ബേക്കല്‍: നാടിനെ നടുക്കിയ പാതിരാകൊലപാതകത്തിന്റെ പ്രധാന തെളിവെന്ന് അന്വേഷണ സംഘം കണക്കു കൂട്ടിയിരുന്ന മുടി കൊലയാളിയുടേതല്ല. ഇതോടെ പനയാല്‍, പെരിയാട്ടടുക്കത്തെ ദേവകി കൊലക്കേസിന്റെ അന്വേഷണം സ്‌തംഭനാവസ്ഥയിലേക്ക്.[www.malabarflash.com]
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
കൊലയാളികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സി പി എം പനയാല്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചതിന് പിന്നാലെയാണ് `മുടി’യിന്മേലുള്ള പ്രതീക്ഷയും കെട്ടടങ്ങുന്ന വിവരം പുറത്ത് വന്നത്.
ഈ മാസം 13ന് രാത്രി ഒന്നിനും രണ്ടിനുമിടയിലാണ് കാട്ടിയടുക്കത്തെ വീട്ടില്‍ തനിച്ചു താമസിക്കുന്ന ദേവകി (68) കൊല്ലപ്പെട്ടത്. കഴുത്തു ഞെരുക്കി ശ്വാസം മുട്ടിച്ചുമാണ് ദേവകിയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. യാതൊരു തെളിവുകളും അവശേഷിപ്പിക്കാതെയാണ് കൊല നടത്തിയത്. ആസൂത്രിതമായാണ് കൊല നടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
അടിപാവാടയും ബ്ലൗസും മാത്രം ധരിച്ച് കമിഴ്‌ന്ന് കിടന്ന നിലയിലാണ് മൃതദേഹം കാണപ്പെട്ടത്. ദേവകിയുടെ കൈവിരലിന്റെ നഖത്തിനിടയില്‍ നിന്നാണ് കൊലയാളിയുടേതെന്ന് കരുതിയിരുന്ന മുടി കണ്ടെത്തിയത്. ഇത് ആരുടേതാണെന്ന് തിരിച്ചറിയുന്നതിന് ഫോറന്‍സിക് ലാബിലേക്ക് പരിശോധനയ്‌ക്ക് അയച്ചിരുന്നു. ഇതിന്റെ പരിശോധന പൂര്‍ത്തിയായി. കൊല്ലപ്പെട്ട ദേവകിയുടെതാണ് മുടിയെന്നാണ് പരിശോധന നടത്തിയ ലാബ് അധികൃതര്‍ അന്വേഷണ സംഘത്തെ വാക്കാല്‍ അറിയിച്ചിട്ടുള്ളത്.
ഔദ്യോഗിക റിപ്പോര്‍ട്ട് ഉടന്‍ ലഭിക്കും.
മുടി കൊലയാളിയുടേതല്ലെന്ന് വ്യക്തമായതോടെ നാടിനെ നടുക്കിയ കൊലക്കേസിന്റെ അന്വേഷണം സ്‌തംഭനാവസ്ഥയിലേക്ക് നീങ്ങുകയാണ്. കൊലപാതകവുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി പേരെ ചോദ്യം ചെയ്‌തു കഴിഞ്ഞു. പ്രദേശവാസികളായ ആരെങ്കിലുമായിരിക്കും കൊലയാളിയെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കൊല്ലപ്പെട്ട ദേവകിയുടെ മക്കള്‍, മരുമക്കള്‍, പേരമക്കള്‍ തുടങ്ങിയവരെയെല്ലാവരെയും ചോദ്യം ചെയ്‌തു. ഇതില്‍ ഒരാളുടെ മൊഴിയില്‍ മാത്രമാണ് കാര്യമായ വൈരുദ്ധ്യമുള്ളതെന്ന് അന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ അടുത്ത ബന്ധുവായ സ്‌ത്രീയില്‍ നിന്ന് തിങ്കളാഴ്ച വീണ്ടും മൊഴിയെടുത്തു. ഇതിന്റെ വിശദാംശങ്ങള്‍ പുറത്തായിട്ടില്ല.
ഇതിനിടയില്‍ ദേവകിയുടെ കൊലയാളികളെ ഉടന്‍ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് സി പി എം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച വൈകീട്ട് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു.
അജയന്‍ പനയാല്‍, എം കുമാരന്‍, ടി മുഹമ്മദ്‌കുഞ്ഞി, മണിമോഹന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി തുടങ്ങിയവര്‍ സംസാരിച്ചു. പ്രക്ഷോഭത്തിന്റെ ഭാഗമായി ആറിന് പെരിയാട്ടടുക്കത്ത് ധര്‍ണ്ണ നടത്താന്‍ തീരുമാനിച്ചു. കമ്മിറ്റി ചെയര്‍മാനായി മുഹമ്മദ്‌കുഞ്ഞിയെയും കണ്‍വീനറായി ബി മോഹനനെയും തെരഞ്ഞെടുത്തു.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment