ചെന്നൈ: ജെല്ലിക്കെട്ട് പ്രക്ഷോഭത്തെ തുടര്‍ന്ന് മറീന ബീച്ചിലെ നടുകൂപ്പം ഗ്രാമത്തിലെ പോലീസ് അതിക്രമം സ്ഥിരീകരിച്ച് വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ജനുവരി 23ന് ഗ്രാമത്തിലേക്ക് കടന്ന പോലീസ് വ്യാപക അക്രമമാണ് അഴിച്ചുവിട്ടതെന്ന് ഗ്രാമവാസികളുടെ ആരോപണം ശരിവെച്ചാണ് വനിത വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്.
സ്ത്രീകളേയും കുട്ടികളേയും യുവാക്കളേയും വീടുകയറി പോലീസ് സംഘം ആക്രമിച്ചതായും റിപ്പോര്‍ട്ടിലുണ്ട്. തമിഴ്‌നാട് മുന്‍ വനിത കമ്മീഷന്‍ അധ്യക്ഷ വി വാസന്തി ദേവിയുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘമാണ് പോലീസ് തേര്‍വാഴ്ചക്കെതിരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ജനുവരി 24 ന് വാസന്തി ദേവിയുടെ നേതൃത്വത്തില്‍ നാലംഗ സംഘമാണ് നാടുകൂപ്പം ഗ്രാമത്തില്‍ തെളിവെടുപ്പ് നടത്തിയത്. തെളിവുകള്‍ നശിപ്പിക്കപ്പെടുമെന്ന ഭീതിയില്‍ വളരെ പെട്ടെന്ന് തന്നെ റിപ്പോര്‍ട്ട് പുറത്തുവിടുകയും സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുകയും ചെയ്തു.
സംഭവം വിവരിക്കാനെത്തിയ നൂറുകണക്കിനാളുകള്‍ വസ്തുതാന്വേഷണ സംഘത്തിന് മുന്നില്‍ പറഞ്ഞ ഓരോ വാക്കുകളും ഹൃദയഭേദകമായിരുന്നുവെന്നും വിവരണങ്ങളെല്ലാം പരസ്പരം പൊരുത്തപ്പെടുന്നതാണെന്നും സംഘാംഗങ്ങള്‍ രേഖപ്പെടുത്തുന്നു. ബീച്ചില്‍ നിന്ന് ചോരയൊലിപ്പിച്ച് പേടിച്ചോടിയ യുവാക്കളെ പിന്തുടര്‍ന്നെത്തിയ പോലീസ് രണ്ടിലധികം തവണ ഗ്രാമത്തിലേക്ക് ആയുധങ്ങളുമായെത്തിയെന്ന് റിപ്പോര്‍ട്ട് സമര്‍ത്ഥിക്കുന്നു. കല്ലുകളും കുപ്പികളും പെട്രോള്‍ ബോംബും റബ്ബര്‍ ബുള്ളറ്റും കണ്ണീര്‍വാതകവും പോലീസ് സംഘം അക്രമത്തിന് ഉപോയഗിച്ചുവെന്നത് വ്യക്തമാണ്.
വീടുകള്‍ക്ക് തീവെക്കാന്‍ ആവശ്യമായ വസ്തുക്കളും പോലീസ് കൊണ്ടുവന്നതായും റിപ്പോര്‍ട്ടിലുണ്ട്.
വസ്തുതാന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ ഗ്രാമത്തിലേക്ക് മര്‍ദ്ദനമേറ്റ് കീറിയ വസ്ത്രങ്ങളുമായി ഓടിയെത്തിയ യുവതി യുവാക്കളെ പിന്തുടര്‍ന്നെത്തിയ പോലീസ് അവരെ ക്രൂരമായി തല്ലിച്ചതച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. അതിക്രമത്തെ ന്യായീകരിക്കാന്‍ യുവാക്കളെ 'തീവ്രവാദികളെന്നാണ്' പൊലീസ് തുടര്‍ച്ചയായി വിശേഷിപ്പിച്ചത്. തീവ്രവാദികളെ സഹായിക്കുന്നുവെന്നാരോപിച്ചാണ് ഗ്രാമവാസികളെ ആക്രമിച്ചതും വസ്തുവകകള്‍ നശിപ്പിച്ചതും.
പോലീസ് അസഭ്യ പ്രയോഗങ്ങളാണ് നടത്തിയതെല്ലാം. ശാരീരികമായി പീഡിപ്പിക്കുന്നതിനൊപ്പം അധിക്ഷേപവും തുര്‍ന്നു. മര്യാദക്കെട്ട ഭാഷയും ലൈംഗികാധിക്ഷേപ പരാമര്‍ശങ്ങളുമായാണ് വീടുകളിലേക്ക് പ്രവേശിച്ചത്. വീടുകളിലെ ഉപകരണങ്ങള്‍ തച്ചുതകര്‍ക്കുകയും സാധാരണക്കാരായ ഗ്രാമവാസികളെ സ്ത്രീ പുരുഷഭേതമില്ലാതെ കുട്ടികളടക്കം വീടിന് വെളിയിലേക്ക് വലിച്ചിഴച്ചു കൊണ്ടുവന്ന് മര്‍ദ്ദിച്ചു. പൊതുജനമധ്യത്തിലായിരുന്നു മര്‍ദ്ദനങ്ങളെല്ലാം.
മീന്‍ചന്ത പെട്ടെന്ന് കത്തിപ്പിടിക്കുന്ന പൗഡര്‍ പോലുള്ള എന്തോ ഉപയോഗിച്ചാണ് പോലീസ് കത്തിച്ചത്. മറ്റ് നിരവധി വാഹനങ്ങളും കടകളും ഉന്തുവണ്ടകളുമെല്ലാം അഗ്‌നിക്കിരയാക്കി. വ്യക്തമായി ഇവ ലക്ഷ്യംവെച്ചാണ് പൊലീസ് അതിക്രമം കാട്ടിയത്. ചില വനിത പൊലീസുകാര്‍ മല്‍സ്യമാര്‍ക്കറ്റില്‍ നിന്ന് വിലകൂടിയ മല്‍സ്യങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. അതിക്രമത്തിന് ശേഷം തിരിച്ചെത്തിയ പൊലീസുകാര്‍ പ്രക്ഷോഭകരാണ് അക്രമം നടത്തിയതെന്ന് സാക്ഷ്യപ്പെടുത്താന്‍ ഗ്രാമവാസികളെ ഭീഷണിപ്പെടുത്തി. പ്രതിഷേധകരെ കുറ്റവാളികളാക്കിയാല്‍ നഷ്ടപരിഹാരം നല്‍കാമെന്നാണ് വാഗ്ദാനം നല്‍കിയത്.
വര്‍ദ ചുഴലിക്കാറ്റിന്റെ ദുരിതത്തില്‍ നിന്നും കരകയറാത്ത മല്‍സ്യബന്ധന തൊഴിലാളികളുടെ ഏക ജീവനോപാധികളാണ് പൊലീസ് അതിക്രമത്തില്‍ ഇല്ലാതായത്. നടൂകൂപ്പത്തിലെ 250ല്‍ അധികം വനിത മല്‍സ്യത്തൊഴിലാളികളുടെ ജീവനോപാധികള്‍ പോലീസ് തേര്‍വാഴ്ചയില്‍ ഇല്ലാതായി. കുടുംബങ്ങളെ മാത്രമല്ല കുട്ടികളുടെ വിദ്യാഭ്യാസ സാഹചര്യത്തെ പോലും ഇല്ലാതാക്കി പൊലീസ് അതിക്രമം.
പൊലീസ് ഭീകരതയുണ്ടാക്കിയ മാനസിക ആഘാതവും രോഷവും നിസ്സഹായാവസ്ഥയും നടുകൂപ്പത്തിലെ ഓരോ കുട്ടികളുടേയും സ്ത്രീകളുടേയും മനസില്‍ നിന്ന് പെട്ടെന്ന് മായില്ല. വഞ്ചിക്കപ്പെട്ടതായുള്ള തോന്നാലാണ് അവരുടെ മനസിലുണ്ടാവുക.
നടുകൂപ്പത്തിലെ പോലീസ് അതിക്രമത്തെ കുറിച്ച് സ്വതന്ത്രവും ശക്തവുമായ ഉന്നതതല അന്വേഷണം വേണമെന്നും വസ്തുതാന്വേഷണ സംഘം ശുപാര്‍ശ ചെയ്യുന്നു. ഉടനടി ഉദാരമായ നഷ്ടപരിഹാരം നടുകൂപ്പത്തിലെ ഗ്രാമവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കണമെന്നും ജീവനോപാധികള്‍ നഷ്ടപ്പെട്ട സ്ത്രീ മല്‍സ്യത്തൊഴിലാളികള്‍ക്ക് അവരുടെ വസ്തുവകകള്‍ തിരികെ പിടിക്കാന്‍ അധിക തുക നല്‍കണം. പോലീസ് അതിക്രമത്തിന് പിന്നിലെ ഉന്നതതല ദുരൂഹതയെ കുറിച്ച് അന്വേഷണം വേണമെന്നും നടപടിയെടുക്കണമെന്നും വാസന്തി ദേവിയുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നു.
Keywords: Police Excesses, Nadukuppam village, Marina beach, National News
No comments:
Post a Comment