Latest News

കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ദേശീയ പാത ആറുവരി

തിരുവനന്തപുരം: കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ ദേശീയപാത ആറുവരിയായി വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. 45 മീറ്ററില്‍ നാലുവരിപ്പാതയെന്ന മുന്‍ തീരുമാനമാണ് ഭാവിയിലെ വാഹനപ്പെരുപ്പം കൂടി കണക്കിലെടുത്ത് ആറുവരിപ്പാതയാക്കുന്നത്.[www.malabarflash.com] 

സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ദേശീയപാത അധികൃതര്‍ പാതയുടെ രൂപരേഖ പുതുക്കി. പുതിയ രൂപരേഖയനുസരിച്ച് ഇരുവശങ്ങളിലുമായി 21 മീറ്റര്‍ വീതിയിലാണ് ആറുവരിപ്പാത നിര്‍മിക്കുക.
15 മീറ്ററില്‍ നാലുവരിപ്പാത നിര്‍മിക്കാനായിരുന്നു നേരത്തേയുള്ള തീരുമാനം. മീഡിയനുകളുടെ വീതി രണ്ടുമുതല്‍ മൂന്നുമീറ്റര്‍ വരെയായി കുറയ്ക്കും. നേരത്തേ ഇതു നാലുമുതല്‍ അഞ്ചുമീറ്റര്‍ വരെയായിരുന്നു. ഇരുവശങ്ങളിലുമുള്ള സര്‍വീസ് റോഡുകളുടെ വീതി ഏഴു മീറ്ററില്‍നിന്ന് അഞ്ചര മീറ്ററായി കുറയും.
നാലുവരിപ്പാത പദ്ധതി ആറുവരിപ്പാതയാക്കുമ്പോള്‍ ചെലവ് 20 ശതമാനത്തോളം വര്‍ധിക്കും. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം കേന്ദ്രസര്‍ക്കാരും അംഗീകരിച്ചതോടെയാണ് രൂപരേഖ പുതുക്കല്‍ തുടങ്ങിയത്. 

ആദ്യഘട്ടമായി കാസര്‍കോട് ജില്ലയിലെ ആറുവരിപ്പാത നിര്‍മാണം മേയ് ഒന്നിനു തുടങ്ങാന്‍ കഴിയുമെന്നാണ് ദേശീയപാത അധികൃതര്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളത്.
കാസര്‍കോട് ജില്ലയിലെ സ്ഥലമേറ്റെടുപ്പ് 65 ശതമാനം പൂര്‍ത്തിയായി. സ്ഥലമേറ്റെടുപ്പ് 60 ശതമാനം പൂര്‍ത്തിയാക്കിയാല്‍ നിര്‍മാണത്തിനു ടെന്‍ഡര്‍ നല്‍കാമെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഉറപ്പ്. കാസര്‍കോട് ജില്ലയില്‍ മാത്രം ഏകദേശം 3000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ടെന്‍ഡര്‍ നടപടികള്‍ അടുത്തമാസം പകുതിയോടെ തുടങ്ങും.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ കണ്ണൂരും കോഴിക്കോട്ടും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മൂന്നു വര്‍ഷത്തിനുള്ളില്‍ വികസനം പൂര്‍ത്തിയാക്കും. പരാതിയുള്ള മേഖലകളില്‍ അലൈന്‍മെന്റ് പുതുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. 

സ്ഥലമേറ്റെടുക്കാന്‍ തീരെ നിര്‍വാഹമില്ലാത്ത മേഖലകളില്‍ ചെറിയ വിട്ടുവീഴ്ചകള്‍ക്കു സര്‍ക്കാര്‍ സന്നദ്ധമാകുമെന്നും സൂചനകളുണ്ട്.
(കടപ്പാട്: മനോരമ)


Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.