Latest News

വിമാനം പറത്തുന്നതിനു പകരം വാചകമടി; വനിതാ പൈലറ്റിന്റെ പണി പോയി


വാഷിങ്ടന്‍: വിമാനം പറത്തുന്നതിനു പകരം യാത്രക്കാര്‍ക്കു മുന്നില്‍ വാചകമടിക്കാന്‍ തുനിഞ്ഞ വനിതാ പൈലറ്റിന്റെ പണി പോയി! യുഎസിലെ ഓസ്റ്റിന്‍–ബെര്‍ഗ്‌സ്‌റ്റോം രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. സാന്‍ ഫ്രാന്‍സിസികോയിലേക്ക് പോകേണ്ടിയിരുന്ന യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിന്റെ പൈലറ്റാണ്, വിമാനം പറത്തുന്നതിന് പകരം യാത്രക്കാര്‍ക്കു മുന്നില്‍ വാചകമടിച്ച് പണി കളഞ്ഞത്. [www.malabarflash.com] 

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തോടു തോറ്റ ഹിലറി ക്ലിന്റന്‍ തുടങ്ങിയവയായിരുന്നു വനിതാ പൈലറ്റിന്റെ 'പ്രഭാഷണ'ത്തിലെ വിഷയങ്ങള്‍. ഇടയ്ക്ക് ഭര്‍ത്താവില്‍നിന്നും താന്‍ വിവാഹമോചനം നേടാനിടയാക്കിയ കാരണങ്ങളേക്കുറിച്ചും സംസാരിച്ചു.

വിമാനത്തിനടുത്തേക്ക് എത്തിയതുമുതല്‍ പൈലറ്റിന്റെ പെരുമാറ്റം അസ്വാഭാവികമായിരുന്നുവെന്നാണ് യാത്രക്കാരുടെ ആരോപണം. ഇവര്‍ സ്ഥലത്തെത്തിയതുതന്നെ പതിവിലും നേരം വൈകിയാണെന്ന് യാത്രക്കാര്‍ പറഞ്ഞു. പതിവു യൂണിഫോമിനു പകരം സാധാരണ വസ്ത്രങ്ങളണിഞ്ഞാണ് വന്നത്. വന്നു കയറിയയുടന്‍ വിമാനത്തിലെ മറ്റു ജീവനക്കാരുമായി അല്‍പനേരം വാഗ്വാദം. യാത്രക്കാരിലാരോ ഒരാള്‍ വിമാന ജീവനക്കാരുമായി തര്‍ക്കിക്കുകയാണെന്നേ മറ്റു യാത്രക്കാര്‍ ആദ്യം കരുതിയുള്ളൂ.

എന്നാല്‍, വിമാന യാത്രക്കാര്‍ക്ക് അറിയിപ്പു നല്‍കുന്ന മൈക്ക് സംവിധാനം കൈയിലെടുത്ത ഇവര്‍, ട്രംപിനെയും ഹിലറിയെയും കുറിച്ച് സംസാരിക്കാന്‍ ആരംഭിച്ചു. ചീത്തവിളിയായിരുന്നു ഇതില്‍ ഏറിയ പങ്കും. ഇരുവര്‍ക്കും താന്‍ വോട്ടു െചയ്തില്ലെന്നും 'തുറന്നുപറഞ്ഞു'. തുടര്‍ന്ന് തന്റെ വിവാഹമോചനത്തേക്കുറിച്ചും സംസാരിച്ചു. ഇതോടെ, രംഗം പന്തിയല്ലെന്നു കണ്ട യാത്രക്കാരില്‍ ചിലര്‍ വിമാനത്തില്‍നിന്നും ഇറങ്ങിപ്പോയി. മറ്റു ചിലരാകട്ടെ, പുതിയ പൈലറ്റിനെ അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുണൈറ്റഡ് എയര്‍ലൈന്‍സ് അധികൃതരെ ട്വിറ്ററിലൂടെ ബന്ധപ്പെട്ടു.

തുടര്‍ന്ന് മറ്റൊരു പൈലറ്റിനെ സ്ഥലത്തെത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്. വിമാനം അപ്പോഴേക്കും രണ്ടു മണിക്കൂര്‍ വൈകിയിരുന്നു. സംഭവത്തില്‍ ബുദ്ധിമുട്ട് നേരിട്ട യാത്രക്കാരോട് ഖേദം പ്രകടിപ്പിച്ച യുണൈറ്റഡ് എയര്‍ലൈന്‍സ്, പൈലറ്റിന്റെ പേര് വെളിപ്പെടുത്താന്‍ തയാറായില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു.




Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.