Latest News

മാണിക്കോത്ത് സ്വദേശിയായ ഗള്‍ഫ് വ്യാപാരി കുഴഞ്ഞുവീണ് മരിച്ചു

അബൂദാബി: മാണിക്കോത്ത് മഡിയന്‍ സ്വദേശിയും അബൂദാബി ഷഹാമയിലെ വ്യാപാരിയുമായ വണ്‍ഫോര്‍ കുഞ്ഞഹമ്മദ്(51) കുഴഞ്ഞുവീണ് മരിച്ചു.[www.malabarflash.com] 
വ്യാഴാഴ്ച പുലര്‍ച്ചെ ഷഹാമയിലെ വ്യാപാര സ്ഥാപനത്തിന് തൊട്ടടുത്ത താമസ സ്ഥലത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കുഞ്ഞഹമ്മദിനെ ഉടന്‍ തന്നെ അബൂദാബി മഫ്‌റഖ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മയ്യത്ത് മഫ്‌റഖ് ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. വെളളിയാഴ്ച പുലര്‍ച്ചെയോടെ നാട്ടിലെത്തിക്കാനുള്ള നടപടി ക്രമങ്ങള്‍ അബൂദാബിയിലുള്ള ബന്ധുക്കളും സുഹൃത്തുക്കളും സംഘടനാ പ്രവര്‍ത്തകരും ആരംഭിച്ചിട്ടുണ്ട്. 

മഡിയനില്‍ പരേതരായ മമ്മുവിന്റെയും ആയിഷയുടെയും മകനാണ്. മാണിക്കോത്തും പരിസര പ്രദേശങ്ങളിലും നടക്കുന്ന മത-സാമൂഹിക-സാംസ്‌കാരിക പരിപാടികളിലും പ്രവര്‍ത്തനങ്ങളിലും നിറ സാന്നിധ്യമായിരുന്നു. കാര്യമായ അസുഖങ്ങളൊന്നും നാളിതുവരെ പിടിപെടാത്ത ആരോഗ്യ ദൃഡഗാത്രനായിരുന്ന കുഞ്ഞഹമ്മദിന്റെ അപ്രതീക്ഷിത മരണം ബന്ധുക്കളേയും സുഹൃത്തുക്കളേയും ഒരു പോലെ കണ്ണീരിലാഴ്ത്തി. 

പുഞ്ചാവി സ്വദേശിനി ഫാത്തിമയാണ് ഭാര്യ. ഇരട്ടമക്കളായ ഫവാസും ഫായിസും രണ്ടുമാസം മുമ്പാണ് അബൂദാബി ഷഹാമയിലെ വ്യാപാര സ്ഥാപനത്തിലെത്തിയത്. വിദ്യാര്‍ത്ഥിയായ ഫഹദാണ് മറ്റൊരു മകന്‍. അബ്ദുള്ള, പരേതനായ മൊയ്തു, ഹസന്‍, ഹുസൈന്‍, അബ്ദുള്‍ ഖാദര്‍, അബ്ദുള്‍ റഹ്മാന്‍, ബഷീര്‍, ആമിന എന്നിവര്‍ സഹോദരങ്ങളാണ്.


Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.