Latest News

ചോക്ലേറ്റ് വിറ്റതിന് ഡോക്ടറെ അറസ്റ്റ് ചെയ്തു; ഫ്‌ളേവറായി ഉപയോഗിച്ചത് കഞ്ചാവാണെന്നുമാത്രം!


ഹൈദരാബാദ്: ചോക്ലേറ്റുകളില്‍ പലതരം ഫ്‌ളേവറുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഹൈദരാബാദില്‍ ചോക്ലേറ്റ് വിറ്റ് അറസ്റ്റ് വരിച്ച ഡോക്ടര്‍ ചേര്‍ത്തതുപോലുള്ള ഫ്‌ളേവര്‍ ഇതുവരെയാരും ഉപയോഗിച്ചിട്ടുണ്ടാവില്ല. മറ്റൊന്നുമല്ല, രുചി കൂടാന്‍ ഒരല്‍പം കഞ്ചാവ്. 

അത്ര മാത്രമേ ഡോക്ടര്‍ തന്റെ ഉത്പ്പന്നത്തില്‍ ചേര്‍ത്തുള്ളൂ. വിപണിയില്‍ ലഭ്യമല്ലാത്ത ഒരു അസംസ്‌കൃത വസ്തുവിന്റെ രുചി തന്റെ ഉപഭോക്താക്കളും ഒന്നറിയട്ടെ എന്ന് ചിന്തിച്ച ഡോക്ടര്‍ പക്ഷെ പോലീസ് പിടിയിലായി.

ഹൈദരാബാദുകാരനായ മുഹമ്മദ് സുജാതാണ് പോലീസ് പിടിയിലായത്. തന്റെ പണിയായുധങ്ങളുമായി പിടിയിലായിക്കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ തന്റെ ബിസിനസ് തന്ത്രങ്ങള്‍ വിശദീകരിച്ച് പോലീസിനെ ഞെട്ടിച്ചുകളഞ്ഞു. ഡോക്ടര്‍ മുഹമ്മദ് സുജാത് അലിഖാന്‍ എംബിബിഎസ് പാസായത് ഹൈദരാബാദിലെ ഡെക്കാന്‍ മെഡിക്കല്‍ കോളേജില്‍ നിന്ന് 2006ലാണ്. അതുകഴിഞ്ഞ് നിസാം ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ന്യൂറോളജി വിഭാഗത്തില്‍ ജോലി. 2014 ല്‍ ജോലിവിട്ടു. പിന്നീട് ഒരു ജിംനേഷ്യത്തില്‍ ഫിറ്റ്‌നസ് കണ്‍സള്‍ട്ടന്റായി ഉപജീവനം കഴിച്ചുവരുന്നതിനിടയിലാണ് ഒരു കൊച്ചു ബിസിനസായാലെന്താ എന്ന ചിന്ത മനസില്‍ തോന്നിത്തുടങ്ങിയത്. ഇന്റര്‍നെറ്റില്‍ പരതി ആശയവും കണ്ടെത്തി. ചോക്ലേറ്റ് വില്‍പ്പന. അപ്പോഴും പ്രശ്‌നം അവശേഷിച്ചു. ഈ ചോക്ലേറ്റ് എങ്ങനെ മറ്റു ചോക്ലേറ്റുകളില്‍ നിന്ന് വ്യത്യസ്തമാക്കും?

അങ്ങനെ കഞ്ചാവിന്റെ ചെറുകിട വില്‍പനക്കാരില്‍നിന്ന് സാധനം വാങ്ങി അദ്ദേഹം ചെറിയ രീതിയില്‍ തുടങ്ങി. കഞ്ചാവ് നന്നായി പൊടിച്ചാണ് ചോക്ലേറ്റുമായി കൂട്ടിക്കലര്‍ത്തിയത്. ഉത്പ്പന്നം വിറ്റുതുടങ്ങിയപ്പോള്‍ വിപണിയില്‍ വന്‍ ഹിറ്റ്! ഒരു തവണ വാങ്ങി ഉപയോഗിച്ചവര്‍ക്ക് പിന്നീട് ഡോക്ടറുടെ ചോക്ലേറ്റ് കൂടാതെ ജീവിക്കാന്‍ പറ്റില്ലെന്നായി. ഇതറിഞ്ഞ് ദൂര നാടുകളില്‍ നിന്നു പോലും ആളുകള്‍ എത്തിത്തുടങ്ങി. സോഷ്യല്‍ മീഡിയയില്‍ വന്‍ മാര്‍ക്കറ്റിംഗ് സന്നാഹവും ഡോക്ടര്‍ ഒരുക്കി. 'ചോക്ലേറ്റിന്റെ വീര്യം' X, XX, XXX, 4X, 5X, 6X എന്നിങ്ങനെ തരം തിരിക്കുകയും ചെയ്തു.

അങ്ങനെ ഫോണില്‍ പുതിയ ഉപഭോക്താവിന്റെ വിളിയും കാത്തിരുന്നപ്പോഴാണ് പോലീസ് സംഗതി മണത്തറിഞ്ഞ് ഡോക്ടറെ പിടികൂടുന്നത്. ഇതുകൊണ്ട് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് ഡോക്ടര്‍ മുഹമ്മദ് സുജാത് അലിഖാന്റെ ഉപഭോക്താക്കള്‍ തന്നെയാവും. അവര്‍ തങ്ങളുടെ പ്രിയ ഡോക്ടറുടെ അറസ്റ്റിനോട് എങ്ങനെ പ്രതികരിക്കുമെന്ന് ഏതായാലും കണ്ടറിയണം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.