കണ്ണൂര്‍: പയ്യന്നൂര്‍ കൊറ്റിയിലെ ജുമാമസ്ജിദ് ജീവനക്കാരനായ തെക്കെ മമ്പലത്തെ ഹക്കീമിനെ ചുട്ട് കൊന്നത് 2014 ഫിബ്രവരി 10നാണ്. ഹക്കീം ജോലി ചെയ്തിരുന്ന കൊറ്റി ജുമാമസ്ജിദ് മദ്രസ്സക്ക് പിറകിലായാണ് കത്തിത്തീരാറായ നിലയില്‍ ഹക്കീമിന്റെ മൃതദേഹം കാണപ്പെട്ടത്.[www.malabarflash.com]
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
തിരിച്ചറിയാന്‍ സാധിക്കാത്തവിധം കത്തിക്കരിഞ്ഞ ശരീരം ഹക്കീമിന്റേതാണെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെയാണ് തിരിച്ചറിഞ്ഞത്.
4 മാസം ലോക്കല്‍ പോലീസും പിന്നീട് ഒന്നര വര്‍ഷത്തോളം ക്രൈം ബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. തുടര്‍ന്ന് ഹര്‍ത്താലടക്കമുള്ള പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ സി കൃഷ്ണന്‍ എം എല്‍ എയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ആക്ഷന്‍ കമ്മിറ്റി നൂറ് ദിവസത്തോളം നീണ്ടുനിന്ന നിരാഹാരസമരവും നടത്തി. പിന്നീട് ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ പി പുരുഷോത്തമനും ഹക്കീമിന്റെ വിധവ സീനത്തും ഹൈക്കോടതിയെ സമീപീക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് 2015 ഒക്ടോബര്‍ 9ന് ഹൈക്കോടതി കേസ് സി ബി ഐക്ക് വിടുകയായിരുന്നു. തുടര്‍ന്ന് സി ബി ഐ കൊച്ചി യൂണിറ്റ് ഓഫീസര്‍ ഡാര്‍വിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ഏറ്റെടുത്തു. കൊല നടന്ന് രണ്ട് വര്‍ഷത്തിന് ശേഷം അന്വേഷണം ഏറ്റെടുത്ത സി ബി ഐ പഴുതടച്ച അന്വേഷണത്തിലൂടെ മുന്നേറുകയാണ്. നേരത്തെ ക്രൈംബ്രാഞ്ച് സംഘം ഉപയോഗിച്ചിരുന്ന കൊറ്റി ഗസ്റ്റ് ഹൗസിലെ മുറിയാണ് അന്നത്തെ സര്‍ക്കാര്‍ ക്യാമ്പ് ഓഫീസായി അനുവദിച്ചിരുന്നത്.
കൊല നടന്ന സ്ഥലത്തുതന്നെ ലഭിച്ച ക്യാമ്പ് ഓഫീസ് അന്വേഷണത്തിന് ഏറെ ഗുണംചെയ്തിരുന്നതായി സി ബി ഐ ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ സര്‍ക്കാര്‍ മാറി വന്നപ്പോള്‍ പൊതുമരാമത്ത് വകുപ്പ് സൗജന്യമായി ഉപയോഗിച്ചുവന്നിരുന്ന ഓഫീസ് മുറി ഒഴിഞ്ഞുകൊടുക്കാന്‍ സി ബി ഐയോട് ആവശ്യപ്പെടുകയായിരുന്നു. മറ്റൊരു സ്ഥലം അനുവദിച്ചതുമില്ല.
ഫയലുകളും മറ്റും തലശ്ശേരിയിലെ ക്യാമ്പ് ഓഫീസിലേക്ക് മാറ്റേണ്ടിവന്ന ഉദ്യോഗസ്ഥര്‍ക്ക് വന്നും പോയുമുള്ള അന്വേഷണം ഏറെ ദുഷ്‌ക്കരമാണത്രെ. ഹക്കീം കേസിന് പുറമെ കണ്ണൂര്‍ ജില്ലയില്‍ ഷുക്കൂര്‍ വധക്കേസും കാസര്‍ക്കോട്ടെ ഒരു കേസും കോഴിക്കോട്ടെ ഒരു കേസുമടക്കം 5 കേസുകളുടെ ചുമതലയുള്ള സി ബി ഐ സംഘത്തിന് പയ്യന്നൂരില്‍ ക്യാമ്പ് ഓഫീസില്ലാത്തത് അന്വേഷണത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
പയ്യന്നൂരില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഹക്കീം വധക്കേസ് ആദ്യം പോലീസും പിന്നീട് ക്രൈംബ്രാഞ്ചും തുടര്‍ന്ന് സി ബി ഐയും അന്വേഷണം തുടരുന്ന കേസില്‍ മൂന്ന് വര്‍ഷമായിട്ടും പ്രതികള്‍ കാണാമറയത്തുതന്നെ. പ്രതീക്ഷ നശിച്ച പയ്യന്നൂര്‍ ജനതയോട് അന്വേഷണം അവസാനഘട്ടത്തിലാണെന്നാണ് സി ബി ഐ ഉദ്യോഗസ്ഥര്‍ ഉറപ്പിച്ച് പറയുന്നത്.
പ്രതികളെ പൂര്‍ണ്ണമായും തിരിച്ചറിഞ്ഞതായും ഏറെ വൈകാതെ തന്നെ വലയിലാകുമെന്ന സൂചനയും ഇവര്‍ നല്‍കുന്നുണ്ട്.
Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:
Post a Comment