Latest News

ദേവകി കൊലക്കേസ്‌: മുടി പരിശോധനാ റിപ്പോര്‍ട്ട്‌ ലഭിച്ചു, അന്വേഷണം ക്രൈംബ്രാഞ്ചിന് ?

ബേക്കല്‍: പനയാല്‍ കാട്ടിയടുക്കത്തെ ദേവകി(68)യെ കൊലപ്പെടുത്തിയ കേസ്‌ അന്വേഷണത്തിനു നിര്‍ണ്ണായകമെന്നു കരുതിയിരുന്ന മുടി പരിശോധനാ റിപ്പോര്‍ട്ട്‌ ലഭിച്ചു.[www.malabarflash.com]

തിരുവനന്തപുരം പോലീസ്‌ ഫോറന്‍സിക്‌ ലാബില്‍ നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട്‌ കഴിഞ്ഞ ദിവസമാണ്‌ അന്വേഷണ സംഘ തലവനായ കാഞ്ഞങ്ങാട്‌ ഡിവൈ എസ്‌.പി. കെ.ദാമോദരനു ലഭിച്ചത്‌. അന്വേഷണത്തെ ത്രിശങ്കുവിലാക്കുന്നതാണ്‌ റിപ്പോര്‍ട്ട്‌. 

ദേവകിയുടെ കൊലപാതകത്തില്‍ നേരത്തെ സംശയത്തിന്റെ നിഴലില്‍ കഴിഞ്ഞിരുന്ന പെരിയയിലെ വാഹന ഷോപ്പ്‌ ജീവനക്കാരനെ കുറ്റവിമുക്തമാക്കുന്നതരത്തിലുള്ളതാണ്‌ റിപ്പോര്‍ട്ട്‌. ദേവകിയുടെ മൃതദേഹത്തില്‍ നിന്നു ലഭിച്ച മുടിയിഴകള്‍ പെരിയ യുവാവിന്റേതാണെന്നു സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നു റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു. 

മൃതദേഹത്തില്‍ കാണപ്പെട്ട മുടിയിഴകള്‍ സംശയിക്കപ്പെടുന്ന യുവാവിന്റേതാണെന്നു പറയാന്‍ കഴിയില്ലെന്നും എന്നാല്‍ മുടിയിഴകള്‍ യുവാവിന്റേതാകാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടിലുള്ളതായാണ്‌ സൂചന. അന്വേഷണ സംഘം ഏറെ പ്രതീക്ഷയോടെയാണ്‌ റിപ്പോര്‍ട്ട്‌ കാത്തിരുന്നത്‌. റിപ്പോര്‍ട്ട്‌ ലഭിച്ചാലുടന്‍ കൊലയാളിയെ അറസ്റ്റു ചെയ്യാന്‍ കഴിയുമെന്നാണ്‌ അന്വേഷണ സംഘം കരുതിയിരുന്നത്‌. 

റിപ്പോര്‍ട്ട്‌ ലഭിച്ചതോടെ ദേവകി കൊലക്കേസിന്റെ അന്വേഷണം ത്രിശങ്കുവിലായിരിക്കുകയാണ്‌. 

ഇക്കഴിഞ്ഞ ജനുവരി 13ന്‌ ആണ്‌ ദേവകിയെ കാട്ടിയടുക്കത്തെ വീട്ടില്‍ കൊല്ലെപ്പെട്ട നിലയില്‍ കണ്ടെത്തിയത്‌. അന്വേഷണത്തിന്റെ ഭാഗമായി ദേവകിയുടെ അടുത്ത ബന്ധുക്കളടക്കം നൂറോളം പേരെ ചോദ്യം ചെയ്‌തിരുന്നു. എന്നാല്‍ കൊലപാതകിയിലേയ്‌ക്കു വിരല്‍ ചൂണ്ടുന്ന ഒരു സൂചനയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
മുടി പരിശോധനാ റിപ്പോര്‍ട്ട്‌ ലഭിച്ചതോടെ അന്വേഷണം തുടക്കം മുതല്‍ വീണ്ടും തുടങ്ങാനുള്ള തീരുമാനത്തിലാണ്‌ അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി നേരത്തെ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചിരുന്നവരെയെല്ലാം വീണ്ടും ചോദ്യം ചെയ്യാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്‌. 

ദേവകിയുടെ വീട്ടിനു സമീപത്തു താമസയോഗ്യമല്ലാത്ത വീട്ടില്‍ ഇടയ്‌ക്കിടെ താമസിക്കാന്‍ എത്തിയിരുന്ന യുവാവില്‍ നിന്നു വീണ്ടും ചോദ്യം ചെയ്‌തു തുടങ്ങാനാണ്‌ ആലോചന. 

അതേസമയം മുടി പരിശോധന റിപ്പോര്‍ട്ട്‌ എതിരായ സാഹചര്യത്തില്‍ ഇതിനകം വിവാദമുയര്‍ത്തിയ കൊലക്കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിനു വിടണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്‌. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകുമെന്നാണ്‌ സൂചന.

Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.