അറിവായിട്ടില്ല.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.