തൃശൂര്‍: ജിഷ്ണു പ്രണോയ് നോക്കിയെഴുതിയെന്ന് ആവര്‍ത്തിച്ച് പാമ്പാടി നെഹ്‌റു കോളെജ്. കോളെജ് പ്രിന്‍സിപ്പല്‍ മനുഷ്യാവകാശ കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ജിഷ്ണു രണ്ട് തവണ നോക്കിയെഴുതിയെന്ന പരാമര്‍ശമുള്ളത്. വിദ്യാര്‍ത്ഥിയുടെ ഭാവിയെക്കരുതിയാണ് തുടര്‍ നടപടി സ്വീകാരിക്കാഞ്ഞതെന്നാണ് കോളെജിന്റെ വിശദീകരണം. ശാസ്ത്രീയ തെളിവുകള്‍ പരിശോധിച്ചശേഷമേ നിഗമനത്തിലെത്താന്‍ കഴിയൂ എന്ന് അന്വേഷണസംഘം മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
ജിഷ്ണു പ്രണോയ് കോപ്പിയടിച്ചിട്ടില്ലെന്ന് സാങ്കേതിക സര്‍വ്വകലാശാലയും സഹപാഠികളും പറയുമ്പോഴാണ് ജിഷ്ണു നോക്കിയെഴുതിയെന്ന വാദം ആവര്‍ത്തിച്ച് പാമ്പാടി നെഹ്‌റു കോളെജ് രംഗത്തെത്തിയിരിക്കുന്നത്. ജിഷ്ണുവിന്റെ മരണം സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷനില്‍ പരാതിയെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണ സംഘത്തോടും കോളെജ് പ്രിന്‍സിപ്പലിനോടും കമ്മീഷന് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.
കോളേജ് പ്രിന്‍സിപ്പല്‍ വരദരാജന്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ജിഷ്ണു രണ്ട് തവണ നോക്കിയെഴുതിയെന്ന പരാമര്‍ശമുള്ളത്. പരീക്ഷാ ഹാളിലുണ്ടായിരുന്ന അധ്യാപകന്‍ പ്രവീണ്‍ ഇത് കണ്ടെത്തുകയും നോക്കിയെഴുതിയ പേപ്പര്‍ നീക്കം ചെയ്യുകയും ചെയ്തു. ഓഫീസില്‍ വിളിച്ചുവരുത്തി ഉപദേശിക്കുകയാണ് ചെയ്തതെന്നും പ്രിന്‍സിപ്പല്‍ പറയുന്നു. കുട്ടിയുടെ ഭാവിയെക്കരുതിയാണ് മേല്‍ നടപടിയ്ക്ക് ശുപാര്‍ശ ചെയ്യാതിരുന്നതെന്നും കോളെജ് വിശദീകരിക്കുന്നു.
ജിഷ്ണുവിന് മര്‍ദ്ദനമേറ്റെന്ന ആരോപണം ശരിയല്ല. അതുകൊണ്ടുതന്നെ മറുപടിയുമില്ല. കോളെജ് വിശദീകരിക്കുന്നു. അതിനിടെ അന്വേഷണം നടക്കുകയാണെന്നും ശാസ്ത്രീയ തെളിവുകള്‍ വിശകലനം നടത്തിയശേഷമേ നിഗമനത്തിലെത്താനാവൂ എന്നും ഇരിങ്ങാലക്കുട എഎസ്പി കിരണ്‍ നാരായണന്‍ മനുഷ്യാവകാശ കമ്മീഷനില്‍ റിപ്പോര്‍ട്ട് നല്‍കി. സാങ്കേതിക സര്‍വ്വകലാശാലയുടെ റിപ്പോര്‍ട്ടു കൂടി ലഭിച്ചശേഷം മനുഷ്യാവകാശ കമ്മീഷന്‍ കേസ് പരിഗണിക്കും.
No comments:
Post a Comment