Latest News

പിഴക്ക് പകരം പായസം; ബോധവല്‍ക്കരണത്തിന് പുതിയ ആശയവുമായി മോട്ടോര്‍ വാഹന വകുപ്പും റോട്ടറിയും

www.malabarflash.com
കാഞ്ഞങ്ങാട്: റോഡുസുരക്ഷാ ബോധവത്കരണത്തിന് പുതിയ ആശയവുമായി മോട്ടോര്‍ വാഹനവകുപ്പും മിഡ്ടൗണ്‍ റോട്ടറിയും. മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ കൈകാട്ടി നിര്‍ത്തിയപ്പോള്‍ ഹെല്‍മറ്റില്ലാത്തവരും സീറ്റ് ബെല്‍റ്റ് ഇടാത്തവരും പിഴ ഉറപ്പാക്കി.

പുഞ്ചിരിയോടെ ഉദ്യോഗസ്ഥര്‍ രസീതിന് പകരം കൊടുത്തത് ഒരു ഗ്ലാസ്സ് പായസം. ഒപ്പം 'സ്വയരക്ഷ, കുടുംബരക്ഷ. കരുതലുണ്ടാവട്ടെ റോഡില്‍!' എന്ന സന്ദേശമുള്ള കാര്‍ഡും. കൃത്യമായി നിയമങ്ങള്‍ പാലിച്ചവര്‍ക്ക് അഭിനന്ദനങ്ങളും കിട്ടി. ബോധവത്കരണം പായസത്തോടെ ആയപ്പോള്‍ എല്ലാവര്‍ക്കും മധുരമുള്ള അനുഭവമായി.

ദേശീയ റോഡ് സുരക്ഷവാരം 2017ന്റെ ഭാഗമായി മോട്ടോര്‍വാഹന വകുപ്പും കാഞ്ഞങ്ങാട് മിഡ്ടൗണ്‍ റോട്ടറിയും ചേര്‍ന്നാണ് ബോധവത്കരണത്തിന് പുതുമയുള്ള ആശയം നടപ്പിലാക്കിയത്. ആര്‍.ഡി.ഒ ഡോ. പി.കെ.ജയശ്രീ ഉദ്ഘാടനം ചെയ്തു. 

മിഡ്ടൗണ്‍ റോട്ടറി ക്ലബ്ബ് പ്രസിഡന്റ് എ.രാജീവന്‍ അദ്ധ്യക്ഷനായി. എം.വി.ഐ. എം.വിജയന്‍ ബോധവത്കരണ സന്ദേശം നല്‍കി. അസി.ഗവര്‍ണര്‍ എം.എസ്.പ്രദീപ്, എ.എം.വി.ഐമാരായ വി.പ്രജിത്ത്, എന്‍.സി.പത്മരാജന്‍, റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍ കെ.നാരായണന്‍നായര്‍, ബി.മുകുന്ദ് പ്രഭു നേതൃത്വം നല്‍കി.



Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.