Latest News

മുലയൂട്ടുന്നുവെന്നത് തെളിയിക്കണമെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍


ബെര്‍ലിന്‍: മുലപ്പാല്‍ ശേഖരിക്കുന്ന ഉപകരണം(ബ്രെസ്റ്റ് പമ്പ്) കയ്യില്‍ കരുതിയ യുവതിയോട് താന്‍ മുലയൂട്ടുന്ന അമ്മയാണെന്ന് തെളിയിക്കാന്‍ വിമാനത്താവള അധികൃതര്‍ ആവശ്യപ്പെട്ടതായി യുവതിയുടെ പരാതി. ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലാണ് സംഭവം. [www.malabarflash.com]

സിങ്കപ്പൂരില്‍ നിന്നുള്ള 33കാരിയായ ഗായത്രി ബോസാണ് വിമാനത്താവള അധികൃതരുടെ മനുഷ്യത്വ രഹിതമായ പെരുമാറ്റത്തിന് ഇരയായത്. പാരിസിലേക്ക് പോകാനാണ് ഫ്രാങ്ക്ഫര്‍ട്ട് എയര്‍പോര്‍ട്ടില്‍ വന്നത്. ഗായത്രിയുടെ ബാഗിലുള്ള 'ബ്രെസ്റ്റ് പമ്പ്' സ്‌കാനറില്‍ കണ്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യലിനായി അവരെ പ്രത്യേക മുറിയിലേക്ക് വിളിക്കുകയായിരുന്നു. 

താന്‍ പാലൂട്ടുന്ന അമ്മയാണെന്ന് പറഞ്ഞപ്പോള്‍ കുട്ടിയെവിടെയെന്നും കുട്ടിയെ നിങ്ങള്‍ സിങ്കപ്പൂരില്‍ വെച്ച് പോന്നോ എന്നും വളരെ മോശമായ സ്വരത്തോടെയാണ് ഉദ്യോഗസ്ഥര്‍ തന്നെ ചോദ്യം ചെയ്തതെന്നും യുവതി പറയുന്നു.

പാല്‍ ശേഖരിക്കുന്ന ഉപകരണമാണിതെന്ന് പറഞ്ഞപ്പോള്‍ ഉദ്യോഗസ്ഥര്‍ വിശ്വസിക്കാന്‍ കൂട്ടാക്കിയില്ല. പാസ്‌പോര്‍ട്ട് വാങ്ങി യുവതിയെ തടഞ്ഞു വെച്ചു. വനിതാ പോലീസിന്റെ അകമ്പടിയോടെ മറ്റൊരു മുറിയിലേക്ക് തുടര്‍ ചോദ്യം ചെയ്യലിനായി കൊണ്ടു പോയി. എന്നാല്‍ മുറിയില്‍ വെച്ച് പാലൂട്ടുന്ന അമ്മയാണെന്ന സ്വയം തെളിയിക്കണമെന്ന് ഗായത്രിയോട് വനിതാ പോലീസ് ഓഫീസര്‍ ആവശ്യപ്പെടുകയായിരുന്നു. 

മേല്‍ വസ്ത്രം അഴിച്ച് മാറിടം കാട്ടാന്‍ തന്നോട് ആവശ്യപ്പെട്ടെന്ന് നിറകണ്ണുകളോടെയാണ് യുവതി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. എന്നിട്ടും ബോധ്യപ്പെട്ടില്ലെന്ന് പറഞ്ഞ ഉദ്യോഗസ്ഥ യുവതിയോട് പാല്‍ പിഴിഞ്ഞ് കാണിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

മുറിക്ക് പുറത്തിറങ്ങിയ താന്‍ പൊട്ടിക്കരഞ്ഞെന്നും വലിയ മാനസിക ആഘാതമാണ് സംഭവം തന്നിലുണ്ടാക്കിയതെന്നും യുവതി പറയുന്നു.'സുരക്ഷാ പരിശോധന അനിവാര്യമാണ് , പക്ഷെ അത് ഒരു സ്ത്രീയെ അപമാനിച്ചുകൊണ്ടാവരുത്' ഗായത്രി കൂട്ടിച്ചേര്‍ക്കുന്നു.

മൂന്നും വയസ്സും 7മാസം പ്രായവുമുള്ള രണ്ട് കുട്ടികളുള്ള ഗായത്രി വിമാനത്താവള അധികൃതര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ്.




Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.