കാസര്‍കോട് : പഴയ ചൂരി ഇസ്സത്തുല്‍ ഇസ്ലാം മദ്രസയിലെ അധ്യാപകനും മുഹിയുദ്ദീന്‍ ജുമാമസ്ജിദിലെ മുഅദ്ദിനുമായ കുടക് കൊട്ടമുടി സ്വദേശി റിയാസ് മുസ്‌ല്യാരെ (30) കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് കാസര്‍കോട് മണ്ഡലത്തില്‍ മുസ്‌ലിം ലീഗ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പൂര്‍ണ്ണം.[www.malabarflash.com]
പലസ്ഥലങ്ങളാലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരത്തിലിറങ്ങിയ വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ തടയുന്നുണ്ട്. കട കമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുന്നു.
മേല്‍പ്പറമ്പ്, ബേക്കല്‍, പളളിക്കര തുടങ്ങിയ സ്ഥലങ്ങളിലും വാഹനങ്ങള്‍ തടഞ്ഞത് കാരണം ജനങ്ങള്‍ ദുരതത്തിലായി.
കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് സംഘര്‍ഷം. വാഹനം തടയാനെത്തിയ ഒരു സംഘം യുവാക്കള്‍ പോലീസിന് നേരെ കല്ലേറ് നടത്തി. കൂടുതല്‍ പോലീസെത്തി ലാത്തിവീശി അക്രമികളെ വിരട്ടി ഓടിച്ചു. ചെങ്കള നാലാംമൈലില്‍ വാഹനം തടയാനെത്തിയ സംഘം കാറിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്തു.
കാസര്‍കോട് നഗരത്തിലും തളങ്കരയിലും എടനീരിലും റോഡിന് കുറുകെ മരങ്ങളും കല്ലുകളും നിരത്തി ഗതാഗതം തടസപ്പെടുത്തി.
കൊലപാതകത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് നഗരത്തില്‍ ചൊവ്വാഴ്ച രാവിലെ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പോലീസ് കാസര്‍കോടും പരിസര പ്രദേശങ്ങളിലും ജാഗ്രതയിലാണ്.
കാസര്‍കോട്ട് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു സര്‍വകക്ഷി സമാധാന യോഗം വിളിച്ചു. ചൊവ്വാഴ്ച വൈകിട്ട് നാലു മണിക്ക് കലക്ടറേറ്റിലാണ് യോഗം നടക്കുക.
Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
No comments:
Post a Comment