Latest News

വിവാഹപ്പന്തലിന് തീയിട്ടശേഷം ബോംബ് വച്ച് തകര്‍ക്കാന്‍ ശ്രമം


കൊട്ടിയം: വിവാഹം നടന്ന പന്തലിന് തീയിട്ടിശേഷം ബോംബ് വച്ച് തകര്‍ക്കാന്‍ നടത്തിയ നീക്കം തലനാരിഴയ്ക്ക് ഒഴിവായി. സംഭവസ്ഥലത്തുനിന്ന് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെടുത്തു. ബോബ് സ്‌ക്വാഡും പോലീസും ചേര്‍ന്ന് ബോംബുകള്‍ നിര്‍വീര്യമാക്കി. [malabarflash.com]

മൈലാപ്പൂര് എ.കെ.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനടുത്ത് മേലേവിള തെക്കതില്‍ ഷഹ്നാദ് മന്‍സിലില്‍ നാസറിന്റെ വീട്ടിലാണ് നാടിനെ പരിഭ്രാന്തിയിലാക്കിയ സംഭവങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ 20നായിരുന്നു നാസറിന്റെ മകളുടെ വിവാഹം.

വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ഈ വീടിന്റെ മുന്നിലിരുന്ന സ്‌കൂട്ടറും മുറ്റത്തിട്ടിരുന്ന വിവാഹപ്പന്തലും തീവച്ചുനശിപ്പിക്കുന്നതിന് ശ്രമമുണ്ടായി. തീ ആളിപ്പടരുന്നതുകണ്ട വീട്ടുകാര്‍ ഉണര്‍ന്ന് തീ കെടുത്തി. സ്‌കൂട്ടര്‍ ഭാഗികമായി കത്തിനശിച്ചു. പന്തലിന്റെ ഒരു ഭാഗത്തും തീ പടര്‍ന്നുകയറി. പെട്രോളില്‍ മുക്കിയ തുണി സ്‌കൂട്ടറിന് മുകളില്‍ ഇട്ടശേഷം തീ കത്തിക്കുകയായിരുന്നു എന്നു കരുതുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താനെത്തിയ പോലീസ് സംഘമാണ് ബോംബ് കണ്ടെടുത്തത്.

തീ പടര്‍ന്ന പന്തലിന് മുകളിലെ ചായ്പില്‍നിന്നാണ് ആദ്യ ബോംബ് കണ്ടെത്തിയത്. സ്ഥലത്തെത്തിയ കൊട്ടിയം എസ്.ഐ. രതീഷ്, എ.എസ്.ഐ. സുനില്‍ ജാനസ് ബേബി, എസ്.സി.പി.ഒ. ഷൂജ എന്നിവര്‍ ചേര്‍ന്ന് ബോംബ് പോലെ തോന്നിച്ച വസ്തുവിന്റെ മുകളില്‍ നനഞ്ഞ ചാക്കിട്ടശേഷം ബോംബ് സ്‌ക്വാഡിനെയും സയന്റിഫിക് സ്‌ക്വാഡിനെയും വിവരമറിയിച്ചു.

ചാത്തന്നൂര്‍ എ.സി.പി. ജവഹര്‍ ജനാര്‍ദ്ദ്, കൊട്ടിയം സി.ഐ. അജയനാഥ്, എസ്.ഐ. അശോക്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസും സ്ഥലത്തെത്തി. ബോംബ് സ്‌ക്വാഡ് പന്തലിന് മുകളിലെ ചായ്പില്‍നിന്ന് ബോംബ് നീക്കംചെയ്തു. സ്‌ഫോടകവസ്തുക്കള്‍ നിരവധി പേപ്പറുകളില്‍ പൊതിഞ്ഞശേഷം അതിന് മുകളില്‍ ചണവും വയറുകളുംകൊണ്ട് ബലപ്പെടുത്തി കെട്ടിയനിലയിലായിരുന്നു.

കരിമരുന്നും അലൂമിനിയം പൗഡറുമാണ് ഇതിനുള്ളിലുണ്ടായിരുന്നത്. സ്‌ഫോടനശേഷിയുണ്ടെന്ന് മനസ്സിലാക്കിയതോടെ അടുത്തുള്ള ആളൊഴിഞ്ഞ പുരയിടത്തിലേക്ക് കൊണ്ടുപോയി ഇത് നിര്‍വീര്യമാക്കി. ഇതിനിടെ ഗുണ്ടുപോലുള്ള മറ്റൊരു ചെറിയ ബോംബും കത്തിയ സ്‌കൂട്ടറിനടുത്ത് പാറയിടുക്കില്‍നിന്ന് കണ്ടെടുത്തു. പോലീസ് ഇതും നിര്‍വീര്യമാക്കിയശേഷം നാട്ടുകാരെ കാണിച്ചു.

ബൈക്കിനടുത്ത് പന്തലിന് മുകളിലായാണ് സ്‌ഫോടകശക്തിയുള്ള ബോംബ് വച്ചിരുന്നത്. സ്‌കൂട്ടറിലും പന്തലിലും തീപിടിക്കുമ്പോള്‍ അത് പടര്‍ന്ന് ബോംബ് പൊട്ടിത്തെറിക്കത്തക്ക രീതിയിലാണ് പദ്ധതിയിട്ടിരുന്നതെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു.

ഖത്തറില്‍ പാചകത്തൊഴിലാളിയായ നാസര്‍ മകളുടെ വിവാഹനടത്തിപ്പിന് ഒരുമാസംമുമ്പാണ് നാട്ടിലെത്തിയത്.

നിര്‍വീര്യമാക്കിയ ബോംബിന്റെ അവശിഷ്ടങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കായി ഫോറന്‍സിക് ലാബിലേക്ക് അയയ്ക്കുമെന്ന് പോലീസ് പറഞ്ഞു. കൊട്ടിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.




Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.