Latest News

15 വര്‍ഷത്തിനു ശേഷം ഷാരൂഖ് സല്‍മാനൊപ്പം ഒരു പ്രധാന വേഷത്തിലെത്തുന്നു; വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം


മുംബൈ: ഏക് ഥാ ടൈഗറിന്റെയും ബജ്‌റംഗി ഭായ്ജാനിന്റെയും സംവിധായകനായ കബീര്‍ ഖാന്‍ സല്‍മാന്‍ ഖാനുവേണ്ടി ട്യൂബ്‌ലൈറ്റ് എന്ന പുതുചിത്രമൊരുക്കുന്ന വാര്‍ത്ത നാം നേരത്തേ കേട്ടതാണ്. എന്നാല്‍ ചിത്രത്തേപ്പറ്റി വാര്‍ത്ത പുറത്തുവന്നയുടനെ തന്നെ അതില്‍ ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഒരു വേഷം ചെയ്യുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നിരുന്നു. [www.malabarflash.com]

വാര്‍ത്ത സത്യമാണെങ്കില്‍ ബോളിവുഡിന്റെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ ചിത്രമാണ് പിറക്കുക എന്ന് അന്നേ സിനിമാ മേഖലയിലെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇപ്പോള്‍ വാര്‍ത്തയ്ക്ക് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുകയാണ്. ചിത്രത്തിലെ ഷാരൂഖിന്റെ സാന്നിദ്ധ്യം മാത്രമല്ല, അദ്ദേഹം ചെയ്യുന്ന വേഷവും വെളിപ്പെട്ടിരിക്കുകയാണ്.

ഇങ്ങനെയൊരു വാര്‍ത്ത കേട്ടപ്പോള്‍ തന്നെ ഷാരൂഖ് മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. 'നിങ്ങള്‍ ഇങ്ങനെയൊരു കാര്യം ചിത്രത്തിന്റെ നിര്‍മാതാക്കളോട് ചോദിക്കൂ. അവര്‍ നിങ്ങളോടത് വ്യക്തമാക്കും' എന്നാണ് അദ്ദേഹം പറഞ്ഞത്. സല്‍മാനും കബീറും ചേര്‍ന്നാണ് ട്യൂബ്‌ലൈറ്റ് നിര്‍മിക്കുന്നത്.

മറ്റാരുമല്ല, ചിത്രത്തിന്റെ സംവിധായകന്‍ കബീര്‍ ഖാന്‍ തന്നെയാണ് ഇതു സംബന്ധിച്ച കാര്യങ്ങള്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരിക്കുന്നത്. 'ശരിയാണ്. ട്യൂബ്‌ലൈറ്റില്‍ ഷാരൂഖും ഉണ്ടാവും. പക്ഷേ ഇപ്പോള്‍ അദ്ദേഹത്തിന്റെ വേഷത്തേപ്പറ്റി കൂടുതല്‍ പറയാനാവില്ല' കബീര്‍ പറഞ്ഞു.

എന്നാല്‍ സംവിധായകന്റെ പ്രതികരണം വന്നയുടന്‍ ചിത്രത്തോടടുത്ത വൃത്തങ്ങള്‍ ഷാരൂഖിന്റെ വേഷം എന്താകുമെന്ന് പറഞ്ഞുകഴിഞ്ഞു. ഒരു മാന്ത്രികനായാവും അദ്ദേഹം അഭിനയിക്കുക. വാര്‍ത്ത പുറത്തായത് വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നായതിനാല്‍ ഇത് അണിയറ പ്രവര്‍ത്തകര്‍ നിക്ഷേധിച്ചിട്ടില്ല.

1962ലെ ഇന്ത്യചൈന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ട്യൂബ്‌ലൈറ്റ് ഒരുങ്ങുന്നത്.  ചൈനക്കാരിയായ നടിയാണ് ചിത്രത്തില്‍ സല്‍മാന്റെ നായിക. നേരത്തെ സല്‍മാന്‍ ഷാറൂഖിനൊപ്പം ഓം ശാന്തി ഓം എന്ന ചിത്രത്തിലെ ഗാനരംഗത്തില്‍ മുഖം കാണിച്ചിരുന്നു.




Keywords: Film News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.