കാസര്‍കോട്: പൈവളികെ ബായാറിനടുത്ത് സുന്നാഡെ ചക്കരഗുജെയിലെ പൊട്ടക്കിണറ്റില്‍ യുവാവിന്റെ ജഡം കണ്ടെത്തി. കൊലയാണെന്നാണ് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.[www.malabarflash.com]
ഉച്ചയ്ക്ക് 2 മണിക്ക് നിലവിളി കേട്ടിരുന്നതായി നാട്ടുകാരില്‍ ചിലര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മരിച്ച യുവാവിന്റെ പാന്റ്‌സിന്റെ മുന്‍വശത്തെയും പിന്‍വശത്തെയും കീശയില്‍ നിന്ന് മൂന്ന് ലക്ഷത്തി പതിനായിരം രൂപ പോലീസ് കണ്ടെടുത്തു.
ഉച്ചയ്ക്ക് നിലവിളിയും ആക്രോശവും കേട്ട സ്ഥലത്തേക്ക് പോകാന്‍ ആദ്യം ആരും ധൈര്യപ്പെട്ടിരുന്നില്ല. വൈകിട്ട് അഞ്ചരമണിയോടെ നാട്ടുകാരില്‍ ചിലര്‍ ചെന്ന് നോക്കിയപ്പോഴാണ് ഏതോ ഒരു വാഹനത്തിന്റെ സൈഡ് മിറര്‍ പൊട്ടിവീണ നിലയില്‍ കണ്ടത്. തൊട്ടടുത്തായി മണ്ണില്‍ രക്തക്കറയും കണ്ടെത്തി. ഈ ഭാഗത്ത് പരിശോധിക്കുന്നതിനിടയില്‍ പൊട്ടക്കിണറ്റില്‍ ജഡം കണ്ടു. ഉടന്‍ പോലീസില്‍ അറിയിക്കുകയായിരുന്നു.
കുമ്പള സി.ഐ വി.വി. മനോജിന്റെ നേതൃത്വത്തില്‍ പോലീസ് സംഘമെത്തി അന്വേഷണം തുടങ്ങി. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്. ആറടിയിലേറെ നീളവും നല്ല തടിയുമുള്ള ആജാനുബാഹുവാണ് മരിച്ചത്. പാന്റ്‌സും ഷര്‍ട്ടുമാണ് വേഷം.
പണമല്ലാതെ കീശയില്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഇരുട്ടായതിനാല്‍ കിണറിനകം പരിശോധിച്ചിട്ടില്ല. വ്യാഴാഴ്ച കിണറിലിറങ്ങി പോലീസ് അന്വേഷണം നടത്തും. വിരലടയാളവിദഗ്ധരും പോലീസ് നായയും വ്യാഴാഴ്ച സ്ഥലത്തെത്തി പരിശോധിക്കും.
തലയിലല്ലാതെ ദേഹത്ത് വലിയ പരിക്കുകളൊന്നുമില്ല. തലയില്‍ ഏഴിലേറെ മുറിവുകളുണ്ട്. കിണറ്റില്‍ വീഴുമ്പോള്‍ തലയടിച്ചുണ്ടായ പരിക്കാകാനും സാധ്യതയുണ്ട്. എന്നാല്‍ കിണറിന് 20 മീറ്റര്‍ അകലെയുള്ള രക്തക്കറ ദുരൂഹതയുണര്‍ത്തുന്നു. വണ്ടിയുടെ പൊട്ടിയ കണ്ണാടിയും സംശയം ഇരട്ടിപ്പിക്കുന്നു.
കൊല്ലപ്പെട്ട യുവാവിനെ നാട്ടുകാര്‍ക്ക് പരിചയമില്ല. കര്‍ണാടക സ്വദേശിയാണെന്ന് സംശയിക്കുന്നു. ടാര്‍ റോഡും കഴിഞ്ഞുള്ള ചെമ്മണ്‍ റോഡരികിലെ കുറ്റിക്കാട്ടിലാണ് പൊട്ടക്കിണര്‍. ഇവിടെ നിന്നും 100 മീറ്റര്‍ അകലെ ഒരു വീടുണ്ട്. അവിടെയാണ് റോഡ് അവസാനിക്കുന്നത്. കേരള കര്‍ണാടക അതിര്‍ത്തി പ്രദേശമാണിത്.
കിണറിന് കുറച്ചകലെയുള്ള ഒരു വീട്ടില്‍ ക്യാമറ സ്ഥാപിച്ചിരുന്നു. ഇത് പരിശോധിച്ചെങ്കിലും റോഡിലൂടെ സംശയ സാഹചര്യത്തില്‍ വാഹനം കടന്നുപോയതായി കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരു ഓമ്‌നി വാന്‍ പോകുന്ന ദൃശ്യമുണ്ട്. ഇത് നാട്ടുകാരിലൊരാളുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ആരെയെങ്കിലും തട്ടിക്കൊണ്ടുവന്ന് കൊന്ന് കിണറ്റില്‍ തള്ളിയതാണോയെന്നാണ് സംശയം. പിടിവലിക്കിടയില്‍ തലക്കടി കിട്ടിയപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച് കിണറ്റില്‍ വീണതാകാനും സാധ്യതയുണ്ട്.
മൃതദേഹം മംഗല്‍പാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് മാറ്റി. വിദഗ്ധ പോസ്‌ററുമോര്‍ട്ടത്തിനായി വ്യാഴാഴ്ച പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.
No comments:
Post a Comment