ഡെല്‍ഹി: സിനിമയിലോ ഡോക്യുമെന്ററിയിലോ ഉള്‍പ്പെടുത്തിയിട്ടുള്ള ദേശീയ ഗാനത്തിന് എഴുന്നേറ്റു നില്‍ക്കേണ്ടെന്നു സുപ്രീം കോടതി. അതേസമയം, സിനിമയ്ക്ക് മുമ്പ് ദേശീയഗാനം കേള്‍ക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റു നില്‍ക്കണം. ജസ്റ്റീസുമാരായ ദീപക് മിശ്രയും അമിത് ഘോഷും അടങ്ങിയ ബഞ്ചിന്റേതാണ് വിധി. [www.malabarflash.com]
തീയറ്ററില്‍ സിനിമയ്ക്കു മുമ്പു ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും എല്ലാവരും എഴുന്നേറ്റു നില്‍ക്കണമെന്നും കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവില്‍ വ്യക്തത ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് കോടതിയുടെ പുതിയ നിര്‍ദേശം.
നേരത്തെ, ദേശീയഗാനം നിര്‍ബന്ധമാക്കിയ വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാദങ്ങള്‍ രാജ്യത്ത് ഉയര്‍ന്നിരുന്നു. ഇതിനിടെ, തീയേറ്ററില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റു നില്‍ക്കാത്തവര്‍ക്കെതിരേ പോലീസ് കേസെടുക്കാന്‍ തുടങ്ങിയതോടെ സംഭവം വിവാദമായി.
തിരുവനന്തപുരത്തു ചലച്ചിത്രമേളയില്‍ ദേശീയ ഗാന സമയത്ത് തീയേറ്ററില്‍ എഴുന്നേറ്റു നില്‍ക്കാതിരുന്നവരെ പോലീസ് അറസ്റ്റ് ചെയ്തത് വലിയ തര്‍ക്കങ്ങള്‍ക്കും കാരണമായി. അടുത്തിടെ പുറത്തിറങ്ങിയ ആമിര്‍ ഖാന്‍ ചിത്രം ദംഗലില്‍ ദേശീയഗാനം വരുന്ന രംഗമുണ്ടായിരുന്നു. ഈ രംഗം കണ്ടു എഴുന്നേല്‍ക്കാതിരുന്നവരെ മര്‍ദ്ദിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment