Latest News

പൊതുനിരത്തുകളിലെ സൗജന്യ വൈഫൈക്ക് വിലക്ക്

തിരുവനന്തപുരം: പൊതുനിരത്തുകളില്‍ സൗജന്യ വൈഫൈ സേവനം ഏര്‍പ്പെടുത്തുന്നതില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് വിലക്ക്.[www.malabarflash.com] 
വികേന്ദ്രീകൃത ആസൂത്രണത്തിനായുള്ള സംസ്ഥാനതല കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് തീരുമാനമെടുത്തത്. നിരത്തുകളിലും ജങ്ഷനുകളിലും ബസ് സ്റ്റോപ്പുകളിലും വൈഫൈ ഏര്‍പ്പെടുത്തുന്നതിനുള്ള പദ്ധതി നടപ്പാക്കാന്‍ പാടില്ലെന്നാണ് നിര്‍ദ്ദേശം.

പല തദ്ദേശസ്ഥാപനങ്ങളും വാര്‍ഷികപദ്ധതിയില്‍ ഇത് ഉള്‍പ്പെടുത്തുന്നുണ്ട്. ചില നഗരസഭകളില്‍ ഇപ്പോള്‍ത്തന്നെ ഈ പദ്ധതി നടപ്പാക്കിയിട്ടുണ്ട്. വിലക്ക് വരുന്നതോടെ അടുത്ത വര്‍ഷത്തേക്ക് ഇതിനായി തുക നീക്കിവയ്ക്കാന്‍ ഇവര്‍ക്കും കഴിയില്ല. പഞ്ചായത്തുകളും നഗരസഭകളും ഇതിനായി നേരിടുന്ന കനത്ത സാമ്പത്തിക ബാധ്യത കണക്കിലെടുത്താണ് വിലക്കെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ വിശദീകരിച്ചു. പദ്ധതി നടപ്പാക്കിയ ചില നഗരസഭകളില്‍ 75ലക്ഷം രൂപവരെ ബില്ല് വന്നു.

തദ്ദേശസ്ഥാപനങ്ങള്‍ മുന്‍ഗണനാക്രമത്തില്‍ ഏറ്റെടുക്കേണ്ട മറ്റ് പല സേവന പദ്ധതികളുമുണ്ടെന്നിരിക്കെ ഇതിനായി വന്‍തുക ചെലവഴിക്കുന്നത് ശരിയല്ലെന്നാണ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. എന്നാല്‍ ലൈബ്രറികളിലും മറ്റും വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്രദമായവിധം വൈഫൈ ഏര്‍പ്പെടുത്തുന്നത് തടയില്ല. മലപ്പുറത്തടക്കം ചില നഗരസഭകളില്‍ സൗജന്യ വൈഫൈ ഏര്‍പ്പെടുത്തിയെങ്കിലും പിന്നീട് സാമ്പത്തിക പ്രശ്‌നങ്ങളടക്കം ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. ബസ് സ്റ്റോപ്പുകളിലും മറ്റും കണക്ഷന്‍ കിട്ടാന്‍ പ്രയാസമാണെന്നും പരാതി ഉയര്‍ന്നിരുന്നു.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.