Latest News

കുഞ്ഞിപ്പക്കി മാനവ സൗഹാര്‍ദ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

മൊഗ്രാല്‍: നാടുവാഴിയും മായിപ്പാടി കോവിലകം ന്യായാധിപനും വൈദ്യസാമ്രാട്ടും മതേതരവാദിയുമായിരുന്ന സാഹുക്കാര്‍ കുഞ്ഞിപ്പക്കിയുടെ നാമധേയത്തില്‍ വിവിധ മേഖലയില്‍ ഏര്‍പെടുത്തിയ സാഹുക്കാര്‍ കുഞ്ഞിപ്പക്കി മാനവ സൗഹാര്‍ദ സദ്ഭാവന അവാര്‍ഡിന് കെ. മുഹമ്മദ് അറബി, കാപ്പില്‍ കെ.ബി.എം.ഷെരീഫ്, ഡോ. ജയപ്രകാശ് കോടോത്ത് എന്നിവര്‍ അര്‍ഹരായി.

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് നിറഞ്ഞു നില്‍ക്കുന്ന കെ. മുഹമ്മദ് അറബി എം.എ.കെ. ഗ്രൂപ്പ് ചെയര്‍മാനാണ്. വിദ്യാഭ്യാസ സാമൂഹ്യ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് മികച്ച സേവനം കാഴ്ചവെച്ച വ്യക്തിത്വമാണ് കാപ്പില്‍ കെ.ബി.എം.ഷരീഫ്.

വൈദ്യശാസ്ത്രരംഗത്തും സാമൂഹ്യ രാഷ്ട്രീയ മേഖലയിലും മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന വ്യക്തിത്വമാണ് ജയപ്രകാശ് കോടോത്ത്.

1921 ല്‍ തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നടന്ന ബഹുഭാഷാ കവി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച മലയാളം, സംസ്‌കൃതം, ഉര്‍ദു, ഹിന്ദി, അറബി ഭാഷകളില്‍ കവിതകള്‍ രചിക്കുകയും ചെയ്ത പ്രശസ്ത കവിയും വൈദ്യസാമ്രാട്ടുമായ ബാലാമുബ്‌നു ഫഖീഹിന്റെ പേരില്‍ ഏര്‍പെടുത്തിയ അവാര്‍ഡ് പ്രശസ്ത തമിഴ് നോവലിസ്റ്റ് തോപ്പില്‍ മുഹമ്മദ് മീരാന്‍, മാത്തുക്കുട്ടി വൈദ്യര്‍, ഡോ. മൗലാനാ അംജത്ത് ഹുസൈന്‍, ഡോ.എ.കെ. അബ്ദുല്‍കരീം എന്നിവരും അര്‍ഹരായി.

കണ്ണൂര്‍ ജില്ലയില്‍ ജനിച്ച് അഡ്യനടുക്കയില്‍ സ്ഥിരതാമസമാക്കിയ വൈദ്യരത്‌നം മാത്തുക്കുട്ടി വൈദ്യര്‍ നിരവധി രോഗികള്‍ ജീവിതത്തിലേക്ക് ഉയര്‍ത്തികൊണ്ട് വന്നിട്ടുണ്ട്. ഹാഫീസ് കര്‍ണാട്ടകി എന്ന തൂലികാനാമത്തില്‍ ശ്രദ്ധേയനായ ഉര്‍ദു കവിയാണ് ഡോ. മൗലാനാ അംജത്ത് ഹുസൈന്‍. 23 കവിതാ സമാഹരങ്ങളും, 10 ഇതര ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.

മുന്‍ എം.പി ഹമീദലി ഷംനാട്, കര്‍ണാടക നാടക അക്കാദമി അംഗം ഉമേഷ് സാലിയാന്‍, ടി.എ. ഖാലിദ്, ഡോ.എ.എസ്. മൊഗ്രാല്‍, പി. മുഹമ്മദ് നിസാര്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തിരഞ്ഞടുത്തത്. 10,001 രൂപയും മൊമന്റോയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.

വാര്‍ത്താസമ്മേളനത്തില്‍ അസീസ് തായ്‌നേരി, അഡ്വ. ബി.എഫ്. അബ്ദുല്‍ റഹ്മാന്‍, ടി.എം. സുഹൈബ്, ഡോ. അഷ്‌റഫ്, ബി.എച്ച്. അബൂബക്കര്‍ സിദ്ദീഖ്, കൊപ്പല്‍ അബ്ദുല്ല, ടി.കെ. അന്‍വര്‍, എം.എസ്. മൊഗ്രാല്‍ സ്മാരക സമിതി സെക്രട്ടറി എം.കെ. അബ്ദുല്ല എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംബന്ധിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.