നടിയുടെ മുൻ ഡ്രൈവർ പൾസർ സുനി എന്ന സുനിൽകുമാറാണ് ഇതിലെ മുഖ്യസൂത്രധാരൻ. നേരത്തേ സുനിലിന്റെ ക്രിമിനൽ പശ്ചാത്തലം അറിഞ്ഞതിനെ തുടർന്ന് നടി സുനിലിനെ ജോലിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇതേ തുടർന്ന് സുനിലിന് നടിയോട് പകയുണ്ടായിരുന്നുവെന്നാണ് കരുതപ്പെടുന്നത്. എന്നാൽ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല.
വെള്ളിയാഴ്ച രാത്രി തൃശ്ശൂരിൽ നിന്ന് മടങ്ങിയ നടിയുടെ കാറിനെ ടെംപോ ട്രാവലറിലാണ് സംഘം പിന്തുടർന്നത്. ഇതിന് ശേഷം നെടുന്പാശേരിക്കടുത്ത് അത്താണിയിൽ വച്ച് നടിയുടെ കാറിൽ ടെംപോ ട്രാവലർ ഇടിച്ചു. പിന്നീട് നടന്ന തർക്കത്തിനിടെ മാർട്ടിനെ തള്ളിമാറ്റി മൂന്നംഗ സംഘം വാഹനത്തിൽ കയറുകയായിരുന്നു.
പിന്നീട് സംഘം ഒന്നര മണിക്കൂറിലധികം പല ഇടറോഡുകളിലൂടെ നടിയുമായി വാഹനം ഓടിച്ചുപോയതായാണ് മൊഴി. ഇതിനിടെ നടിയുടെ ചിത്രം മൊബൈൽ കാമറയിൽ പകർത്തുന്നതിനും, വീഡിയോ ദൃശ്യങ്ങൾ എടുക്കുന്നതിനും ശ്രമം നടന്നു. പാലാരിവട്ടത്തിനടുത്ത് കാറിൽ നടിയെ ഉപേക്ഷിച്ച ശേഷം സംഘം കടന്നുകളഞ്ഞു. ഇവിടെ നിന്ന് പിന്നീട് നടി ഒറ്റയ്ക്ക് കാർ ഓടിച്ച് കാക്കനാട് പടമുഗളിലെ സംവിധായകൻ ലാലിന്റെ വീട്ടിൽ പോവുകയായിരുന്നു.
സംഭവം രണ്ട് മാസം മുൻപ് തന്നെ പ്രതികൾ ആസൂത്രണം ചെയ്തതാണെന്ന് കൊച്ചി സിറ്റി ഡിസിപി യതീഷ് ചന്ദ്ര പറഞ്ഞു. മുൻ ഡ്രൈവറായ സുനിൽ തന്നെയാണ് മാർട്ടിനെ നടിയുടെ ഡ്രൈവറായി ഏർപ്പാടാക്കിയത്. മാർട്ടിൻ ജോലിയിൽ പ്രവേശിച്ചിട്ട് വളരെ കുറച്ച് മാസങ്ങളേ ആയിട്ടുള്ളൂ. സുനിലിന് നടിയോട് പകയുണ്ടായിരുന്നതിനാൽ മാർട്ടിനെ ഇതിന് വേണ്ടി നിയോഗിച്ചതാണെന്ന് പോലീസ് പറഞ്ഞു.
“മാർട്ടിന്റെ അറിവോടെയാണ് സുനിലും സംഘവും നടിയുടെ വാഹനത്തെ പിന്തുടർന്നത്. വാഹനം തടഞ്ഞുനിർത്തിയ ശേഷം മാർട്ടിനെ ആക്രമിച്ചത് നാടകമായിരുന്നു. പിന്നീട് മാർട്ടിൻ മാറി നിൽക്കുകയും, സുനിലും സംഘവും നടിയുടെ കാറിൽ അതിക്രമിച്ച് കടക്കുകയുമായിരുന്നു. പാലാരിവട്ടത്താണ് നടിയെ ഉപേക്ഷിച്ചത്. ഇത് കൃത്യമായി എവിടെയാണെന്ന് വ്യക്തമായിട്ടില്ല. സംഭവമറിഞ്ഞ് രാത്രി തന്നെ മാർട്ടിനെ അങ്കമാലി പോലീസ് കസ്റ്റഡിയിലെടുത്തു. സംവിധായകൻ ലാലിന്റെ വീട്ടിൽ രാത്രി തന്നെ ചെന്ന് നടിയെ കണ്ടിരുന്നു,” യതീഷ് ചന്ദ്ര പറഞ്ഞു.
നടിക്കെതിരായ ആക്രമണം പോലീസ് കേസായാലും മാർട്ടിൻ പ്രതിയാകരുതെന്ന ലക്ഷ്യം സംഘത്തിനുണ്ടായിരുന്നു. മാർട്ടിനെ ഭാവനയ്ക്ക് മുന്നിൽ വച്ച് ആക്രമിച്ചത് ഈ ഉദ്ദേശത്തോടെയാണ്. എന്നാൽ സംഭവത്തിന് പിന്നിലെ ആസൂത്രണ സ്വഭാവം മനസ്സിലാക്കിയ പോലീസ് ആദ്യം തന്നെ മാർട്ടിനെ പിടികൂടുകയായിരുന്നു. മറ്റ് പ്രതികൾ രക്ഷപ്പെട്ടപ്പോഴും മാർട്ടിൻ അങ്കമാലിയിൽ തന്നെ ഉണ്ടായിരുന്നു. ശനിയാഴ്ച പുലർച്ചെ തന്നെ മാർട്ടിൻ പിടിയിലായിരുന്നു.
ആലുവ ഡിവൈഎസ്‌പി ബാബുവിനാണ് കേസിന്റെ അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. പിടിയിലായ മാർട്ടിനെ ആലുവ പോലീസിന്റെ കസ്റ്റഡിയിലേക്ക് നൽകിയിട്ടുണ്ട്. സുനിലും സംഘവും നടിയുടെ അർദ്ധനഗ്ന ചിത്രങ്ങൾ എടുത്തതായി പോലീസ് സംശയിക്കുന്നുണ്ട്. ഇവ പ്രചരിക്കുന്നതിന് മുൻപ് തന്നെ എല്ലാവരെയും കസ്റ്റഡിയിലെടുക്കാനാണ് പോലീസിന്റെ ശ്രമം.
മധ്യമേഖല ഐജി, കൊച്ചി സിറ്റി ഡിസിപി, തൃക്കാക്കര എസിപി എന്നിവർ രാത്രി തന്നെ ലാലിന്റെ വസതിയിൽ നേരിട്ടെത്തിയിരുന്നു. സംഭവത്തിൽ ഉന്നത തല അന്വേഷണം നടത്തണമെന്ന് ഇന്നസെന്റ് എംപി, മുഖ്യമന്ത്രിയോടും ഡിജിപിയോടും ആവശ്യപ്പെട്ടു.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment