Latest News

മോഷ്ടാവിനെ വിളിച്ചിറക്കി കൊണ്ടുപോയി തല്ലിക്കൊന്നു



പയ്യന്നൂര്‍: കുപ്രസിദ്ധ മോഷ്ടാവിനെ വീട്ടില്‍ നിന്ന് വലിച്ചിറക്കി കാലുകള്‍ കൂട്ടികെട്ടിയ ശേഷം തല്ലിക്കൊന്നു. പരിയാരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ തിരുവട്ടൂരിലാണ് ഉത്തരേന്ത്യയില്‍ നിന്ന് മാത്രം കേട്ടുകേള്‍വിയുള്ള രീതിയിലുള്ള കൊലപാതകം നടന്നത്.  [www.malabarflash.com]

തളിപ്പറമ്പ് മൊട്ടന്റകത്തെ അബ്ദുള്‍ ഖാദര്‍ എന്ന ഖാദറി(38)നെയാണ് കൊലപ്പെടുത്തിയത്. ബുധനാഴ്ച രാവിലെ വഴിയാത്രക്കാരാണ് കാലുകള്‍ ചൂടി കയര്‍ കൊണ്ട് കൂട്ടികെട്ടിയ നിലയില്‍ ഖാദറിന്റെ മൃതദേഹം കണ്ടെത്തിയത്. തോര്‍ത്തും ബനിയനുമാണ് വേഷം. ശരീരമാസകലം അടിയേറ്റതിന്റെ പാടുകളുമുണ്ട്. ഒരു കൈ തല്ലിയൊടിച്ച നിലയിലാണ്. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഖാദര്‍.

ധര്‍മ്മശാല പെട്രോള്‍ പമ്പിന് സമീപത്ത് ദേശീയപാതയോരത്ത് നിര്‍ത്തിയിട്ട അന്യ സംസ്ഥാനങ്ങളിലെ ലോറി ഡ്രൈവര്‍മാരുടെ പണം കവര്‍ന്ന കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിഞ്ഞിരുന്ന ഖാദര്‍ മൂന്നാഴ്ച്ച മുമ്പാണ് പുറത്തിറങ്ങിയത്. അതിന് ശേഷം ചെറിയ കവര്‍ച്ചകള്‍ നടത്തി. ഭര്‍ത്താവിന്റെ ചെയ്തിയില്‍ മനംനൊന്ത് ഭാര്യ ഷെരീഫ മക്കളായ നബീര്‍, നസീറ എന്നിവരെയും കൂട്ടി തിരുവട്ടൂരിലെ സ്വന്തം വീട്ടിലേക്ക് പോയിരുന്നു. തന്നോടൊപ്പം വരണമെന്ന് ഖാദര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഭാര്യ അതിന് തയ്യാറായിരുന്നില്ല. ഇതിന്റെ വിരോധത്തില്‍ തളിപ്പറമ്പ് ഫയര്‍ഫോഴ്‌സിനെ ഫോണ്‍ ചെയ്ത് ഭാര്യ വീട്ടില്‍ തീപിടിച്ചുവെന്ന് പറഞ്ഞ് കബളിപ്പിച്ചിരുന്നു.

ഫയര്‍ഫോഴ്‌സ് സ്ഥലത്ത് എത്തിയപ്പോഴായിരുന്നു കബളിപ്പിച്ചതാണെന്ന് വ്യക്തമായത്. പരിയാരം മെഡിക്കല്‍ കോളേജിന്റെ ആംബുലന്‍സ് ഡ്രൈവറെയും വിളിച്ചിരുന്നു. ഈ സംഭവങ്ങളില്‍ പൊലീസ് കേസെടുത്തിരുന്നു. ഏറ്റവും ഒടുവില്‍ പരിയാരത്തെ ഓട്ടോ ഡ്രൈവറെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി തിരുവട്ടൂരിലേക്ക് ഓട്ടംപോയിരുന്നു. വാടക നല്‍കാതെയാണ് വിട്ടയച്ചത്. അന്ന് രാത്രി സ്ഥലത്ത് നിര്‍ത്തിയിട്ടിരുന്ന ബസിന്റെ സീറ്റുകള്‍ മുഴുവന്‍ കുത്തിക്കീറുകയും ഇക്കാര്യം ബസിന്റെ ഡ്രൈവറെ വിളിച്ചു പറയുകയും ചെയ്തിരുന്നു. ഈ സംഭവത്തിന്റെ തുടര്‍ച്ചയായിട്ടാണ് കാറിലെത്തിയ ആറംഗ സംഘം ബുധനാഴ്ച പുലര്‍ച്ചെ 1.30ന് ഖാദറിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയത്. സമീപത്തെ വയലിലെത്തിച്ച ശേഷം മര്‍ദ്ദിക്കുകയും നിലവിളികേട്ട് പരിസരവാസികള്‍ എത്തിയപ്പോള്‍ സംഘം ഖാദറിനെ കാറില്‍ കയറ്റി തിരുവട്ടൂരിലേക്ക് കൊണ്ടുപോവുകയും കാലുകള്‍ കൂട്ടികെട്ടി തല്ലിക്കൊല്ലുകയുമായിരുന്നുവെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

കൊലപാതകത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. മോഷ്ടാവായ ഖാദറിനെ നേരത്തെയും നാട്ടുകാര്‍ മര്‍ദ്ദിച്ചിരുന്നു. അന്ന് കാലെല്ല് പൊട്ടിയതിനാല്‍ സ്റ്റീലിട്ടാണ് നടന്നിരുന്നത്. പിതാവ് ഖാദറിന്റെ ചെറുപ്പത്തിലെ മാതാവിനെ ഉപേക്ഷിച്ച് പോയിരുന്നു. ചെറുപ്പത്തില്‍ കിടപ്പറ നോട്ടത്തിലൂടെയാണ് ഖാദര്‍ കുറ്റകൃത്യങ്ങളിലേക്ക് തിരിഞ്ഞത്. പിന്നീട് മോഷണത്തിലെത്തി. മദ്യപാനം തുടങ്ങിയതോടെ മോഷണം പതിവാക്കിയതായി പോലീസ് കൂട്ടിച്ചേര്‍ത്തു.

Keywords: Payyannur, Kannur, Kerala, Kerala news, News, death, Murder,

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.