Latest News

ഇ. അഹമ്മദ് അന്തരിച്ചു

ന്യൂഡല്‍ഹി: മുസ് ലിം ലീഗ് ദേശീയ അധ്യക്ഷനും മുന്‍ വിദേശകാര്യ സഹമന്ത്രിയുമായ ഇ. അഹമ്മദ് (78) അന്തരിച്ചു. പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിനിടെ കുഴഞ്ഞുവീണ അദ്ദേഹത്തെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.[www.malabarflash.com]

ഏറെ നാളുകളായി വാര്‍ധക്യ സഹജമായ അസുഖങ്ങള്‍ അദ്ദേഹത്തെ അലട്ടിയിരുന്നു.

രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം പുരോഗമിക്കുമ്പോഴാണ് ഇ. അഹമ്മദിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ പാര്‍ലമെന്റിലെ ഡോക്ടര്‍ എത്തി പരിശോധിച്ച ശേഷം സ്‌ട്രെക്ചറില്‍ ലോക്‌സഭാ ഹാളിന് പുറത്തേക്ക് കൊണ്ടുപോയി. തുടര്‍ന്ന് പ്രത്യേക ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബോധരഹിതനായയാണ് അഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ചത്.

കണ്ണൂരിലെ കച്ചവടക്കാരായ ഓവിന്റകത്ത് വീട്ടില്‍ അബ്ദുല്‍ ഖാദര്‍ ഹാജിയുടെയും എടപ്പകത്ത് നഫീസാ ബീവിയുടെയും മകനായി 1938 ഏപ്രില്‍ 29ന് കണ്ണൂരില്‍ ജനിച്ചു. തലശേരി ബ്രണ്ണന്‍ കോളജ്, തിരുവനന്തപുരം ലോ കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം തലശേരി ജില്ലാ കോടതിയിലും ഹൈകോടതിയിലും അഭിഭാഷകനായി. മുസ് ലിം ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ എം.എസ്.എഫിന്റെ ആദ്യ സംസ്ഥാന ജനറല്‍ സെക്രട്ടറിയായാണ് അഹമ്മദ് നേതൃനിരയിലെത്തുന്നത്.

നിയമ വിദ്യാര്‍ഥിയായിരിക്കെ വിദ്യാര്‍ഥി സംഘടനയെ പടുത്തുയര്‍ത്തിയ മികവിനു പാര്‍ട്ടി നല്‍കിയ സമ്മാനമാണ് 1967ലെ കണ്ണൂര്‍ നിയമസഭാ സീറ്റ്. പിന്നീട് കൊടുവള്ളിയില്‍നിന്നും അതിനുശേഷം തുടര്‍ച്ചയായി മൂന്നുതവണ താനൂരില്‍നിന്നും എം.എല്‍.എ ആയി. മന്ത്രിയും കോര്‍പറേഷന്‍, ബോര്‍ഡ് അധ്യക്ഷനുമായി. 198183ല്‍ കണ്ണൂര്‍ നഗരസഭാധ്യക്ഷനായി. മഞ്ചേരിയില്‍ 1991ല്‍ ആണ് അഹമ്മദിന്റെ ആദ്യ ലോക്‌സഭാ പോരാട്ടം. 1991, 96, 98, 99, 2004, 2009, 2014 വര്‍ഷങ്ങളില്‍ ലോക്‌സഭയിലെത്തി.

2009ല്‍ മഞ്ചേരി മണ്ഡലം പേരുമാറിയ മലപ്പുറമായപ്പോള്‍ അവിടെ നിന്ന് വിജയിച്ച് രണ്ടാം യുപിഎയില്‍ റയില്‍വേ, വിദേശകാര്യം, മാനവശേഷി വികസനം വകുപ്പുകളില്‍ സഹമന്ത്രിയായി. 1991 മുതല്‍ 2014 വരെയുള്ള വിവിധ സമയങ്ങളില്‍ ഐക്യരാഷ്ട്രസഭാ പൊതുസഭയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.

199 ഒക്ടോബര്‍ 14ന് കാറപകടത്തില്‍ മരിച്ച സുഹറയാണ് ഭാര്യ. മക്കള്‍: ഡോ. ഫൗസിയ ഷെര്‍ഷാദ് (ദുബൈ), അഹമ്മദ് റഈസ് (മസ്‌കറ്റ്), നസീര്‍ അഹമ്മദ് (യു.എസ്). മരുമകന്‍: ഡോ. ബാബു ഷെര്‍ഷാദ് (ദുബൈ).

Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.