Latest News

അക്രമികൾ അഴിഞ്ഞാടി, ഹർത്താലിൽ ജനം വലഞ്ഞു

കാസര്‍കോട്: ബിജെപി ചൊവ്വാഴ്ച ജില്ലയില്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ജനം വലഞ്ഞു. അനിഷ്ടസംഭവങ്ങളുണ്ടാകുമെന്നു മനസിലാക്കി പ്രധാന ടൗണുകളിലെല്ലാം പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും വ്യാപകമായി അക്രമം അരങ്ങേറു കയായിരുന്നു.[www.malabarflash.com]

സഹകരണ ബാങ്കിനും വ്യാപാരസ്ഥാപനങ്ങള്‍ക്കും പാര്‍ട്ടി ഓഫിസുകള്‍ക്കും വാഹനങ്ങള്‍ക്കും നേരെ കല്ലെറിഞ്ഞ ഹര്‍ത്താല്‍ അനുകൂലികളെ പിരിച്ചുവിടാനായി പോലീസ് നാല് റൗണ്ട് ഗ്രനേഡ് പ്രയോഗിച്ചു. 

പ്രകടനത്തിനിടെ ഹര്‍ത്താല്‍ അനുകൂലികളും പോലീസും തമ്മില്‍ ഉന്തും തള്ളും ഉണ്ടായി. ഒരു മണിക്കൂറോളം കാസര്‍കോട് നഗരത്തില്‍ ഭീകരാന്തരീക്ഷമായിരുന്നു.
രാവിലെ കറന്തക്കാട് ബിജെപി ജില്ലാ കമ്മിറ്റി ഓഫിസിനു മുന്നില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ദേശീയപാതയില്‍ ഓടുന്ന ചരക്കുവാഹനങ്ങള്‍ അടക്കം തടഞ്ഞു. ജീവനക്കാരുമായി പോവുകയായിരുന്ന പോലീസ് വാഹനം തടഞ്ഞതു വാക്കേറ്റത്തിനിടയാക്കി. തുടര്‍ന്നു നടന്ന പ്രകടനത്തിനിടെയാണ് അക്രമമുണ്ടായത്. 

കാസര്‍കോട് സര്‍വീസ് സഹകരണ ബാങ്ക് ശാഖയ്ക്കു നേരെ കല്ലേറുണ്ടായി. കെട്ടിടത്തിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്നു. തുടര്‍ന്നു പ്രവര്‍ത്തകരെ പിരിച്ചുവിടാനായി പോലീസ് ഗ്രനേഡ് പ്രയോഗിച്ചു. ഇതിനിടെ കുഴഞ്ഞുവീണ പ്രവര്‍ത്തകനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 

എംജി റോഡിലെ സിപിഎം കാസര്‍കോട് ലോക്കല്‍ കമ്മിറ്റി ഓഫിസിനു നേരെയുണ്ടായ കല്ലേറില്‍ ജനല്‍ച്ചില്ലുകളും ഓടുകളും തകര്‍ന്നു. പുലിക്കുന്നിലെ ലാബിന്റെ ഗ്ലാസുകളും എറിഞ്ഞു തകര്‍ത്തു. പ്രകടനം കടന്നു പോയ വഴികളിലുള്ള ബാനറുകളും പോസ്റ്ററുകളും കൊടിമരങ്ങളും നശിപ്പിച്ചു.

ഒരു മണിയോടെ ചൂരിയില്‍ കടകള്‍ അടപ്പിക്കാനെത്തിയ ഹര്‍ത്താല്‍ അനുകൂലികളും യുവാക്കളും ഏറ്റുമുട്ടി. പോലീസിനു നേരെയുണ്ടായ കല്ലേറില്‍ ടൗണ്‍ സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ സജീവന്‍ കളത്തിലിനു(38) പരുക്കേറ്റു.

കഴിഞ്ഞ ദിവസം ബിജെപി – സിപിഎം സംഘര്‍ഷം നടന്ന ചെറുവത്തൂരിലും ചീമേനിയിലും പോലീസ് കനത്ത സുരക്ഷ ഉറപ്പാക്കിയിരുന്നു.

Keywords: Kasasragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.