Latest News

മംഗളൂരുവില്‍ മലയാളി ബാങ്കുദ്യോഗസ്ഥയെ കൊന്ന മഹാരാഷ്ട്ര സ്വദേശിക്ക് ജീവപര്യന്തം

മംഗളൂരു: മലയാളിയായ ബാങ്കുദ്യോഗസ്ഥ മംഗളൂരുവില്‍ കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവ്. മലപ്പുറം വാഴക്കാട് കടമ്പോട്ട് കോവിലകംവീട്ടില്‍ അരവിന്ദാക്ഷനുണ്ണിയുടെ മകള്‍ കെ.സി. അഞ്ജനയെ(24) കൊലപ്പെടുത്തിയ കേസില്‍ പ്രതി മഹാരാഷ്ട്ര ഖേദ് സ്വദേശി ആത്മാറാം സീതാറാം മോറി(39)നെയാണ് മംഗളൂരു കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.[www.malabarflash.com]

സിന്‍ഡിക്കേറ്റ് ബാങ്ക് സൂരത്കല്‍ കട്ടിപ്പാല ബ്രാഞ്ചിലെ പ്രൊബേഷണറി ഓഫീസറായിരുന്ന അഞ്ജനയെ 2013 ഏപ്രില്‍ 17-ന് സുഹൃത്ത് ആത്മാറാമിന്റെ ഉര്‍വയിലുള്ള വാടകവീട്ടില്‍ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അടുത്തദിവസം പുലര്‍ച്ചെ വെന്‍ലോക്ക് ആസ്​പത്രിയില്‍ അവര്‍ മരിച്ചു. 2013 ജൂണ്‍ 24-ന് മണിപ്പാലില്‍നിന്നാണ് പ്രതി അറസ്റ്റിലായത്.

അഞ്ജനയെ കൊലപ്പെടുത്തിയ ശേഷം മഹാരാഷ്ട്ര, നേപ്പാള്‍ എന്നിവിടങ്ങളില്‍ ഒളിവിലായിരുന്ന ഇയാള്‍ ബാങ്കുദ്യോഗസ്ഥയായ കാമുകിയെ കാണാന്‍ മണിപ്പാലിലെത്തിയപ്പോഴാണ് പോലീസിന്റെ പിടിയിലായത്.

ജീവപര്യന്തം തടവിനു പുറമേ പതിനായിരം രൂപ പിഴയും ഒടുക്കണം. മഹാരാഷ്ട്രയില്‍ മറ്റൊരു സ്ത്രീയെ കൊലചെയ്ത കേസിലും ഇയാള്‍ പ്രതിയാണ്. ഈ കേസില്‍ ശിക്ഷ പൂര്‍ത്തിയായ ശേഷം വേണം അഞ്ജന കൊലക്കേസില്‍ ജീവപര്യന്തം അനുഭവിക്കാന്‍. മൂന്നുമാസം ഇയാളെ ഏകാന്തതടവില്‍ പാര്‍പ്പിക്കണം. അഞ്ജനയുടെ രക്ഷിതാക്കള്‍ക്കു നല്‍കാനുള്ള നഷ്ടപരിഹാരം നിശ്ചയിക്കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്കും കോടതി നിര്‍ദേശം നല്‍കി.

മംഗളൂരുവിലെ ഒരു മാളില്‍ ജോലിചെയ്തിരുന്ന ആത്മാറാമിനെ അഞ്ജനയ്ക്ക് അടുത്ത പരിചയമുണ്ടായിരുന്നു. തന്റെ വിവാഹാലോചന നിഷേധിച്ചതിലെ വിരോധമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസ് പറയുന്നു.

Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.