Latest News

മേലധികാരികള്‍ക്കെതിരേ പരാതി പറഞ്ഞതിന് പീഡനം : മലയാളി ബി.എസ്.എഫ്. ജവാന്‍ തടങ്കലിലെന്ന് ആരോപണം


ആലപ്പുഴ: മേലധികാരികള്‍ക്കെതിരെ പരാതി പറഞ്ഞതിന് പീഡനമേറ്റുവാങ്ങേണ്ടിവന്ന മലയാളി ബി.എസ്.എഫ് ജവാന്‍ അനധികൃത തടങ്കലിലെന്ന് ആരോപണം. പശ്ചിമബംഗാളില്‍ ബി.എസ്.എഫിന്റെ 28ാം ബറ്റാലിയനില്‍ ജോലി ചെയ്യുന്ന ആലപ്പുഴ വടക്കനാര്യാട് ഇട്ടിയംവെളിയില്‍ തോമസ് ജോണിന്റെ മകന്‍ ഷിബിന്‍ തോമസിനെയാ (32)ണ് തടങ്കലിലാക്കിയെന്ന ആരോപണവുമായി കുടുംബാംഗങ്ങള്‍ രംഗത്തുവന്നത്. [malabarflash.com]

13 വര്‍ഷമായി ബി.എസ്.എഫില്‍ ജോലി ചെയ്യുന്ന ഷിബിന്‍ മുമ്പ് പശ്ചിമബംഗാളില്‍ തന്നെ 41ാം ബറ്റാലിയനിലായിരുന്നു. ജവാന്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ താഴെത്തട്ടില്‍ ലഭ്യമാകാത്തതിനെതിരെ 2015 ഡിസംബറില്‍ പ്രതികരിച്ചതോടെയാണ് മേലധികാരികള്‍ പീഡനം തുടങ്ങിയതെന്ന് പിതാവ് തോമസ് ജോണും ഭാര്യ സോഫിയയും പത്രസമ്മേളനത്തില്‍ പറഞ്ഞു.

ജവാന്മാര്‍ക്ക് നല്‍കേണ്ട സാധനങ്ങള്‍ ചില മേലധികാരികള്‍ മറിച്ചുവില്‍ക്കുന്നതായുള്ള സംശയത്തെ തുടര്‍ന്ന് വിവരാവകാശ നിയമപ്രകാരം ഷിബിന്‍ വിശദാംശങ്ങള്‍ തേടിയിരുന്നു. ഒരു ജവാനായി സര്‍ക്കാര്‍ എന്തെല്ലാം നല്‍കുന്നുവെന്ന ചോദ്യമാണ് ഉന്നയിച്ചത്. ഇതിനു ബന്ധപ്പെട്ടവര്‍ മറുപടി നല്‍കിയില്ല. വൈകാതെ മാനദണ്ഡങ്ങള്‍ ഒന്നും പാലിക്കാതെ ചില കുറ്റങ്ങള്‍ ചുമത്തി സര്‍വീസില്‍ നിന്ന് ഡിസ്മിസ് ചെയ്തു. ഷിബിന്‍ നാട്ടില്‍ മടങ്ങിയെത്തി.

തുടര്‍ന്ന് അമ്മ ഇത് സംബന്ധിച്ച് പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കി. ഷിബിന്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി ബി.എസ്.എഫ് അധികാരികള്‍ക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസും അനുഭാവപൂര്‍വമാണ് ഇടപെട്ടത്. ഷിബിനെ തിരിച്ചെടുത്തുകൊണ്ടുള്ള ബി.എസ്.എഫ് അധികൃതരുടെ ഉത്തരവ് കഴിഞ്ഞ നവംബറില്‍ ലഭിച്ചു. ചുമതലയേല്‍ക്കാന്‍ ചെന്നപ്പോള്‍ നാല് ദിവസം വൈകിയാണ് അനുവദിച്ചത്.

ഒടുവില്‍ 41ാം ബറ്റാലിയനില്‍ നിന്ന് 28ാം ബറ്റാലിയനിലേക്ക് മാറ്റി. അവിടെ പഴയ കേസിന്റെ നടപടികള്‍ ഡെപ്യൂട്ടി കമാന്‍ഡന്റിന്റെ നേതൃത്വത്തില്‍ തുടങ്ങുകയും ചെയ്തു. എതിര്‍കക്ഷികളായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന തരത്തില്‍ റിപ്പോര്‍ട്ട് ഉണ്ടാക്കിയിട്ട് ഒപ്പിട്ട് നല്‍കാന്‍ ഷിബിനെ നിര്‍ബന്ധിച്ചുവെന്നും തുടര്‍ന്ന് മകനെക്കുറിച്ച് വിവരമൊന്നും ഇല്ലാതാകുകയായിരുന്നെന്നും തോമസ് ജോണ്‍ പറഞ്ഞു.

ബി.എസ്.എഫിലെ ഒരു പരിചയക്കാരന്‍ മുഖേന അന്വേഷിച്ചപ്പോള്‍ മകന്‍ തടങ്കലിലാണെന്നാണ് അറിഞ്ഞതെന്നും തോമസ് ജോണ്‍ പറയുന്നു. സംഭവത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നാണ് കുടുംബാംഗങ്ങളുടെ ആവശ്യം.






Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.