Latest News

കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം: കനിയേണ്ടത് ടി.സി.എസ്


കാസര്‍കോട്: 28ന് കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസില്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന കാസര്‍കോട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം അനിശ്ചിതമായി നീളുന്നതില്‍ നാട്ടുകാര്‍ക്ക് ആശങ്ക. ഹെഡ്‌പോസ്‌റ്റോഫീസുകള്‍ കേന്ദ്രീകരിച്ച് സേവാകേന്ദ്രം ആരംഭിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തെ തുടര്‍ന്നാണ് പത്തനംതിട്ട, ലക്ഷദ്വീപിലെ കവരത്തി ദ്വീപ്, കാസര്‍കോട് തുടങ്ങി രാജ്യത്തെ 56 കേന്ദ്രങ്ങളില്‍ സേവാകേന്ദ്രം ആരംഭിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. [malabarflash.com]

കാസര്‍കോട്ട് അടിസ്ഥാന സൗകര്യമൊരുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് നേരത്തെ ഉദ്ദേശിച്ച തിയതിയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയാത്തത്. കവരത്തിയിലും പത്തനംതിട്ടയിലും 28ന് തന്നെ ഉദ്ഘാടനം നടക്കും.

1000 സ്‌ക്വയര്‍ഫീറ്റ് സ്ഥലസൗകര്യമാണ് ആവശ്യപ്പെട്ടിരുന്നെങ്കിലും 385 സ്‌ക്വയര്‍ഫീറ്റ് ഒരുക്കിക്കൊടുക്കാന്‍ കാസര്‍കോട് ഹെഡ്‌പോസ്‌റ്റോഫീസ് അധികൃതര്‍ക്ക് സാധിച്ചിട്ടുണ്ട്. മൂന്ന് കൗണ്ടറുകള്‍ തുറന്ന് താല്‍ക്കാലിക സംവിധാനമുണ്ടാക്കാനും പിന്നീട് തൊട്ടടുത്തുള്ള കെട്ടിടം പുതുക്കിപ്പണിത് അങ്ങോട്ട് മാറാനുമായിരുന്നു ഉദ്ദേശിച്ചിരുന്നത്.

എന്നാല്‍ കമ്പ്യൂട്ടറും അനുബന്ധ സാധനങ്ങളും വാങ്ങാന്‍ ഫണ്ടില്ലെന്ന കാരണം പറഞ്ഞാണ് 28നുള്ള ഉദ്ഘാടനം നീണ്ടുപോകുന്നത്. കമ്പ്യൂട്ടര്‍, യു.പി.എസ്, സ്‌കാനര്‍, വിരലടയാളം പരിശോധിക്കാനുള്ള ബയോമെട്രിക് സംവിധാനം, സോഫ്റ്റ് വെയര്‍ അടക്കം ഒരു കൗണ്ടര്‍ സ്ഥാപിക്കാന്‍ അഞ്ച് ലക്ഷത്തോളം രൂപ ചെലവാകുമെന്ന് റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസര്‍ കെ.പി മധുസൂദനന്‍ പറഞ്ഞു.

നിലവില്‍ ബജറ്റില്‍ പണം നീക്കിവെച്ചിട്ടില്ല. ഫിനാന്‍സ് വകുപ്പ് പ്രത്യേക ഉത്തരവ് നല്‍കിയാല്‍ തന്നെ ഗ്ലോബല്‍ മാര്‍ക്കറ്റിങ് ഏജന്‍സിയുടെ ടെണ്ടര്‍ ക്ഷണിക്കേണ്ടതുണ്ട്. ടെണ്ടര്‍ നടപടിക്രമങ്ങള്‍ക്ക് കുറഞ്ഞത് 21 ദിവസം വേണ്ടിവരും. എം.പി ഫണ്ടോ എം.എല്‍.എ ഫണ്ടോ ഉപയോഗിച്ച് കമ്പ്യൂട്ടറും സംവിധാനവും ഒരുക്കാന്‍ ധനകാര്യ വിഭാഗത്തിന്റെ പ്രത്യേക അനുമതി വേണ്ടിവരും. അത് സാധാരണ ലഭിക്കാറില്ലെന്നാണ് വിവരം.

പയ്യന്നൂരിലെ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ വരുന്ന 70 ശതമാനം അപേക്ഷകളും കാസര്‍കോട്ട് നിന്നുള്ളവയാണെന്നതിനാല്‍ കാസര്‍കോട് സേവാകേന്ദ്രത്തില്‍ 12 കൗണ്ടറെങ്കിലും വേണ്ടിവരുമെന്നാണ് തുടക്കത്തില്‍ ധാരണയുണ്ടായിരുന്നത്. സ്ഥലസൗകര്യമില്ലാത്തതിനാലാണ് താല്‍ക്കാലികമായി മൂന്ന് കൗണ്ടര്‍ തുടങ്ങാമെന്ന ധാരണയിലെത്തിയത്.

കാസര്‍കോട്ട് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം ഉടന്‍ തുടങ്ങണമെങ്കില്‍ ടാറ്റാകണ്‍സള്‍ട്ടന്‍സി കനിയണമെന്ന രീതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുകയാണ്. ഇന്ത്യയിലെ 91 പാസ്‌പോര്‍ട്ട് സേവാകേന്ദ്രങ്ങള്‍ നടത്താനുള്ള കരാര്‍ ലഭിച്ചിട്ടുള്ളത് ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വ്വീസിനാണ്. ഇവര്‍ തന്നെയാണ് ഇത് പ്രവര്‍ത്തിക്കാനാവശ്യമായ ഉപകരണങ്ങള്‍, കെട്ടിടം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ടത്.

ഇപ്പോള്‍ അനുവദിച്ച 56 സേവാകേന്ദ്രങ്ങള്‍ക്ക് ഹെഡ്‌പോസ്‌റ്റോഫീസുകള്‍ സ്ഥലസൗകര്യം ഏര്‍പ്പെടുത്തി കൊടുക്കണമെന്നാണ് ഉത്തരവ്. വാടക കെട്ടിടമാകാനും പാടില്ല. ഇത്തരം സേവാകേന്ദ്രങ്ങള്‍ക്ക് ഉപകരണങ്ങള്‍ എത്തിക്കാന്‍ ടാറ്റാകണ്‍സള്‍ട്ടന്‍സി വിമുഖത കാട്ടുന്നതായാണ് വിവരം. സമയബന്ധിതമായി പത്തനംതിട്ടയിലും കവരത്തിയിലും കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ സഹായകരമായത് നേരത്തെ സേവാക്യാമ്പിന് വേണ്ടി വാങ്ങിയ ഉപകരണങ്ങള്‍ ഉള്ളതിനാലാണ്.

എന്നാല്‍ കാസര്‍കോട്ട് അതില്ല. കാസര്‍കോട്ട് ഒരു തവണ സേവാക്യാമ്പ് നടത്തിയിരുന്നെങ്കിലും എറണാകുളത്ത് നിന്ന് ഒരു ദിവസത്തേക്ക് ഉപകരണങ്ങള്‍ കടംവാങ്ങുകയായിരുന്നു. തുടര്‍ ക്യാമ്പുകള്‍ നടത്തുമെന്ന് അന്ന് പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും നടന്നിരുന്നില്ല. കവരത്തിയില്‍ പ്രതിമാസം ഒരു ക്യാമ്പ് എന്നനിലയില്‍ ഉണ്ടായിരുന്നു. അതിനാലാണ് അവിടങ്ങളില്‍ ഉപകരണങ്ങള്‍ നേരത്തെ തന്നെ വാങ്ങിവെച്ചത്.

ടാറ്റാകണ്‍സള്‍ട്ടന്‍സി സര്‍വ്വീസസിന് കാസര്‍കോട്ടേക്ക് ആവശ്യമായ ഉപകരണങ്ങള്‍ താല്‍ക്കാലികമായി ഒരുക്കാന്‍ കഴിയുമെന്നാണ് ബന്ധപ്പെട്ടവര്‍ നല്‍കുന്ന സൂചന. തകരാറിലാവുന്ന ഉപകരണങ്ങള്‍ക്ക് പകരമായി ഉപയോഗിക്കുന്ന മുന്‍കരുതല്‍ സംവിധാനം പയ്യന്നൂര്‍ പാസ്‌പോര്‍ട്ട് സേവാകേന്ദ്രത്തില്‍ ഉണ്ട്. ഇത് താല്‍ക്കാലികമായി കാസര്‍കോട്ട് ലഭ്യമാക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്.





Keywords: Kasargod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.