Latest News

ഷമാസിനും ഷഫാനും ഒരേ ഖബറില്‍ അന്ത്യവിശ്രമം

കരുനാഗപ്പള്ളി: കഴിഞ്ഞ ശനിയാഴ്ച സൗദി അറേബ്യയിലെ ദമാമില്‍ നീന്തല്‍കുളത്തില്‍ വീണ് മരണപ്പെട്ട സഹോദരങ്ങളായ ഷമാസിനും ഷഫാനും ആയിരങ്ങളുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.[www.malabarflash.com]
കരുനാഗപ്പള്ളി ജുമാ മസ്ജിദില്‍ കബറടക്കി. കരുനാഗപ്പള്ളി പള്ളിമുക്കില്‍ നായിക്കന്റയ്യത്ത് നവാസ് -സൗമി ദമ്പതികളുടെ ആണ്‍കുട്ടികളാണ് ഇരുവരും.
മൃതദേഹങ്ങള്‍ നാട്ടിലെത്തുന്നുവെന്നറിഞ്ഞ് വെളളിയാഴ്ച രാവിലെ മുതല്‍ നാടിന്റെ നാനാ ഭാഗത്തുനിന്നും നവാസിന്റെ വീട്ടിലേക്ക് ജനമൊഴുകിയെത്തി. 

ശോകമൂകമായ അന്തരീക്ഷത്തില്‍ 11 മണിയോടെ വീട്ടിലെത്തിയ ആംബുലന്‍സില്‍ നിന്നും കുട്ടികളുടെ ചേതനയറ്റ ശരീരം പുറത്തേക്കെടുത്തപ്പോള്‍ പിതാവ് നവാസിന്റെ അലമുറയിട്ടുള്ള പൊട്ടികരച്ചില്‍ കണ്ടുനിന്ന ആയിരങ്ങളുടെ കണ്ണിനെ ഈറനണിയിച്ചു.
മക്കള്‍ക്ക് വേണ്ടി കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഖുര്‍ആന്‍ പാരായണം ചെയ്തുകൊണ്ടിരുന്ന മാതാവ് സൗമി ചേതനയറ്റ കുഞ്ഞുങ്ങളുടെ ശരീരത്തിനടുത്തേക്ക് വന്നതോടെ കൂട്ടനിലവിളിയായി. രണ്ടു കുഞ്ഞുങ്ങളുടേയും മൃതദേഹം ഒരേ ഖബറില്‍ തന്നെയാണ് അടക്കം ചെയ്തത്.

ദമാമില്‍ ജോലി നോക്കുന്ന നവാസ് ആറ് മാസങ്ങള്‍ക്കുമുമ്പാണ് അവധിക്ക് നാട്ടിലെത്തി തിരികെ പോയത്. കഴിഞ്ഞ ശനിയാഴ്ച ഇവര്‍ താമസിക്കുന്ന ദമാമിലെ വില്ലയോട് ചേര്‍ന്നുള്ള നീന്തല്‍കുളത്തില്‍ വീണാണ് നവാസിന്റെ രണ്ട് കുട്ടികളും ഗുജറാത്തി സ്വദേശിയുടെ ഏഴ് വയസ്സുകാരനുള്‍പ്പടെ മൂന്ന് കുട്ടികള്‍ മരണപ്പെടുന്നത്. 

വര്‍ഷങ്ങളായി വെള്ളമില്ലാതെ ഉപയോഗശൂന്യമായി കിടന്നതായിരുന്നു നീന്തല്‍കുളം. എന്നാല്‍ അപ്രതീക്ഷിതമായി ദമാമിലുണ്ടായ മഴ കാരണം ഈ കുളത്തില്‍ ചെളിവെള്ളം വന്ന് നിറയുകയായിരുന്നു. ഇതേ വില്ലയിലെ താമസക്കാരനായ ഗുജറാത്ത് സ്വദേശിയുടെ മകന്‍ എങ്ങനെയോ വെള്ളത്തില്‍ അകപ്പെട്ടു. ഈ കുട്ടിയെ രക്ഷപ്പെടുത്താനായി നവാസിന്റെ മക്കളായ ഷഫാനും ഷമാസും ശ്രമിക്കവേയാണ് ഈ കുട്ടികളും വെള്ളത്തില്‍ വീണത്.
ബഹളം കേട്ട് ഓടിയെത്തിയ നവാസും കൂട്ടൂകാരും കുട്ടികളെ കുളത്തില്‍ നിന്ന് രക്ഷിച്ച് ഹോസ്പിറ്റലിലെത്തിച്ചുവെങ്കിലും മൂന്ന് കുട്ടികളും അമിതമായി ചെളിവെള്ളം കുടിച്ചതിനാല്‍ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലയ്ക്കുകയും മൂന്നു കുട്ടികളും മരണത്തിന് കീഴ്‌പ്പെടുകയായിരുന്നു. 

നവാസ്- സൗമി ദമ്പതികളുടെ വിവാഹം കഴിഞ്ഞിട്ട് പതിമൂന്ന് വര്‍ഷം കഴിയുന്നു. ഒരുപാട് പ്രാര്‍ത്ഥനകളുടേയും ചികിത്സയുടേയും ഫലമായി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ക്ക് മക്കള്‍ പിറന്നത്.

Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.