Latest News

ഖാസിയുടെ മരണം: നീതി നിഷേധത്തിനെതിരെ മനുഷ്യാവകാശ സമ്മേളനം

കാസര്‍കോട്: സമസ്ത കേന്ദ്ര മുശാവറ വൈസ് പ്രസിഡണ്ടും നിരവധി മഹല്ലുകളിലെ ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവി മരണപ്പെട്ട് ഏഴ് വര്‍ഷം പൂര്‍ത്തിയാകുന്ന ഫെബ്രുവരി 15ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നീതി നിഷേധത്തിനെതിരെ മനുഷ്യാവകാശ സമ്മേളനം സംഘടിപ്പിക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.[www.malabarflash.com]

ഒരു സാധാരണ മനുഷ്യന്റെ ജീവന് നല്‍കുന്ന വിലപോലും സര്‍വ്വരാലും അംഗീകരിക്കുകയും ആദരിക്കുകയും ചെയ്തിരുന്ന ചെമ്പരിക്ക ഖാസിയുടെ ജീവന് ഇവിടത്തെ ഭരണ കൂടവും അന്വേഷണ ഏജന്‍സികളും നല്‍കിയില്ലെന്ന് എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

ഖാസിയുടെ മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്ത് കൊണ്ടുവരുന്നതിന് വേണ്ടത് പോലെ ഭരണ പക്ഷവും പ്രതിപക്ഷവും ഇടപെടാത്തത് ഖേദകരമാണെന്നും തിരഞ്ഞെടുപ്പ് സമയങ്ങളില്‍ വാഗ്ദാനങ്ങള്‍ നല്‍കിപോകുന്ന രാഷ്ട്രീയക്കാരെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

ഖാസിയുടെ മുഴുവന്‍ മക്കളോടും മൊഴിയെടുക്കാതെ സി.ബി.ഐ അന്വേഷണം അവസാനിപ്പിച്ചത് ചിലരുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണെന്നും കോളിളക്കം സൃഷ്ടിച്ച ഖാസി കേസ് അന്വേഷണം ലാഘവത്തോട് കൂടിയാണ് സി.ബി.ഐ കൈകാര്യം ചെയ്തതെന്നും എസ്.കെ.എസ്.എസ്.എഫ് നേതാക്കള്‍ പറഞ്ഞു.

സി.ബി.ഐ.യുടെ സ്‌പെഷ്യല്‍ ടീമിനെ നിയമിക്കണമെന്ന് ഖാസിയുടെ കുടുംബവും സംഘടനകളും ആക്ഷന്‍ കമ്മിറ്റിയും ആവശ്യപ്പെട്ടിട്ടും ചെവികൊണ്ടില്ല. സി.ജെ.എം. കോടതി അതിന് ഉത്തരവ് ഇറക്കിയെങ്കിലും മറ്റു കേസുകള്‍ അന്വേഷിക്കുന്ന ടീമിന് ചുമതല നല്‍കി തല്‍ക്കാലം ഒഴിഞ്ഞ് മാറുകയാണ് സി.ബി.ഐ ഡയറക്ടര്‍ ചെയ്തത്.

നേരത്തെ ഉന്നയിച്ച ആവശ്യങ്ങളുമായി കുടുംബത്തോടൊപ്പം സംഘടനയും മുന്നോട്ട് പോകും. കേന്ദ്രമന്ത്രിമാരെ കാണാനും തീരുമാനിച്ചിട്ടുണ്ട്.

ബുധനാഴ്ച ഉച്ചക്ക് 2 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന മനുഷ്യാവകാശ സമ്മേളനത്തില്‍ ഭാവി പരിപാടികള്‍ പ്രഖ്യാപിക്കും.

സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, ഖാസി ത്വാഖ അഹ്മ്മദ് മൗലവി, യു.എം അബ്ദുല്‍ റഹ്മാന്‍ മൗലവി, എം.എ ഖാസിം മുസ്ലിയാര്‍, ഉമര്‍ ഫൈസി മുക്കം, അബ്ദുസമദ് പൂക്കോട്ടൂര്‍, അഡ്വ. ത്വയ്യിബ് ഹുദവി, അഡ്വ. പൗരന്‍ തുടങ്ങിയവരും സമസ്തയുടെയും കീഴ്ഘടകങ്ങളുടെയും സംസ്ഥാന, ജില്ലാ നേതാക്കളും സംബന്ധിക്കുമെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഇബ്രാഹിം ഫൈസി ജെഡിയാര്‍, ജില്ലാ പ്രസിഡണ്ട് ്താജുദ്ദീന്‍ ദാരിമി പടന്ന, ജന.സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, ട്രഷറര്‍ സുഹൈര്‍ അസ്ഹരി എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.


Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.