Latest News

ഹര്‍ത്താലിനെ തുടര്‍ന്ന് വ്യാപാരിയുടെ മരണം ബിജെപിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം: എംപി

കാസര്‍കോട്: ഹര്‍ത്താലിനെ തുടര്‍ന്ന് ബിരിക്കുളത്തെ വ്യാപാരി സി ടി ജോണ്‍ മരിക്കാനിടയായ സംഭവത്തില്‍ ബിജെപിക്കാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.[www.malabarflash.com]

ജോണിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ കാര്‍ നാലിടത്താണ് ബിജെപിക്കാര്‍ തടഞ്ഞത്. ആരു ഹര്‍ത്താല്‍ നടത്തിയാലും ആശുപത്രി വാഹനങ്ങളെ തടയുന്ന പതിവില്ല. ജോണിന് കൃത്യമായി ചികിത്സ ലഭിക്കാനുള്ള അവകാശമാണ് ബിജെപിക്കാര്‍ തടഞ്ഞത്.
ചെറുവത്തൂരും ചീമേനിയിലും ബോധപൂര്‍വം കലാപം പടര്‍ത്താനുള്ള ഗൂഢനീക്കമാണ് ബിജെപി നടത്തിയത്. പ്രകോപനപരമായ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളുമാണ് ചെറുവത്തൂരില്‍ നടന്നത്. പോലീസ് നിര്‍ദേശിച്ച റൂട്ടിലൂടെയല്ല ബിജെപി പ്രകടനം പോയത്. ബോധപൂര്‍വം പ്രകോപനം സൃഷ്ടിക്കാന്‍ ബസ്‌സ്റ്റാന്‍ഡിനകത്തേക്കും പ്രകടനം പോയി. അവിടുത്തെ സിഐടിയുക്കാരെ അക്രമിച്ചു. 

കലാപാഹ്വാനം മുഴക്കി ചീമേനിയിലേക്ക് പോയ പ്രകടനം തിരിച്ചുവന്നാല്‍ ചെറുവത്തൂരില്‍ ഗുരുതര പ്രത്യാഘാതമുണ്ടാകുമെന്ന് കണ്ടാണ് പോലീസ് തടഞ്ഞത്. 

എംപി, സിപിഐ എം ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍, എം രാജഗോപാലന്‍ എംഎല്‍എ എന്നിവരും പോലീസും ഫലപ്രദമായി ഇടപെട്ടതിനാലാണ് കലാപം പടരാതിരുന്നത്. സിപിഐ എം കേന്ദ്രമായ പ്രദേശത്ത് അക്രമം തടയാനുള്ള ബാധ്യത നേതാക്കള്‍ക്കുണ്ട്. ഇതിനെ വളച്ചൊടിച്ച് കള്ളപ്രചാരണം നടത്തുകയാണ് ബിജെപി നേതാക്കള്‍. 
ചീമേനിയിലും അക്രമം തടയാന്‍ പ്രവര്‍ത്തകരെയെല്ലാം ഒഴിവാക്കി. 

സഞ്ചാരസ്വാതന്ത്ര്യം തടയുന്നത് ബിജെപിയാണ്. മാവുങ്കാലില്‍ സിപിഐ എം നിരോധിതമേഖല എന്നപേരില്‍ ബോര്‍ഡുവച്ചു. നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് മന്ത്രി ഇ ചന്ദ്രശേഖരന്റെ കൈ തല്ലിയൊടിച്ചു. എംപിക്കെതിരെപ്പോലും കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മൂന്നിടത്ത് കൈയേറ്റശ്രമമുണ്ടായി.

ബിജെപി ഉദ്ദേശിച്ച രീതിയില്‍ കലാപം പടരാതിരുന്നതിനാലാണ് അവര്‍, കാരണമൊന്നുമില്ലാതെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിന്റെ മറവിലും അക്രമം വ്യാപിക്കാന്‍ ശ്രമിച്ചു. സഹകരണ ബാങ്കും സിപിഐ എം ഓഫീസും വായനശാലയും തകര്‍ത്തു. അക്രമം വ്യാപിപ്പിക്കാനുള്ള ബിജെപിയുടെ ഗൂഢശ്രമത്തിനെതിരെ പ്രചാരണം നടത്തും. 

നോട്ടുപിന്‍വലിക്കലിനെ തുടര്‍ന്ന് കേന്ദ്രഭരണത്തോട് നാട്ടുകാര്‍ക്കുണ്ടായ പ്രതിഷേധത്തില്‍നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് ബിജെപി ശ്രമം. എന്ത് പ്രകോപനം സൃഷ്ടിച്ചാലും ജില്ലയില്‍ സമാധാനം പാലിക്കാനുള്ള നീക്കത്തിന് സിപിഐ എം മുന്‍കൈയെടുക്കുമെന്ന് പി കരുണാകരന്‍ എംപി പറഞ്ഞു.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.