Latest News

രാത്രിയില്‍ ഹോട്ടല്‍ അടച്ചിടാന്‍ നിര്‍ദേശിക്കാന്‍ എസ്‌ഐക്ക് അധികാരമില്ലെന്നു ഹൈക്കോടതി

കൊച്ചി: രാത്രി 11നു ശേഷം ഹോട്ടല്‍ അടച്ചുപൂട്ടണമെന്നു നിര്‍ദേശിക്കാന്‍ എസ്‌ഐക്ക് അധികാരമില്ലെന്നു ഹൈക്കോടതി. സാമൂഹികവിരുദ്ധര്‍ ഹോട്ടലില്‍ വരാറുണ്ടെന്നത് രാത്രികാലത്തു ഹോട്ടല്‍ അടപ്പിക്കാന്‍ പര്യാപ്തമായ കാരണമല്ലെന്നു കോടതി വ്യക്തമാക്കി.[www.malabarflash.com]

 ''ഹോട്ടല്‍ നടത്തിപ്പ് പൊതുജനതാല്‍പര്യത്തിനു വിരുദ്ധമല്ല. ജനങ്ങളുടെ ആവശ്യം നിറവേറ്റാന്‍ പ്രവര്‍ത്തിക്കുന്നതാണ്. സാമൂഹികവിരുദ്ധര്‍ കുറ്റം ചെയ്യുന്നു എന്നതു ഹോട്ടല്‍ അടപ്പിക്കാന്‍ മതിയായ കാരണമല്ല.
ആരെങ്കിലും എന്തെങ്കിലും കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ അന്വേഷിച്ചു പിടുകൂടേണ്ട ബാധ്യത പൊലീസിനാണ്. കുറ്റകൃത്യങ്ങള്‍ തടയാനും പൊലീസിനു കഴിയും'' ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. 

രാത്രി സാമൂഹികവിരുദ്ധര്‍ ഹോട്ടലില്‍ കയറുന്നുവെന്നും കണ്ടെയ്‌നര്‍ ലോറികളും ചരക്കുവാഹനങ്ങളും പാര്‍ക്ക് ചെയ്യുന്നതു ഗതാഗതക്കുരുക്ക് ഉണ്ടാക്കുന്നുവെന്നും ആരോപിച്ച് രാത്രി 11നു ഹോട്ടല്‍ പൂട്ടണമെന്നു നിര്‍ദേശിച്ചതിനെതിരെ ശക്തികുളങ്ങരയിലെ ശ്രീഭദ്ര ഹോട്ടല്‍ ഉടമയായ ആര്‍. രവികുമാര്‍ ആണു കോടതിയിലെത്തിയത്.
ശക്തികുളങ്ങര, കാവനാട് ഭാഗങ്ങളില്‍ രാത്രി മോഷണം ശക്തമാണെന്ന കാരണമാണു പോലീസ് പറഞ്ഞത്. എന്നാല്‍, ഹോട്ടലിനു ലൈസന്‍സും റജിസ്‌ട്രേഷനും ഉണ്ടെന്നും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതാണെന്നും ഹോട്ടലുടമ ബോധിപ്പിച്ചു. രാപകല്‍ മല്‍സ്യബന്ധന പ്രവര്‍ത്തനങ്ങള്‍ സജീവമായ മേഖലയാണിത്. പെട്രോള്‍ പമ്പും വര്‍ക്ക്‌ഷോപ്പും ഉള്‍പ്പെടെ ബിസിനസ് പ്രവര്‍ത്തനങ്ങളുണ്ട്. തങ്ങളെ കേള്‍ക്കാതെ സ്വേച്ഛാപരമായി എസ്‌ഐ ഉത്തരവിറക്കിയതു നിലനില്‍ക്കില്ലെന്നും വാദിച്ചു.
ഹോട്ടല്‍ പ്രവര്‍ത്തനം സംബന്ധിച്ചു വ്യവസ്ഥകളുള്ള ആരോഗ്യവകുപ്പിന്റെ കാര്‍ഡ് അനുസരിച്ച് 11നു ശേഷം ഹോട്ടല്‍ അടയ്ക്കണമെന്നു പറഞ്ഞിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഹോട്ടലിന്റെ ലൈസന്‍സ് വ്യവസ്ഥയിലും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിബന്ധനയിലും അങ്ങനെ പറയുന്നില്ല. കേരള പോലീസ് നിയമപ്രകാരം ക്രമസമാധാനപാലനത്തിനു നടപടിയെടുക്കാന്‍ ജില്ലാ പോലീസ് മേധാവിക്കു സാധ്യമാണ്. സര്‍ക്കാര്‍ ഉത്തരവിനു വിധേയമായി പൊതു അറിയിപ്പു നല്‍കി പൊതുസ്ഥലത്ത് അല്ലെങ്കില്‍ പ്രത്യേക റോഡില്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും ജില്ലാ പോലീസ് മേധാവിക്കു സാധ്യമാണ്.

എന്നാല്‍, പ്രത്യേക സമയത്തിനു ശേഷം ഹോട്ടല്‍ അടച്ചുപൂട്ടാന്‍ ഉത്തരവിടാന്‍ പോലീസ് നിയമത്തില്‍ എസ്‌ഐയെ അധികാരപ്പെടുത്തിയിട്ടില്ലെന്നു കോടതി വ്യക്തമാക്കി. ഹര്‍ജിക്ക് ആധാരമായ കേസില്‍ ഹോട്ടലുടമ കുറ്റം ചെയ്തതായി പരാതിയില്ല, അത്തരത്തില്‍ കേസുമില്ല. ഹോട്ടല്‍ കേന്ദ്രീകരിച്ചു ഗൂഢാലോചന നടന്നതായും ആരോപണമില്ല. ഈ സാഹചര്യത്തില്‍ രാത്രി ഹോട്ടല്‍ അടച്ചിടണമെന്നു നിര്‍ദേശിച്ചതു ന്യായമല്ലെന്നു വിലയിരുത്തിയ കോടതി, ഉത്തരവു റദ്ദാക്കി.


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.