Latest News

തലശ്ശേരി ജഗന്നാഥ ക്ഷേത്രോത്സവത്തിനിടയില്‍ ബി ജെ പി -സി പി എം സംഘര്‍ഷം

തലശ്ശേരി: ജഗന്നാഥ ക്ഷേത്ര ഉത്സവാഘോഷ സ്ഥലത്ത് ബി ജെ പി -സി പി എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നാലരവയസ്സുകാരന്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്. പോലീസ് ലാത്തിവീശി.[www.malabarflash.com]
ചൊവ്വാഴ്ച ജഗന്നാഥക്ഷേത്രോത്സവത്തിനിടയില്‍ രാത്രി പത്തരയോടെയാണ് സംഭവങ്ങളുടെ തുടക്കം. പള്ളിവേട്ട പുറപ്പെടാന്‍ തുടങ്ങുന്നതിന് മുമ്പാണ് അക്രമസംഭവങ്ങളുണ്ടായത്. 16 പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റ ബി ജെ പി പ്രവര്‍ത്തകരെ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും സി പി എം പ്രവര്‍ത്തകരെ സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചു.
ചുവന്ന മുണ്ടും ചെഗുവേരയുടെ ടീഷര്‍ട്ടും ധരിച്ചെത്തിയ ഒരു സംഘം യുവാക്കള്‍ക്ക് സ്ഥലത്തുണ്ടായിരുന്ന യുവാക്കള്‍ അഭിവാദ്യമര്‍പ്പിച്ച് മുദ്രാവാക്യം വിളിച്ചതാണ് സംഘര്‍ഷത്തിന് കാരണമായി ആരോപിക്കുന്നത്. ഇതിനെ സ്ഥലത്തുണ്ടായിരുന്ന ആര്‍ എസ് എസ്-ബി ജെ പി പ്രവര്‍ത്തകര്‍ ചോദ്യംചെയ്തതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. 

എന്നാല്‍ പോലീസെത്തി സ്ഥിതിഗതികള്‍ നിയന്ത്രിച്ചെങ്കിലും കുറച്ച് സമയത്തിന് ശേഷം വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടായി. തുടര്‍ന്നാണ് പോലീസ് ലാത്തിവീശി വിരട്ടിയോടിച്ചത്. ഇതിന് ശേഷം ഇല്ലത്ത് താഴെ, പുതിയ റോഡ്, അറക്കുളം മുക്ക് എന്നിവിടങ്ങളില്‍ ഇരുവിഭാഗങ്ങളും അക്രമം നടത്തി. രക്ഷിതാക്കളോടൊപ്പം ഉത്സവം കാണാനെത്തിയ കോട്ടയം പൊയിലിലെ നാലരവയസ്സുകാരന്‍ നിവേദിനാണ് പരിക്കേറ്റത്. കുട്ടി സഹകരണാശുപത്രിയില്‍ ചികിത്സയിലാണ്.
ബി ജെ പി പ്രവര്‍ത്തകനായ ചാലക്കരയിലെ മീത്തലെ കേളോത്ത് ദീപകിന്റെ പി വൈ 3 8794 ബൈക്കാണ് നശിപ്പിച്ചത്. അക്രമത്തില്‍ ദീപക്കിനും പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഇല്ലത്ത് താഴയില്‍ ബോംബേറുണ്ടായത്. ബോംബേറില്‍ സി പി എം പ്രവര്‍ത്തകനായ വാഴയില്‍ വിജേഷി(35)ന് കാലിന് പരിക്കേറ്റിട്ടുണ്ട്. ഇവിടെയുള്ള ഹലുവ ചന്തയും അടിച്ച് തകര്‍ത്തിട്ടുണ്ട്. ബി ജെ പി പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നാണാരോപണം. 

വിവിധ സ്ഥലങ്ങളിലുണ്ടായ അക്രമസംഭവങ്ങളില്‍ പരിക്കേറ്റ ബി ജെ പി പ്രവര്‍ത്തകരായ എരഞ്ഞോളി പാലത്തിനടുത്തുള്ള റോഷിക്(28) ശ്രീരാഗ്(30) ടെമ്പിള്‍ ഗേറ്റിലെ കണ്ടോത്ത് ശ്രീനാഥ്(23) കോട്ടയം പൊയിലിലെ കേളോത്ത് അക്ഷയ്(30) ഈടന്‍ അനുരാഗ്(24) ദീപക് ദില്‍ജിത്ത് എന്നിവരെ ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിലും സി പി എം പ്രവര്‍ത്തകരായ കോട്ടയം പൊയിലിലെ ജബിന്‍(27) നിഖില്‍ (24) അഭിഷേക്(17) രഗിന്‍(24) എരുവട്ടിയിലെ അതുല്‍(19) പത്തായക്കുന്നിലെ വൈശാഖ്(29) ചമ്പാട്ടെ നോയല്‍ രാജ്(25) പുത്തൂരിലെ കെ ദിപിന്‍(17) എന്നിവരെ സഹകരണാശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. 

പരിക്കേറ്റവരില്‍ ചിലര്‍ക്ക് ഉത്സവാഘോഷ പരിപാടി കഴിഞ്ഞ് വീട്ടിലേക്ക് പോവുമ്പോഴും മറ്റുമാണ് മര്‍ദ്ദനമേറ്റത്. ഇല്ലത്ത് താഴെയില്‍ ചന്തക്ക് നേരെയുണ്ടായ അക്രമസംഭവത്തില്‍ പ്രതിഷേധിച്ച് കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചുവരികയാണ്.
ഇല്ലത്ത് താഴെ, ടെമ്പിള്‍ ഗേറ്റ് പ്രദേശങ്ങളില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. ഇല്ലത്ത് താഴെയുണ്ടായ ബോംബേറില്‍ കണ്ടാലറിയാവുന്ന പത്തോളം ബി ജെ പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. ജഗന്നാഥ ക്ഷേത്ര പരിസരത്തുണ്ടായ അക്രമസംഭവങ്ങളില്‍ മൂന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഡി വൈ എസ് പി പ്രിന്‍സ് അബ്രഹാം, സി ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, എസ് ഐ സുനില്‍ കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സുരക്ഷ.

Kannur News, Kerala Vartha, Malabarflash, Malabar news, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.