Latest News

ചെമ്പിരിക്ക ഖാസിയുടെ മരണം; സമസ്ത നേതൃത്വത്തിനെതിരെ വിമര്‍ശനങ്ങളുമായി അണികള്‍ രംഗത്ത്

കാസര്‍കോട്: ചെമ്പരിക്ക-മംഗലാപുരം ഖാസിയും സമസ്ത സംസ്ഥാന വൈസ് പ്രസിഡണ്ടും പ്രമുഖ ഗോളശസസ്ത്ര പണ്ഡിതനുമായിരുന്ന സി എം അബ്ദുള്ള മൗലവിയുടെ ദുരൂഹ മരണത്തിന്റെ അന്വേഷണം സി.ബി.ഐ അവസാനിപ്പിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെ സമസ്തയ്‌ക്കെതിരെ പരസ്യ വിമര്‍ശനങ്ങളുമായി അണികള്‍ രംഗത്ത്. [www.malbarflash.com]

കഴിഞ്ഞ ഒരാഴ്ചയായി വാട്ട്‌സാപ്പ്, ഫെയ്‌സ് ബുക്ക് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ ഖാസിയുടെ മരണം വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
ഖാസിയുടെ കൊലയാളികളെ പുറത്ത് കൊണ്ടുവരാനുളള ശക്തമായ പ്രക്ഷോപങ്ങള്‍ക്ക് സമസ്ത നേതൃത്വം നല്‍കിയില്ലെന്നാണ് അണികളുടെ ആരോപണം.

ഖാസി ദുരൂഹ സാഹചര്യത്തില്‍ കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി ആറാം വാര്‍ഷങ്ങള്‍ പിന്നിടുമ്പോഴും മരണകാരണത്തെക്കുറിച്ചും അന്വേഷണത്തെക്കുറിച്ചും സാമൂഹ്യ മാധ്യമങ്ങളില്‍ വാക്പോരും പ്രചരണവും മുറുകിയിരിക്കുകയാണ്.

''ചെമ്പരിക്ക ഖാസി, ഓണപ്പറമ്പ് പോലെ മറ്റൊരു നാടകം ആയിരുന്നോ?, നമുക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തിരിഞ്ഞു നോക്കില്ലെന്നും'' വ്യക്തമായി പറയുന്ന വോയ്സ് മെസേജുകളാണ് നവമാധ്യമങ്ങളില്‍ കാട്ടുതീപോലെ പടര്‍ന്നുകൊണ്ടിരിക്കുന്നത്.

''ഫൈസല്‍ വധത്തിലെ പ്രതികളെ പിടികൂടാന്‍ പ്രക്ഷോഭത്തിനിറങ്ങുന്നവരോട് ഒരായിരം പുച്ഛം രേഖപ്പെടുത്തട്ടെ.. സ്വന്തം പ്രസ്ഥാനത്തിന്റെ ഉപാധ്യക്ഷന്‍ കൊലചെയ്യപ്പെട്ടിട്ട് വര്‍ഷം ഏഴായി. ഇന്ന് വരെ ഘാതകരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എന്നിട്ടാണ് വല്യവര്‍ത്തമാനം പറഞ്ഞ് സമരത്തിന് ഇറങ്ങുന്നത്. പോലീസുകാരെ മുന്നില്‍ നിര്‍ത്തി അണികളെ വികാരത്തിന്റെ മുനയില്‍ നിര്‍ത്തി ഇടിമുഴക്ക ഡയലോഗും നടത്തി വീട്ടില്‍ പോകാനാണെങ്കില്‍ നാറ്റിക്കരുതെന്നേ പറയുന്നുള്ളു'' മറ്റൊരു പ്രചരണത്തില്‍ പറയുന്നു.

''അണികള്‍ തരുന്ന നാല് തക്ബീറല്ലാതെ മറ്റൊരു ഗുണവും അതിനാല്‍ പ്രതീക്ഷിക്കേണ്ട. കാരണം നിങ്ങള്‍ക്കതിനു കഴിയില്ല. ചെമ്പരിക്ക ഉസ്താദിന്റേത് കൊലപാതകം തന്നെ സാക്ഷി... സമസ്തയെ നെഞ്ചേറ്റിയ പതിനായിരങ്ങളുടെ വികാരമാണിത്....'' മറ്റൊരു പ്രചരണത്തില്‍ പറയുന്നു.
''മറ്റുള്ളവരുടെ പിറകില്‍ നടന്നു സമയം കളഞ്ഞവരുടെ വീറും വാശിയും എന്തേ സി എം ഉസ്താദിന്റെ കാര്യത്തില്‍ ഇല്ലാതെ പോയത്?'' ഇത്തരത്തിലുള്ള പലതരത്തിലുള്ള ചര്‍ച്ചകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

2010 ഫെബ്രുവരി 15ന് ആണ് സമാരാധ്യനായ സി എം അബ്ദുള്ള മൗലവിയെ ചെമ്പിരിക്ക കടുക്കക്കല്ല് കടലില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് നിരന്തര പ്രക്ഷോഭത്തിന്റെ ഭാഗമായാണ് സി ബി ഐയ്ക്ക് കൈമാറിയത്.
കാസര്‍കോട് ക്യാമ്പ് ചെയ്ത് മാസങ്ങളോളം നടത്തിയ അന്വേഷണത്തിന് ഒടുവില്‍ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. അബ്ദുള്ള മൗലവിയുടെ മരണം കൊലപാതകമല്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ ബന്ധുക്കളോ ആക്ഷന്‍ കമ്മിറ്റിയോ അദ്ദേഹത്തെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തിരുന്നവരോ തയ്യാറായില്ല. അവര്‍ വീണ്ടും കോടതിയെ സമീപിക്കുകയും പുനരന്വേഷണത്തിന് ഉത്തരവ് സമ്പാദിക്കുകയും ചെയ്തു.
തുടര്‍ന്ന് സി ബി ഐയുടെ തിരുവനന്തപുരം യൂണിറ്റ് പുനരന്വേഷണം നടത്തി ഏറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് അടുത്തിടെയാണ്.

''അദ്ദേഹത്തിന്റെ ശരീരത്തിലോ താമസിച്ച വീട്ടിലോ ആക്രമണം നടന്നതിന്റെ ഒരു ലക്ഷണവും ഇല്ലെന്ന് സി ബി ഐ പുനരന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. കൊലപാതക സാധ്യതയോ, ആത്മഹത്യാ പ്രേരണ നല്‍കിയതിന് തെളിവോ ഇല്ലാത്തതിനാല്‍ അസ്വാഭാവിക മരണവുമായി ആരെയെങ്കിലും ബന്ധപ്പെടുത്താന്‍ തക്ക തെളിവുകളില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ആത്മഹത്യ ചെയ്തതാണെന്ന് സ്ഥിരീകരിക്കാന്‍ നേരിട്ടുള്ള തെളിവൊന്നും ലഭിച്ചില്ലെന്നും സി ബി ഐ തിരുവനന്തപുരം യൂണിറ്റ് ഇന്‍സ്പെക്ടര്‍ കെ ജെ ഡാര്‍വിന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

2016 നവംബര്‍ എട്ടിന് കോടതി നിര്‍ദ്ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മൂന്ന് വിദഗ്ദ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച മെഡിക്കല്‍ ബോര്‍ഡിലും ഖാസിയുടെ മരണ കാര്യത്തില്‍ ഐക്യത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. രണ്ടുപേര്‍ സി ബി ഐ നിലപാടിനെ സാധൂകരിക്കുന്ന റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ മൂന്നാമന്‍ അഭിപ്രായം രേഖപ്പെടുത്താതെയാണ് സി ബി ഐയ്ക്ക് മറുപടി നല്‍കിയത്.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.