കാസര്‍കോട്: റിയാസ് മുസ്‌ല്യാരെ കുത്തി പള്ളിക്കകത്ത് നിന്ന് പുറത്തിറങ്ങുമ്പോഴേക്കും മൈക്കിലൂടെയുള്ള ഖത്തീബിന്റെ ശബ്ദം കേട്ട് ആള്‍ക്കാര്‍ ഉണര്‍ന്നിരുന്നു. ഉടന്‍ അഖിലേഷ് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു. നിതിന്‍ റാവുവും അജേഷും ഓടിയെത്തി ബൈക്കില്‍ കയറി. കേളുഗുഡ്ഡയിലെ അങ്കണവാടിയിലേക്കാണ് സംഘം പോയത്.[www.malabarflash.com]
അജേഷും നിതിന്‍ റാവുവും പിന്നീട് ഒളിച്ചു കഴിഞ്ഞത് കേളുഗുഡ്ഡെ വയലിലെ ഷെഡ്ഡിലാണെന്ന് പോലീസിന് മൊഴി നല്‍കി. ആരുടെയും ശ്രദ്ധയില്‍പെടാതെ വീട്ടില്‍ പോയി ഭക്ഷണം കഴിച്ച ഇരുവരും രണ്ട് പകലും രണ്ട് രാത്രിയും ഷെഡ്ഡിനകത്താണ് കഴിച്ചു കൂട്ടിയത്. വാറണ്ട് ഉള്ളതിനാല്‍ പോലീസ് അന്വേഷിക്കുന്നുണ്ടെന്നാണ് വീട്ടുകാരോട് പറഞ്ഞത്.
കത്തിയും ശരീരത്തിലെ രക്തപ്പാടുകളും അജേഷ് കഴുകി വൃത്തിയാക്കി. ടാങ്കില്‍ നിന്ന് വെള്ളം കോരിയെടുത്താണ് രക്തക്കറകള്‍ കഴുകിക്കളഞ്ഞത്. പിന്നീട് അഖിലേഷിന്റെ അമ്മാവന്റെ വീട്ടിലേക്കാണ് പോയത്. വീട്ടുകാര്‍ ഉറങ്ങിയിരുന്നു. വിളിച്ചുണര്‍ത്താതെ ബൈക്ക് വീട്ടുവളപ്പില്‍ നിര്‍ത്തി മൂവരും നടന്നുപോയി.
കത്തി വഴിയരികിലെ കവുങ്ങിന്‍ തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞു. അഖിലേഷിന്റെ വീട്ടിലേക്കാണ് മൂവരും പോയത്. ഒപ്പം ചങ്ങാതിമാരെ കണ്ട് എന്താണ് വന്നതെന്ന് ബന്ധുക്കള്‍ ചോദിച്ചു. തിരഞ്ഞെടുപ്പ് സമയത്തെ ഒരു കേസില്‍ വാറണ്ട് ഉണ്ടെന്നും പോലീസ് അന്വേഷിച്ച് വരുന്നതിനാല്‍ ഇന്ന് രാത്രി ഇവിടെ കഴിയാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടു.
ഭക്ഷണമൊന്നും ഉണ്ടായിരുന്നില്ല. അതിനാല്‍ പോയ ഉടനെ മൂന്നു പേരും കിടന്നു. രാവിലെ ഉണര്‍ന്ന ഉടനെ അജേഷും നിതിന്‍ റാവുവും വീട്ടില്‍ നിന്ന് ഇറങ്ങി. അഖിലേഷ് ബാങ്കിലേക്ക് ജോലിക്ക് പോയി.
എല്ലാ ദിവസവും കൂലിപ്പണിക്ക് പോകുന്ന അജേഷിനെയും നിതിന്‍ റാവുവിനെയും കാണാത്തത് നാട്ടുകാര്‍ ശ്രദ്ധിച്ചിരുന്നു. സമാധാനാന്തരീക്ഷം തകര്‍ക്കുന്ന രീതിയിലുള്ള കൊല നടത്തിയ പ്രതികളെ തിരിച്ചറിയേണ്ടത് നാട്ടുകാരുടെ ആവശ്യമായിരുന്നു. അതിനാല്‍ സംശയ സാഹചര്യത്തിലുള്ളവരുടെ മുഴുവന്‍ വിവരങ്ങളും പോലീസിന് കൈമാറിയിരുന്നു.
രണ്ട് പേരുടെ തിരോധാനം അങ്ങനെയാണ് പോലീസ് സംഘത്തിന് ലഭിക്കുന്നത്. ഇവരെ പിടിക്കാനുള്ള സഹായവും നാട്ടുകാരില്‍ നിന്ന് തന്നെ പോലീസിന് ലഭിച്ചു. ഇവരെ പിടിച്ചതോടെയാണ് കൊലയില്‍ അഖിലേഷിന് കൂടി പങ്കുള്ളതായി വിവരം ലഭിക്കുന്നത്.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment