Latest News

കാമുകിയെ കൊന്ന് വീട്ടിലൊളിപ്പിച്ചയാള്‍ ഏഴുവര്‍ഷം മുമ്പ് മാതാപിതാക്കളെയും കൊന്നു


ഭോപ്പാല്‍ : കാമുകിയെ കൊന്ന് സിമന്റൊഴിച്ച് കല്ലാക്കി വീട്ടിനകത്ത് ഒളിപ്പിച്ച യുവാവ് ഏഴ് വര്‍ഷം മുമ്പ് മാതാപിതാക്കളെയും ഇതേ രീതിയില്‍ കൊലപ്പെടുത്തിയെന്ന് പോലീസ്. ചോദ്യം ചെയ്യലിലാണ് 2010ല്‍ മാതാപിതാക്കളെ കൊന്ന് വീടിനുള്ളില്‍ മറവ് ചെയ്ത കാര്യം ഇയാള്‍ സമ്മതിച്ചത്. വീട്ടുകാര്‍ സ്വന്തം ജീവിതത്തില്‍ ഇടപെട്ടതാണ് കൊലപാതകത്തിന് കാരണം. [www.malabarflash.com]

ഉദ്യാന്‍ ദാസിന്റെ കുടുംബവും റായ്പൂരിലെ ശാന്തി നഗറില്‍ താമസിക്കുന്ന കാലത്താണ് ഇയാള്‍ മാതാപിതാക്കളെ കൊലപ്പെടുത്തിയത്. അന്ന് അയാള്‍ക്ക് 18 വയസായിരുന്നു. അച്ഛനും അമ്മയ്ക്കും ഇയാള്‍ ഏക മകനായിരുന്നു. ബന്ധുക്കളുമായും ഇവര്‍ അകലം പാലിച്ചിരുന്നതിനാല്‍ ഇവരുടെ തിരോധാനം സംബന്ധിച്ച് ആരും പരാതി നല്‍കിയിരുന്നില്ല.

ഉദ്യാന്‍ ദാസിന്റെ പിതാവ് ഭെല്ലില്‍ ഫോര്‍മാനും മാതാവ് വിന്ധ്യാഞ്ചലില്‍ ഡേറ്റാ അനലിസ്റ്റുമായിരുന്നു. ഇവര്‍ക്ക് ഡല്‍ഹി, റായ്പുര്‍, ഭോപ്പാല്‍ എന്നിവിടങ്ങളിലായി മൂന്ന് വീടുകളുണ്ട്. ഈ വീടുകളില്‍ നിന്നുള്ള വാടകയും അമ്മയുടെ പെന്‍ഷന്‍ തുകയും ഉപയോഗിച്ചാണ് ഉദ്യാന്‍ ആഢംബര ജീവിതം നയിച്ചിരുന്നത്.

പശ്ചിമ ബംഗാളുകാരിയായ ആകാംഷ ശര്‍മ്മയെ കൊലപ്പെടുത്തിയ കേസില്‍ ഉദ്യാന്‍ ദാസിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്. കാണാതായ മകളെ കുറിച്ച് വീട്ടുകാര്‍ പോലീസില്‍ നല്‍കിയ പരാതിയിലാണ് കൊലപാതകവാര്‍ത്തയുടെ ചുരുളഴിയുന്നത്.

ഓണ്‍ലൈന്‍ വഴിയാണ് ആകാംഷ ശര്‍മ്മ ഉദ്യാന്‍ ദാസിനെ പരിചയപ്പെടുന്നത്. യു എസില്‍ ജോലി ലഭിച്ചെന്നു വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചാണ് യുവതി ഉദ്യാന്‍ദാസിന്റെ സാകേത് നഗറിലുള്ള വീട്ടിലേക്കെത്തുന്നത്. ഭോപ്പാലില്‍ നിന്ന് വീഡിയോ കാള്‍ വഴി വീട്ടുകാരെ ബന്ധപ്പെടുമ്പോഴെല്ലാം താന്‍ അമേരിക്കയിലാണെന്നാണ് ആകാംക്ഷ വീട്ടുകാരോട് പറഞ്ഞിരുന്നത്.

രണ്ട് മാസമായി ആകാംഷ വീഡിയോ കാള്‍ ചെയ്യാതെ ചാറ്റ് വഴി മാത്രം ബന്ധപ്പെട്ടതിനെ തുടര്‍ന്ന് ആകാംഷയല്ല പകരം മറ്റാരോ ആണ് തങ്ങളോട് സംസാരിക്കുന്നതെന്ന് സംശയം തോന്നിയ വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പോലീസ് അന്വേഷണത്തിലാണ് യുവതി അമേരിക്കയില്‍ പോയിട്ടില്ലെന്നും പകരം ഭോപ്പാലിലെ സാകേത് നഗറില്‍ കാമുകനായ ഉദ്യാന്‍ ദാസിനോടൊപ്പമായിരുന്നുവെന്നും മനസ്സിലാക്കുന്നത്.

ഉദ്യാന്‍ദാസിന്റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ശവകുടീരത്തിന്റെ മാതൃകയിലുള്ള നിര്‍മ്മിതി വീടിനകത്ത് കാണുകയായിരുന്നു. ആകാംഷയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കരിങ്കല്‍ പെട്ടിയിലാക്കിയശേഷം പ്രതി സിമന്റ് കലക്കി മൃതദേഹത്തിലൊഴിച്ചുവെന്ന് പോലീസ് പറയുന്നു. പെട്ടി അടച്ച് അതിനു മുകളില്‍ സിമന്റ് ഇട്ടു മിനുക്കി ശവകുടീരം പോലെ ഒരു നിര്‍മ്മിതി തന്നെ സ്വന്തം വീട്ടിലുണ്ടാക്കി ഉദ്യാന്‍ ദാസ്.




Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.